‘നരിവേട്ട’യിൽ വേഷമിട്ടത് ചീയമ്പം ഉന്നതിയിലെ 60ഓളം പേർ
text_fieldsബാലനും കുടുംബവും
പുൽപള്ളി: അഭിനയ പശ്ചാത്തലവും പഠനവുമില്ലെങ്കിലും വയനാട്ടിലെ ഒരു ആദിവാസി പണിയ കുടുംബത്തിലെ മുഴുവനാളുകളും ചലച്ചിത്ര അഭിനേതാക്കാളിന്ന്. ടൊവിനോ നായകനായ ‘നരിവേട്ട’ യിലാണ് ചീയമ്പം 73 ഉന്നതിയിലെ ബാലനും കുടുംബാംഗങ്ങളും അഭിനയിച്ചതും പാട്ടുപാടിയതും.
ചിത്രത്തിൽ ഉന്നതിയിലെ 60ൽ പരം ആളുകൾ വേഷമിട്ടിട്ടുണ്ട്. അഭിനയിക്കാൻ അവസരം ലഭിച്ചപ്പോൾ കുടുംബത്തിലെ അംഗങ്ങളെല്ലാം ഇതിന് തയാറായി. ഗോത്ര വിഭാഗക്കാരുടെ പ്രയാസങ്ങൾ പ്രമേയമായ ചിത്രമാണ് നരിവേട്ട. വയനാട്ടിൽ തന്നെയായിരുന്നു സിനിമ ചിത്രീകരണം. ഒരുമാസത്തോളം ഇവർ കുടുംബാംഗങ്ങളുമൊത്ത് ചിത്രീകരണ സ്ഥലത്ത് സജീവമായിരുന്നു.
ചീയമ്പം 73 ഉന്നതിയിലെ ബാലൻ, ഭാര്യ കമലാക്ഷി, മക്കളായ അമ്പിളി, സൂര്യ എന്നിവരും മരുമകൻ പ്രസാദും പ്രസാദിന്റെ കുട്ടികളുമടക്കം ചിത്രത്തിൽ വേഷമിട്ടു. സിനിമയിൽ ബാലനും പ്രസാദും രചിച്ച ഗാനങ്ങളുമുണ്ട്. ഇവർ തന്നെയാണ് സിനിമയിൽ പാടിയതും. മഴക്കാലം കഴിഞ്ഞ് മറ്റൊരു സിനിമയിലും അഭിനയിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്. വയനാട് തുടിതാളം പാട്ടുകൂട്ടത്തിലെ അംഗം കൂടിയായ പ്രസാദ് മികച്ച ഗാനരചയിതാവും ഗായകനും കൂടിയാണ്.