ഇരുളം ഭൂസമരം; ആദിവാസി കുടുംബങ്ങൾക്ക് ദുരിതജീവിതം
text_fieldsപുൽപള്ളി: പത്തു വർഷം മുമ്പ് ഇരുളത്ത് ഭൂമിക്കുവേണ്ടി കുടിൽ കെട്ടി സമരം ആരംഭിച്ച ആദിവാസി കുടുംബങ്ങളുടെ ജീവിതം ദുരിതപൂർണം. വന്യമൃഗശല്യമടക്കം വിവിധ പ്രശ്നങ്ങളിൽ ഉഴലുകയാണിവർ. കുടിൽ കെട്ടി സമരം ആരംഭിച്ചിട്ട് പതിറ്റാണ്ട് പിന്നിട്ടിട്ടും കുടുംബങ്ങൾക്ക് ഭൂമി ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തീർപ്പുണ്ടാക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല.
വിവിധ സംഘടനകളുടെ നേതൃത്വത്തിലാണ് ഇരുളം അടക്കമുള്ള കേന്ദ്രങ്ങളിൽ കുടിൽ കെട്ടി സമരം ആരംഭിച്ചത്. നൂറുകണക്കിന് കുടുംബങ്ങൾ കൈയേറ്റ ഭൂമിയിൽ താമസിക്കുന്നുണ്ട്. ആദ്യ ഘട്ടത്തിൽ സമരം ചെയ്തവരെ ഇവിടെനിന്ന് ഒഴിപ്പിക്കുകയും ജയിലിൽ അടക്കുകയും ചെയ്തിരുന്നു. എന്നാൽ, ജയിലിൽനിന്ന് ഇറങ്ങിയവർ വീണ്ടും ഇവിടെത്തന്നെ താമസം ആരംഭിക്കുകയായിരുന്നു.
കാപ്പിയും കുരുമുളകും അടക്കമുള്ള കാർഷിക വിളകൾ ഇവർ നട്ടുപിടിപ്പിച്ചിരുന്നു. എന്നാൽ, കൃഷികൾ വലുതായിട്ടും ഇതിൽനിന്നുള്ള വരുമാനം ഇവർക്ക് ലഭിക്കുന്നില്ല. കാട്ടുപന്നി അടക്കമുള്ള വന്യജീവികൾ കൃഷി നശിപ്പിക്കുന്നതാണ് കാരണം.
മാനും കാട്ടാനയുമടക്കമുള്ള വന്യമൃഗങ്ങൾ ഇവർ താമസിക്കുന്ന കേന്ദ്രങ്ങളിൽ എത്താറുണ്ട്. മുമ്പ് നിരവധി കുടിലുകളും ആന തകർത്തിട്ടുണ്ട്. വേനലായതോടെ കുടുംബങ്ങൾ വെള്ളത്തിനായി അലയേണ്ട സ്ഥിതിയാണ്. ഏറെദൂരം നടന്ന് തലച്ചുമടായാണ് വെള്ളം കൊണ്ടുവരുന്നത്. ജലക്ഷാമം രൂക്ഷമായതോടെ പണം കൊടുത്താണ് പലരും വെള്ളം വാങ്ങുന്നത്.
ഭൂമിക്ക് രേഖയില്ലാത്തതിനാൽ വൈദ്യുതിയും ലഭിച്ചിട്ടില്ല. ഭൂമി ലഭ്യമാക്കുന്ന കാര്യത്തിൽ നാളിതുവരെ തീരുമാനമൊന്നും ഉണ്ടായിട്ടുമില്ല. വനത്തിനോട് ചേർന്ന പ്രദേശത്താണ് ഈ കുടുംബങ്ങളെല്ലാം കഴിയുന്നത്. രാത്രിയായാൽ വന്യജീവികളെ പേടിച്ച് പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യമാണ്.