കനത്ത വേനൽച്ചൂടിൽ വയനാട് വെന്തുരുകുന്നു
text_fieldsമരക്കടവിലെ കരിഞ്ഞുണങ്ങിയ കുരുമുളക് തോട്ടം
പുൽപള്ളി: കനത്ത വേനൽച്ചൂടിൽ വയനാട് വെന്തുരുകുന്നു. പതിവിൽനിന്നു വ്യത്യസ്തമായി കനത്ത ചൂടാണ് ഫെബ്രുവരി ആദ്യ വാരം മുതൽ അനുഭവപ്പെട്ട് തുടങ്ങിയത്. വെയിലിന്റെ തീക്ഷ്ണത മൂലം ആളുകൾക്ക് വീട്ടിൽനിന്ന് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ്. സംസ്ഥാനത്ത് ബാഷ്പീകരണതോത് ഏറ്റവുമധികമുള്ള ജില്ല വയനാടാണ്. വേനൽ കനത്തതോടെ പുൽപള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിൽ കാർഷിക വിളകൾ കരിഞ്ഞുണങ്ങാൻ തുടങ്ങി. കുഴൽക്കിണറുകൾ വ്യാപകമായതോടെ ഭൂഗർഭ ജലവിതാനവും വളരെ താഴ്ന്നു. മേയ് അവസാനം വരെ വരൾച്ചയുടെ രൂക്ഷത അതികഠിനമായി തുടരുമെന്നാണ് സൂചന. ജില്ലയിലെ ജലസ്രാതസ്സുകളിലും വെള്ളത്തിന്റെ അളവ് കുറഞ്ഞു തുടങ്ങിയിട്ടുണ്ട്.
കബനി നദിയിലും ജലവിതാനം താഴ്ന്നു. വരും നാളുകളിൽ വരൾച്ച ജലസേചന പദ്ധതികളെയും പ്രതികൂലമായി ബാധിച്ചേക്കുമെന്നാണ് കർഷകർ പറയുന്നത്. കുരുമുളക്, കാപ്പി, വാഴ, കമുക് തുടങ്ങിയ കൃഷികളെല്ലാം പലയിടത്തും കരിയാൻ തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ വർഷം 198 ഹെക്ടറിലെ കുരുമുളകും 77 ഹെക്ടറിലെ വാഴയും നശിച്ചിരുന്നു. 39 ഹെക്ടറിലെ കാപ്പിയും 21 ഹെക്ടറിലെ കമുകും 10 ഹെക്ടറിലെ നെല്ലും രണ്ട് ഹെക്ടറിലെ പച്ചക്കറിയും കഴിഞ്ഞ വേനൽക്കാലത്ത് നശിച്ചു. കഴിഞ്ഞ ഏപ്രിൽ മാസത്തിനേക്കാൾ ചൂടാണ് ഇപ്പോഴനുഭവപ്പെടുന്നത്. ഇതോടൊപ്പം ശുദ്ധ ജലക്ഷാമവുമുണ്ട്.
ജില്ലയിലെ കർണാടക അതിർത്തി ഗ്രാമങ്ങളോട് ചേർന്നുള്ള മുള്ളൻകൊല്ലി പഞ്ചായത്തിലെ പെരിക്കല്ലൂർ മുതൽ കൊളവള്ളി വരെയുള്ള ഭാഗങ്ങളിൽ വരൾച്ച അതിരൂക്ഷമാണ്. രണ്ടു തവണ നെൽകൃഷി ചെയ്യുന്ന പാടങ്ങളിൽ വരൾച്ച മുന്നിൽ കണ്ട് ഭൂരിഭാഗം കർഷകരും പുഞ്ച കൃഷി ചെയ്തിട്ടില്ല. ക്ഷീര മേഖലയിലും പ്രതിസന്ധി രൂക്ഷമാണ്. മിക്ക ക്ഷീര സംഘങ്ങളിലും പാലെത്തുന്നത് കുറഞ്ഞിട്ടുണ്ട്. പച്ചപ്പുല്ലിന്റെ ലഭ്യത കുറഞ്ഞതും കൊടും ചൂടും കന്നുകാലികളുടെ ജീവനുപോലും ഭീഷണിയാണ്. ജലസേചന വകുപ്പിന് കീഴിലുള്ള തടയണകളിൽ മിക്കതിലും ഷട്ടറുകളില്ല. വേനൽ മുന്നിൽ കണ്ട് വെള്ളം സംഭരിക്കാനുള്ള ഒരു സംവിധാനവും അധികൃതർ ഒരുക്കിയിട്ടില്ല. നിലവിലെ അവസ്ഥയിൽ വരും നാളുകളിൽ ജലാശയങ്ങളിലെ നീരൊഴുക്ക് നിലക്കുന്ന സാഹചര്യമാണ് ഉണ്ടാകുക.
കഴിഞ്ഞ വർഷം കബനി നദി വറ്റി വരണ്ടിരുന്നു. അന്ന് കാരാപ്പുഴയിൽനിന്നുള്ള വെള്ളം കബനിയിലേക്കെത്തിച്ചാണ് പുൽപള്ളി മേഖലയിലെ ജലപദ്ധതികൾ പ്രവർത്തിപ്പിച്ചത്. ഇത്തവണ വെള്ളത്തിന്റെ പ്രാധാന്യം മനസ്സിലാക്കി കർണാടക ബീച്ചനഹള്ളി ഡാമിൽ പരമാവധി വെള്ളം സംഭരിച്ചിട്ടുണ്ട്. ഇത്തരത്തിൽ വെള്ളം സംഭരിച്ചതിനാൽ പെരിക്കല്ലൂർ വരെയുള്ള ഭാഗത്ത് വെള്ളം കെട്ടി നിൽക്കുന്നുണ്ട്. കർണാടക ഈ വെള്ളം ജലസേചന ആവശ്യങ്ങൾക്കായി തുറന്നുവിട്ട് തുടങ്ങിയാൽ കബനിയിലും ജലനിരപ്പ് പൂർണമായും താഴും. മേഖലയിൽ വേനൽ മഴയും ലഭിച്ചിട്ടില്ല. മഴക്കാലത്തും ഇവിടെ കാര്യമായ മഴ ലഭിച്ചിരുന്നില്ല. കാടുകളുടെ സ്ഥിതിയും ഭയാനകമാണ്. കൂട്ടം കൂട്ടമായാണ് കാട്ടനകളുൾപ്പെടെ വന്യമൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങുന്നത്. വരൾച്ചയുണ്ടാകുന്ന കുടിയേറ്റ മേഖലക്കായി പ്രഖ്യാപിച്ച പദ്ധതികളൊന്നും യാഥാർഥ്യമായിട്ടുമില്ല.