പാമ്പ്ര, മരിയനാട് ഭൂസമരം; ആദിവാസി കുടുംബങ്ങൾ ദുരിതത്തിൽ
text_fields1. പാമ്പ്ര, മരിയനാട് കാപ്പിത്തോട്ടം കൈയേറി കുടിൽകെട്ടി താമസിക്കുന്ന ആദിവാസി കുടുംബം 2. ഭൂസമരത്തിന്റെ ഭാഗമായി പാമ്പ്ര, മരിയനാട് കാപ്പിത്തോട്ടം കൈയേറി കെട്ടിയ കുടിലുകൾ
പുൽപള്ളി: ഭൂസമരത്തിന്റെ ഭാഗമായി പാമ്പ്ര, മരിയനാട് കാപ്പിത്തോട്ടം കൈയേറിയ ആദിവാസി കുടുംബങ്ങൾ ദുരിതത്തിൽ. മൂന്നുവർഷത്തോളമായി തുടരുന്ന സമരത്തിന് തീർപ്പുണ്ടാക്കാൻ ഇന്നും കഴിഞ്ഞിട്ടില്ല. മരിയനാട് എസ്റ്റേറ്റ് ഭൂരഹിതരായ ആദിവാസികൾക്ക് പതിച്ചു നൽകുകയെന്ന മുദ്രാവാക്യം മുഴക്കിയാണ് ആദിവാസി ഗോത്ര മഹാസഭയുടെയും ഇരുളം ഭൂസമര സമിതിയുടേയും നേതൃത്വത്തിൽ സമരം ആരംഭിച്ചത്. വന്യജീവികൾ വിഹരിക്കുന്ന ഇവിടെ 400ഓളം കുടുംബങ്ങളാണ് കുടിൽകെട്ടി താമസിക്കുന്നത്. മിക്ക ദിവസങ്ങളിലും ഇവർ പട്ടിണിയിലുമാണ്. തൊഴിലില്ലാത്തതാണ് പ്രധാന കാരണം.
2022 മേയ് 31നാണ് ഭൂസമരം ആരംഭിക്കുന്നത്. ഭൂമിക്കായി ഇവർ കയറിയിറങ്ങാത്ത സർക്കാർ ഓഫിസുകളില്ല. ആദിവാസികൾക്കായി ഭൂമി കൈ മാറ്റത്തിനുള്ള വിജ്ഞാപനം വന്നതോടെയാണ് വനവിഭവ കോർപറേഷൻ മരിയനാട് എസ്റ്റേറ്റിലെ പ്രവർത്തനം അവസാനിപ്പിച്ചത്. നിലവിൽ ഓരോ കുടുംബങ്ങളും ഭൂമിയളന്ന് തിരിച്ച് കുടിൽകെട്ടി താമസിക്കുകയാണ്. തീർത്തും ഒറ്റപ്പെട്ട് കിടക്കുന്ന സ്ഥലത്താണ് ഇവർ താമസിക്കുന്നത്. വെള്ളം, വെളിച്ചം തുടങ്ങിയ സൗകര്യങ്ങളൊന്നുമില്ല. ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള ആദിവാസി കുടുംബങ്ങൾ ഇവിടെ കുടിൽകെട്ടി താമസിക്കുന്നുണ്ട്.