പുള്ളിമാനിനെ ഇറച്ചിയാക്കിയ രണ്ടുപേർ പിടിയിൽ
text_fieldsമാനിനെ വേട്ടയാടിയ പ്രതികൾ
പുൽപള്ളി: പാതിരി റിസർവ് വനത്തിൽ അതിക്രമിച്ചുകയറി പുള്ളിമാനിനെ കുരുക്ക് വെച്ച് പിടികൂടി ഇറച്ചിയാക്കിയ രണ്ടുപേർ പിടിയിൽ. പുൽപള്ളി ഫോറസ്റ്റ് സ്റ്റേഷൻ വനപാലകർ നടത്തിയ തിരച്ചിലിലാണ് പാതിരി ഉന്നതിയിലെ സതീഷ് (40), രാജൻ (44) എന്നിവർ പുള്ളിമാനിന്റെ ഇറച്ചിയടക്കം പിടിയിലായത്.
മാനിന്റെ ജഡാവശിഷ്ടങ്ങൾ, കുരുക്കുവെക്കാൻ ഉപയോഗിച്ച കേബിൾ, ആയുധങ്ങൾ എന്നിവ പാതിരി റിസർവ് വനത്തിനകത്ത് പൊളന്ന ഭാഗത്തുനിന്ന് കണ്ടെടുത്തു. പുൽപ്പള്ളി ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകരായ അഖിൽ സൂര്യദാസ് എ.എസ്, അഭിലാഷ് സി.എസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
പ്രതികൾ സ്ഥിരമായി കാട്ടിറച്ചി വിൽപനക്കായി പട്ടാണിക്കുപ്പ് ഭാഗത്തുള്ള ഒരാൾക്ക് നൽകാറുണ്ട്. ഇയാളെ പിടികിട്ടാനുണ്ടെന്ന് അന്വേഷണോദ്യോഗസ്ഥനായ ചെതലത്ത് റേഞ്ച് ഓഫിസർ എം.കെ. രാജീവ് കുമാർ അറിയിച്ചു. മോഹൻ കുമാർ, ഒ. രാജു, താരനാഥ്, പി.എസ് ശ്രീജിത്ത് ജോജിഷ്, അശ്വിൻ, വിപിൻ എന്നിവരും വനപാലക സംഘത്തിലുണ്ടായിരുന്നു.