വരൾച്ചാ ആഘാതം കൂട്ടി തേക്കിൻ തോട്ടങ്ങൾ
text_fieldsപുൽപള്ളിയിലെ തേക്ക് തോട്ടം
പുൽപള്ളി: തേക്കിൻ കാടുകൾ വരൾച്ചക്ക് ആക്കം കൂട്ടുന്നതായി നാട്ടുകാർ. വരൾച്ചയും കാലാവസ്ഥാ വ്യതിയാനവും സജീവ ചർച്ചയായ വയനാടൻ വന ഭൂമിയിൽ നിന്ന് തേക്ക് മരതോട്ടങ്ങൾ ഒഴിവാക്കുന്നതിനുള്ള പദ്ധതികൾ ഇനിയും യാഥാർഥ്യമായിട്ടില്ല. വർഷങ്ങൾക്ക് മുമ്പ് വരുമാനം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പലയിടങ്ങളിലും തേക്ക് പ്ലാന്റേഷനുകൾ ആരംഭിച്ചത്.
വേനൽ ശക്തമായതോടെ തേക്ക് മരങ്ങൾ പൂർണമായും ഇല പൊഴിച്ച് നിൽക്കുകയാണ്. ചൊറിയൊരു തീപ്പൊരി വീണാൽ പോലും കാടാകെ കത്തിയമരുന്ന സ്ഥിതിയാണ്. തേക്കുകൾ മണ്ണിലെ ഈർപ്പം നഷ്ടപ്പെടുന്നതിന് ഇടയാക്കുമെന്ന തിരിച്ചറിവ് സാധാരണക്കാർക്ക് പോലുമുണ്ട്.
വരൾച്ച രൂക്ഷമായ പുൽപള്ളി മേഖലയിൽ ഒട്ടേറെ തേക്ക് പ്ലാന്റേഷനുകളുണ്ട്. തേക്കുമര തോട്ടങ്ങളിലെ ചൂട് കാരണം വന്യജീവികൾ ഇവിടങ്ങളിൽ തങ്ങുന്നുമില്ല. വനാതിർത്തികളിലെ കൃഷിയിടങ്ങളിലേക്ക് വന്യജീവികളെത്തുന്നതിനും ഇത് കാരണമാകുന്നു. ചീയമ്പം 73, പാമ്പ്ര, ഇരുളം, പാളക്കൊല്ലി ഭാഗങ്ങളിലൊക്കെ വന്യജീവി ശല്യം രൂക്ഷമാണ്. ഇതിന് പ്രധാന കാരണം തേക്ക് പ്ലാന്റേഷനുകളാണെന്നാണ് കർഷകർ പറയുന്നത്.