വിദ്യാർഥിനിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് കൊണ്ടുപോകാൻ വൈകിയെന്ന് പരാതി
text_fieldsമീന
പുൽപള്ളി: പനി ബാധിച്ച് മരിച്ച വിദ്യാർഥിനിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് കൊണ്ടുപോകാൻ വൈകിയതായി പരാതി. പുൽപള്ളി കൊട്ടമുരട്ട് ഉന്നതിയിലെ അമ്മിണിയുടെ മകൾ മീനയാണ് (17) മരിച്ചത്. വെള്ളിയാഴ്ച രാവിലെ 10ഓടെയാണ് വിദ്യാർഥിനിയെ പുൽപള്ളി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്.
12 മണിയോടെ മരിക്കുകയായിരുന്നു. തുടർന്ന് ബന്ധുക്കൾ പുൽപള്ളി പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. ഇവർ താമസിക്കുന്ന സ്ഥലം കേണിച്ചിറ സ്റ്റേഷൻ പരിധിയിലാണെന്ന് പുൽപള്ളി പൊലീസ് അറിയിച്ചു. തുടർന്ന് ബന്ധുക്കൾ ഉച്ചക്ക് കേണിച്ചിറ സ്റ്റേഷനിലും പോയി വിവരം അറിയിച്ചു. എന്നാൽ, വൈകീട്ട് ആറുമണി കഴിഞ്ഞാണ് പൊലീസ് എത്തിയത്. 6.30ഓടെയാണ് ഇൻക്വസ്റ്റ് നടപടി ആരംഭിച്ചത്.
രാത്രി എട്ടു മണിക്കു ശേഷമാണ് മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ബത്തേരി ആശുപത്രിയിലേക്ക് കൊണ്ടുപോയത്. പുൽപള്ളി കൃപാലയ സ്പെഷൽ സ്കൂളിലെ വിദ്യാർഥിയാണ്. മീനയുടെ മരണവിവരം അറിയിച്ചിട്ടും യഥാസമയം തുടർനടപടിക്കായി പൊലീസ് എത്താത്തത് പ്രതിഷേധത്തിനിടയാക്കി. തങ്ങളെ അങ്ങോട്ടും ഇങ്ങോട്ടും നടത്തിക്കുകയായിരുന്നു എന്ന് ബന്ധുവായ ചാത്തി പറഞ്ഞു.