യാത്രക്കാർ കുറഞ്ഞു; തോണി സർവിസ് പ്രതിസന്ധിയിൽ
text_fieldsപെരിക്കല്ലൂരിലെ തോണി സർവിസ്
പുൽപള്ളി: യാത്ര ചെയ്യുന്നവരുടെ എണ്ണം കുറഞ്ഞതോടെ പെരിക്കല്ലൂർ കടവിൽ തോണി സർവിസ് പ്രതിസന്ധിയിൽ. ഇതോടെ ആറ് തോണികളിലെ ജീവനക്കാർക്ക് തൊഴിൽ അവസരം കുറഞ്ഞു. പെരിക്കല്ലൂർ തോണിക്കടവിൽ തോണി സർവിസ് തുടങ്ങിയിട്ട് ഒരു നൂറ്റാണ്ടിലേറെയായി. കബനിക്ക് കുറുകെ പെരിക്കല്ലൂരിൽ നിന്നും കർണാടകയിലെ ബൈരക്കുപ്പയിലേക്കാണ് തോണി സർവിസ്.
ഒരു കാലത്ത് ഇതു വഴിയാണ് നൂറുക്കണക്കിനാളുകൾ ബൈരക്കുപ്പയിലെത്തി മൈസൂർ, ബാംഗ്ലൂർ തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോയിരുന്നത്. യാത്ര സൗകര്യങ്ങൾ കൂടിയതോടെ തോണി വഴി സഞ്ചരിക്കുന്നവരുടെ എണ്ണവും കുറഞ്ഞു. നിലവിൽ വയനാട്ടിൽ തോണി സർവിസ് ഉള്ള ഏക മേഖലയാണിത്. തോണി യാത്ര ഇഷ്ടപ്പെടുന്ന ആളുകളും കബനിനദി കാണാനെത്തുന്ന സന്ദർശകരുമെല്ലാമാണ് കൂടുതലായും തോണിയിൽ കയറുന്നത്. ആളുകളുടെ കുറവ് വരുമാനത്തെ ബാധിച്ചതായി തോണിക്കടത്തുകാരനായ ശെൽവൻ പറഞ്ഞു.
മഴക്കാലമായതോടെ പുഴയിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ഇക്കാരണത്താൽ തോണിയിൽ കേറി യാത്രചെയ്യാൻ കൂടുതൽ ആളുകൾ തയാറാകുന്നുമില്ല. ബൈരക്കുപ്പയിൽ നിന്ന് പെരിക്കല്ലൂരിലെത്തി പഠിക്കുന്ന കുട്ടികളും കർഷക തൊഴിലാളികളുമാണ് തോണി സർവിസിന് ഇപ്പോൾ കൂടുതലായി ആശ്രയിക്കുന്നത്.