കോൺഗ്രസ് ഗ്രൂപ്പ് പോരിന് മറ്റൊരു ഇര കൂടി
text_fieldsജോസിന്റെ മൃതദേഹം പൊതുദർശനത്തിന് വെച്ചപ്പോൾ
പുൽപള്ളി: പെരിക്കല്ലൂരിലെ വ്യാജക്കേസിൽ ആരോപണവിധേയനായ പഞ്ചായത്തംഗത്തെ മരിച്ച നിലയിൽ കണ്ടെത്തിയതോടെ കോൺഗ്രസിനകത്തെ ഗ്രൂപ്പ് പോരിന് മറ്റൊരു ഇര കൂടി. മുള്ളൻകൊല്ലി പഞ്ചായത്ത് രണ്ടാം വാർഡ് മെംബർ ജോസ് നെല്ലേടമാണ് വെള്ളിയാഴ്ച ആത്മഹത്യ ചെയ്തത്. വീടിനടുത്തെ കുളത്തിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാജ കേസിൽ കുടുങ്ങിയ തങ്കച്ചൻ തനിക്കെതിരായ കേസിന് പിന്നിൽ ജോസ് നെല്ലേടവും ഡി.സി.സി നേതാക്കളുമാണെന്ന് പറഞ്ഞിരുന്നു.
വയനാട്ടിലെ ഗ്രൂപ്പ് തർക്കത്തിന്റെ അവസാനത്തെ ഇരയാണ് ജോസെന്നാണ് ആരോപണം. ജനപ്രതിനിധിയെന്ന നിലയിൽ ലഭിച്ച സന്ദേശം പൊലീസിന് കൈമാറുക മാത്രമാണ് ചെയ്തതെന്നും നിജസ്ഥിതി കണ്ടെത്തേണ്ടിയിരുന്നത് പൊലീസാണെന്നുമാണ് ആരോപണത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രതികരണം. സ്ഫോടക വസ്തു കേസിനെ കുറിച്ച് കൂടുതലൊന്നും അറിയില്ലെന്നും ജോസ് നെല്ലേടം പറഞ്ഞിരുന്നു. വീട്ടിൽ നിർത്തിയിട്ടിരുന്ന കാറിന് സമീപത്തുനിന്ന് മദ്യവും സ്ഫോടക വസ്തുക്കളും കണ്ടെത്തിയതിനെ തുടർന്ന് കോൺഗ്രസ് പ്രവർത്തകൻ കൂടിയായ തങ്കച്ചനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് തങ്കച്ചന്റെ വീട്ടിൽ പരിശോധനക്ക് എത്തിയത്. നിരപരാധിയെന്ന് തുടക്കം മുതൽ തങ്കച്ചൻ പറയുന്നുണ്ടെങ്കിലും പൊലീസ് വകവെച്ചില്ല. തൊട്ടടുത്ത ദിവസം മൂന്നരയോടെ തങ്കച്ചനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്തു. തുടർന്നുള്ള അന്വേഷണത്തിൽ തങ്കച്ചൻ നിരപരാധിയാണെന്ന് കണ്ടെത്തുന്നതും കേസിൽ മദ്യം വാങ്ങിയ ആളെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
മുള്ളൻകൊല്ലിയിൽ നടന്ന കോൺഗ്രസിന്റെ പഞ്ചായത്ത് വികസന സമിതി യോഗത്തിനിടെ നടന്ന ചില സംഭവങ്ങളാണ് പ്രശ്നങ്ങൾക്ക് കാരണമായത്. സംഭവത്തിന് ശേഷം ഡി.സി.സി സെക്രട്ടറി വീട്ടിൽ കിടത്തിയുറക്കില്ലെന്ന് ഭീഷണി മുഴക്കിയെന്നും തങ്കച്ചൻ പറഞ്ഞു. രണ്ടാം വാർഡിലെ പഞ്ചായത്ത് മെംബർ, പെരിക്കല്ലൂർ ആസ്ഥാനമായ ഓൺലൈൻ മീഡിയ, മുള്ളൻകൊല്ലിയിലെ മുൻമണ്ഡലം പ്രസിഡന്റ്, മണ്ഡലം ട്രഷറർ അടക്കമുള്ളവർക്ക് ഇതിൽ പങ്കുണ്ടെന്നും ഡി.സി.സി അധ്യക്ഷൻ എൻ.ഡി. അപ്പച്ചന്റെ പങ്ക് സംശയിക്കുന്നതായും തങ്കച്ചൻ പറഞ്ഞിരുന്നു.
പ്രതിഷേധവുമായി ഇടതുപക്ഷം
കൽപറ്റ: ക്രിമിനൽ നേതൃത്വത്തിന് കീഴിൽ ജില്ലയിൽ കോൺഗ്രസ് കൊലയാളി സംഘമായെന്ന് സി.പി.എം ജില്ല സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. മുള്ളൻകൊല്ലി പഞ്ചായത്ത് അംഗവും കോൺഗ്രസ് നേതാവുമായ ജോസ് നേല്ലേടത്തിന്റെ മരണം ഞെട്ടിക്കുന്നതാണ്. അധികാരത്തിനും പണത്തിനും വേണ്ടിയുള്ള നേതാക്കളുടെ പോരിന്റെ ഒടുവിലത്തെ ഇരയാണ് ജോസ്. മുള്ളൻകൊല്ലി പഞ്ചായത്ത് രണ്ടാം വാർഡ് പ്രസിഡന്റ് തങ്കച്ചനെ കള്ളക്കേസിൽ കുടുക്കി ജയിലിലടച്ചതിന്റെ തുടർച്ചയാണ് ജോസിന്റെ മരണം.
നേതാക്കളുടെ സാമ്പത്തിക തട്ടിപ്പിൽ കുരുങ്ങി ഡി.സി.സി ട്രഷറർ എൻ.എം. വിജയനും മകനും ജീവനൊടുക്കിയതിന്റെ ഞെട്ടൽ മാറുംമുമ്പാണ് പഞ്ചായത്ത് അംഗത്തിനും ആത്മഹത്യ ചെയ്യേണ്ടിവന്നത്. മാനന്തവാടിയിലെ മുതിർന്ന നേതാവും ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമായിരുന്ന പി.വി. ജോൺ മുമ്പ് കോൺഗ്രസ് ഓഫിസിൽ തന്നെ ജീവനൊടുക്കിയതാണ്.
തദ്ദേശ തെരഞ്ഞെടുപ്പിൽ നേതാക്കൾ കാലുവാരി തോൽപ്പിച്ചതിനെ തുടർന്നായിരുന്നു മരണം. പുൽപള്ളിയിൽ നേതാക്കളുടെ സാമ്പത്തിക തട്ടിപ്പിൽ കുരുങ്ങി കർഷകനും കോൺഗ്രസ് പ്രവർത്തകനുമായിരുന്ന രാജേന്ദ്രൻ നായർക്കും ജീവനൊടുക്കേണ്ടിവന്നു. ജില്ലയിലെ കോൺഗ്രസാകെ കൊലയാളി കൂട്ടമായി. സാമ്പത്തിക നേട്ടത്തിനും അധികാരത്തിനുമായി ക്രിമിനൽ സംഘമായ നേതാക്കളെ ജനങ്ങൾ തിരിച്ചറിയണമെന്നും സി.പി.എം പ്രസ്താവനയിൽ പറഞ്ഞു.
അധോലോക മാഫിയയെ പോലും വെല്ലുന്ന വിധം വയനാട്ടിലെ കോൺഗ്രസ് നേതൃത്വം തരംതാണിരിക്കുന്നുവെന്ന് സി.പി.ഐ ജില്ല സെക്രട്ടറി ഇ.ജെ. ബാബു. ഡി.സി.സി ട്രഷററായിരുന്ന എൻ.എം. വിജയന്റേയും മകന്റെയും മരണം മുതൽ ഏറ്റവും ഒടുവിലായി പുൽപള്ളിയിലെ കോൺഗ്രസ് നേതാവായ പഞ്ചായത്ത് മെംബറുടെ മരണം വരെയുള്ള സംഭവവികാസങ്ങൾ ഇതാണ് സൂചിപ്പിക്കുന്നത്.
കോൺഗ്രസിന്റെ മണ്ഡലം ഭാരവാഹിയെ കള്ളക്കേസിൽ കുടുക്കാനും ജയിലിൽ അടപ്പിക്കുവാനും ഡി.സി.സി പ്രസിഡന്റ് ഒത്താശ നൽകി. അടുത്തകാലത്ത് കോൺഗ്രസിന്റെ പ്രവർത്തകരും നേതാക്കന്മാരുമായ മൂന്നുപേരാണ് മരണപ്പെട്ടത്. കോൺഗ്രസ് നേതാക്കളുടെ മാഫിയ പ്രവർത്തനങ്ങളെ സംബന്ധിച്ചും പഞ്ചായത്ത് അംഗത്തിന്റെ മരണത്തെ സംബന്ധിച്ചും സമഗ്ര അന്വേഷണം നടത്തണമെന്ന് ഇ.ജെ. ബാബു ആവശ്യപ്പെട്ടു.
വ്യാജക്കേസിൽ ആരോപണവിധേയനായ പഞ്ചായത്തംഗം മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കോൺഗ്രസ് രാഷ്ട്രീയത്തിലെ ക്രിമിനൽ വൽക്കരണത്തിലേക്കാണ് ചൂണ്ടുന്നതെന്ന് രാഷ്ട്രീയ യുവജനതാദൾ ജില്ല പ്രസിഡന്റ് പി.പി. ഷൈജൽ. വ്യാജ കേസിൽ കുടുങ്ങിയ തങ്കച്ചൻ തനിക്കെതിരായ കേസിന് പിന്നിൽ ചില നേതാക്കളുമാണെന്ന് പറഞ്ഞിരുന്നു. ജില്ലയിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ സ്വന്തം പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കലും മരണത്തിലേക്ക് തള്ളിവിടലും അടക്കമുള്ള ക്രിമിനൽ പ്രവർത്തനമാണ് നടത്തുന്നത്.
വിഷയങ്ങൾ ഇടപെടാൻ എ.ഐ.സി.സി ജനറൽ സെക്രട്ടറി കൂടിയായ വയനാടിന്റെ എം.പി പോലും തയാറാവുന്നില്ലെന്നത് ഗൗരവത്തിൽ കാണേണ്ട വിഷയമാണെന്നും അദ്ദേഹം പറഞ്ഞു. ജോസ് നെല്ലാടത്തിന്റെ ആത്മഹത്യയിൽ അന്വേഷണം നടത്തണമെന്ന് ആർ.ജെ.ഡി സംസ്ഥാന കമ്മിറ്റി അംഗം പി.കെ. അനിൽകുമാർ. മുള്ളൻകൊല്ലി മണ്ഡലം കോൺഗ്രസ് കമ്മിറ്റി അംഗവും ബൂത്ത് പ്രസിഡന്റുമായ കോൺഗ്രസ് നേതാവിനെ കള്ളക്കേസിൽ കുടുക്കിയതുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുമ്പോഴാണ് മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് അംഗം ജോസ് നെല്ലടത്തിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് വഴക്കിന്റെ ഭാഗമാണോ ആത്മഹത്യയെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.