അതിർത്തി ഗ്രാമങ്ങളിലെ ക്ഷീര കർഷകർ ദുരിതത്തിൽ
text_fieldsകർണാടകയിലെ അതിർത്തി പ്രദേശമായ മച്ചൂരിൽ സ്വകാര്യ കമ്പനിക്ക് വേണ്ടി പാൽ ശേഖരിക്കുന്നു
പുൽപള്ളി: കർണാടക അതിർത്തി ഗ്രാമങ്ങളിലെ ക്ഷീര കർഷകരിൽനിന്ന് പാൽ ശേഖരിക്കുന്നത് മിൽമക്ക് നിർത്തേണ്ടിവന്നതോടെ കർഷകർ ദുരിതത്തിൽ. കുറഞ്ഞ വിലക്ക് പാൽ വിൽക്കേണ്ട ഗതികേടിലാണിപ്പോൾ കർഷകർ. ഇവിടുത്തെ കർഷകരിൽനിന്ന് പാൽ ശേഖരിക്കരുതെന്ന് മിൽമക്ക് കർണാടകയിലെ പാൽ സംഭരണ ഏജൻസി നോട്ടീസ് നൽകിയതാണ് കർഷകരെ ദുരിതത്തിലാക്കിയത്.
വയനാട്ടിലെ കബനിഗിരി, കാട്ടിക്കുളം, പെരിക്കല്ലൂർ ക്ഷീര സംഘങ്ങളിലായിരുന്നു ഇവർ സമീപകാലംവരെ പാൽ നൽകിയിരുന്നത്. എന്നാൽ, കർണാടക സർക്കാരിന് കീഴിലുള്ള പാൽ ഏജൻസി കേരളത്തിലേക്ക് കർഷകർ പാൽ നൽകേണ്ടെന്ന തീരുമാമെടുക്കുകയായിരുന്നു. ഏറ്റവും കൂടുതൽ ക്ഷീര കർഷകർ പാൽ നൽകിയിരുന്നത് കബനിഗിരി ക്ഷീര സംഘത്തിലായിരുന്നു. പ്രതിദിനം 300 ലിറ്ററോളം പാൽ കൊടുത്തിരുന്നു. കേരളത്തെ അപേക്ഷിച്ച് കർണാടകയിൽ പാലിന് വിലകുറവാണ്.
ക്ഷീര സംഘത്തിൽ പാൽ നൽകുമ്പോൾ ലിറ്ററിന് 45 രൂപ വരെ ലഭിക്കാറുണ്ടായിരുന്നു. ഇപ്പോൾ ലഭിക്കുന്നത് 32 രൂപ മാത്രമാണ്. മറ്റ് ആനുകൂല്യങ്ങളും ലഭിക്കില്ല. മച്ചൂർ കേന്ദ്രമായി കർണാടക പാൽ സംഭരണം ആരംഭിച്ചിരുന്നു. കുറഞ്ഞ വിലയായതിനാൽ ഇവിടേക്ക് കർഷകർ പാൽ നൽകുന്നില്ല. ഈ അവസരം മുതലെടുക്കാൻ സ്വകാര്യ കമ്പനി രംഗത്ത് എത്തിയിരിക്കുകയാണ്. 35 രൂപ തോതിലാണ് പാൽ ശേഖരിക്കുന്നത്. നിലവിലെ അവസ്ഥയിൽ തങ്ങൾക്ക് നഷ്ടം മാത്രമാണ് ഉണ്ടാകുന്നതെന്ന് കർഷകർ പറയുന്നു.
നൂറോളം ക്ഷീര കർഷകർ ഈ പ്രദേശത്തുണ്ട്. കർണാടക അതിർത്തിയിലെ കർഷകരിൽനിന്ന് പാൽ സംഭരിക്കരുതെന്ന് കാണിച്ച് മൈസൂർ ക്ഷീര സംഘം മിൽമയുടെ മലബാർ മേഖല ഡയറക്ടർക്കാണ് കത്ത് നൽകിയത്. ഇതോടെയാണ് കർഷകർക്ക് പാൽ കേരളത്തിലേക്ക് കൊണ്ടുവന്ന് വിൽപന നടത്താൻ പറ്റാതായത്.