യുവാവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾ കീഴടങ്ങി
text_fieldsപുൽപള്ളി: യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ മൂന്ന് പ്രതികൾ കോടതിയിൽ കീഴടങ്ങി. സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഇവർ കീഴടങ്ങിയത്.പുൽപള്ളി അരീക്കണ്ടി റിയാസ് കഴിഞ്ഞ ദിവസമാണ് കത്തിക്കുത്തേറ്റ് മരിച്ചത്. മീനംകൊല്ലി സ്വദേശികളായ ഒന്നാംപ്രതി പൊന്തത്തിൽ പി.എസ്. രഞ്ജിത്ത് (32), രണ്ടാംപ്രതി പുത്തൻവീട്ടിൽ മണിക്കുട്ടൻ (34), മൂന്നാം പ്രതി മണിക്കുന്നിൽ അഖിൽ (35) എന്നിവരാണ് കോടതിയിൽ കീഴടങ്ങിയത്.
മീനങ്ങാടി കുട്ടിരായംപാലം പൊന്തത്തിൽ റാലിസൺ എന്ന ലിജേഷ് കഴിഞ്ഞദിവസം പൊലീസ് പിടിയിലായിരുന്നു. നാലു പേരെയും കോടതി റിമാൻഡ് ചെയ്തു.ഈ മാസം 12ന് പുൽപള്ളി ബിവറേജസ് ഔട്ലെറ്റ് പരിസരത്തുവെച്ചായിരുന്നു റിയാസിന് മാരകമായി കുത്തേറ്റത്.
ഗുരുതര പരിക്കേറ്റ റിയാസിനെ സംഭവസ്ഥലത്ത് ഉപേക്ഷിച്ച ശേഷം പ്രതികൾ വാഹനത്തിൽ രക്ഷപ്പെട്ട് ഒളിവിൽ പോയി. റിയാസിനെ കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.കുറ്റകൃത്യത്തിന് ഉപയോഗിച്ച കത്തിയും പ്രതികൾ സഞ്ചരിച്ച വാഹനങ്ങളിലുൾപ്പെട്ട മോട്ടോർ സൈക്കിളും പൊലീസ് കസ്റ്റഡിയിലെടുത്തു. ഒന്നാംപ്രതിയുടെ വിവാഹിതയായ സഹോദരിയുമായി ബന്ധമുണ്ടെന്ന വിരോധമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്നാണ് പൊലീസ് കേസ്.