കോളറാട്ടുകുന്നിൽ കാട്ടാനകൾ ഇറങ്ങി, വൻകൃഷിനാശം
text_fieldsകോളറാട്ടുകുന്നിൽ കാട്ടാന നശിപ്പിച്ച തന്റെ കൃഷിയിടത്തിൽ പുന്നക്കോട്ടിൽ ജിaഷ
പുൽപള്ളി: കോളറാട്ടുകുന്നിൽ കാട്ടാനകൾ കൃഷിയിടങ്ങളിലിറങ്ങി വൻനാശം വിതച്ചു. പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. സ്ഥലത്തെത്തിയ വനപാലകരെ നാട്ടുകാർ തടഞ്ഞു. പുൽപള്ളി കോളറാട്ടുകുന്ന് ജനവാസ മേഖലയാണ്. വനത്തോട് ചേർന്ന പ്രദേശമാണെങ്കിലും മതിയായ പ്രതിരോധ സംവിധാനങ്ങളൊരുക്കിയിട്ടില്ല. ഇക്കാരണത്താൽ വന്യജീവികൾ കാടിറങ്ങുന്നത് പതിവാണ്. കഴിഞ്ഞ ദിവസം രാത്രിയിറങ്ങിയ കാട്ടാന തെങ്ങുകളടക്കം മറിച്ചിട്ടു. തെങ്ങ് ഇലക്ട്രിക് ലൈനിലേക്ക് വീണ് പോസ്റ്റും തകർന്നു.
വനാതിർത്തിയായിട്ടും ഇവിടെ രാത്രി വാച്ചർമാരെ കാവലിന് നിയമിക്കുന്നില്ലെന്നാണ് പരാതി. സന്ധ്യ മയങ്ങുന്നതോടെ വനത്തിൽനിന്നും പുറത്തിറങ്ങുന്ന കാട്ടാനകൾ നേരം പുലരുവോളം കൃഷിയിടങ്ങളിൽ തങ്ങി വൻനാശമുണ്ടാക്കുന്നതായാണ് പരാതി. മുമ്പ് കായ്ഫലമുള്ള തെങ്ങുകളടക്കം നശിപ്പിച്ചിട്ടും മതിയായ നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. വനാതിർത്തിയിൽ വാച്ചർമാരെ നിയമിക്കണമെന്നാവശ്യപ്പെട്ടാണ് സ്ഥലത്തെത്തിയ വനപാലകരെ തടഞ്ഞുവച്ചത്. വന്യജീവി ശല്യത്തിന് ശാശ്വത പരിഹാരം കണ്ടെത്തുമെന്നും കൂടുതൽ വാച്ചർമാരെ നിയമിക്കുമെന്നുമുള്ള ഉറപ്പിന്മേലാണ് സമരം അവസാനിപ്പിച്ചത്.


