ഏഴാം കൊല്ലം പാടം മറച്ച സ്വർണമാല ജാനകിയെ തേടിയെത്തി
text_fieldsഏഴുവർഷം മുമ്പ് കളഞ്ഞുപോയ സ്വർണമാല ജാനകി മൂപ്പത്തിക്ക് ഔസേപ്പച്ചൻ കൈമാറുന്നു
പുൽപള്ളി: കഴിഞ്ഞ ദിവസം ഉച്ചക്കാണ് പുൽപള്ളി കാപ്പിക്കുന്ന് സ്വദേശിയായ ജാനകി മൂപ്പത്തിയുടെ ഫോണിലേക്ക് ഒരു വിളി വന്നത്. കുറച്ചു സമയം കഴിഞ്ഞപ്പോൾ മൂപ്പത്തിയുടെ വീട്ടുമുറ്റത്ത് വർഷങ്ങൾക്കുമുമ്പ് തൊഴിലുറപ്പിൽ ഒപ്പം പണിയെടുത്ത അയൽവാസി പാറപ്പുറത്ത് ഔസേപ്പച്ചൻ.
തന്റെ കീശയിൽനിന്ന് ഒരു മാല പുറത്തെടുത്ത് മൂപ്പത്തിയോടൊരു ചോദ്യം. ഈ മാല ഓർമയുണ്ടോ? ഒരു നിമിഷം ജാനകി മൂപ്പത്തി പകച്ചുപോയി. വർഷങ്ങൾക്കുമുമ്പ് തനിക്ക് നഷ്ടപ്പെട്ട ഒന്നര പവൻ തൂക്കമുള്ള സ്വർണമാല.
ഏഴുവർഷം മുമ്പ് 2018 മേയ് മാസത്തിലാണ് ജാനകി മൂപ്പത്തി, അതുവരെ തൊഴിലുറപ്പിൽനിന്നു ലഭിച്ച കൂലിയും പോത്തിനെ വിറ്റു കിട്ടിയ പണവും ചേർത്ത് ഒന്നര പവൻ തൂക്കമുള്ള സ്വർണമാല വാങ്ങിയത്. കാപ്പിക്കുന്ന് പുതിയിടം മാക്കുറ്റിയലിലെ തന്റെ ഉന്നതിയിലെ ആർക്കുമില്ലാത്ത അത്ര വലുപ്പത്തിൽ ഒരു സ്വർണമാല വാങ്ങി അണിയണമെന്ന ആഗ്രഹമായിരുന്നു സാധിച്ചത്.
മാല കണ്ട് എല്ലാവരും അസൂയയോടെയാണ് ജാനകിയെ നോക്കിയത്. ഒരുദിവസം തൊഴിലുറപ്പിനിടയിൽ ആരോ ചോദിച്ചപ്പോഴാണ് മാല വീണുപോയ കാര്യം എല്ലാവരും അറിയുന്നത്. എല്ലായിടത്തും തിരഞ്ഞെങ്കിലും മാല കിട്ടിയില്ല. കഴിഞ്ഞ ദിവസം ഔസേപ്പച്ചൻ സമീപവാസിയുടെ കൃഷിയിടത്തിൽ അടയ്ക്ക പെറുക്കുമ്പോൾ പുല്ലുകൾക്കിടയിൽ എന്തോ തിളങ്ങുന്നത് കണ്ടു നോക്കിയപ്പോഴാണ് സ്വർണമാല കിട്ടുന്നത്. ആദ്യം ഗ്യാരണ്ടി മാലയാണെന്നാണ് കരുതിയത്.
കഴുകി നോക്കിയപ്പോൾ സ്വർണമാലയെന്ന് തെളിഞ്ഞു. അപ്പോഴാണ് വർഷങ്ങൾക്കുമുമ്പ് തന്നോടൊപ്പം തൊഴിലുറപ്പിലുണ്ടായിരുന്ന ജാനകി മൂപ്പത്തിയെ ഓർമ വന്നത്. ഉടൻതന്നെ വിവരം തന്റെ ഭാര്യ നാൻസിയെ വിളിച്ച് അറിയിച്ചു. തുടർന്നാണ് മാല ജാനകി മൂപ്പത്തിയുടെ പക്കൽ വീണ്ടുമെത്തിച്ചേർന്നത്.
കാലങ്ങൾക്കുശേഷം അഭിമാനത്തോടെ മാല വീണ്ടും കഴുത്തിലണിഞ്ഞപ്പോൾ ജാനകി മൂപ്പത്തിക്ക് സന്തോഷക്കണ്ണീർ. ഭർത്താവ് കരിമ്പനും ഒറ്റവാക്കിൽ പറഞ്ഞു, എല്ലാം ഒരു സ്വപ്നം പോലെ...