ബത്തേരി-മാങ്ങോട്-അയ്യൻകൊല്ലി ബസ് വീണ്ടും തുടങ്ങി; സർവിസിൽ കൃത്യതയില്ലെന്ന് നാട്ടുകാർ
text_fieldsപ്രതീകാത്മക ചിത്രം
സുൽത്താൻ ബത്തേരി: ബത്തേരി-മാങ്ങോട്-അയ്യൻകൊല്ലി ബസ് വീണ്ടും തുടങ്ങിയെങ്കിലും സർവിസിൽ കൃത്യതയില്ലെന്ന് നാട്ടുകാർ. രാവിലെയും വൈകീട്ടും രണ്ടു സർവിസുകൾ മാത്രമാണ് നടത്തുന്നത്. ചില സമയം സർവിസ് മുടങ്ങുന്നു.
ഞായറാഴ്ച ഓടുന്നുമില്ല. നഷ്ടത്തിന്റെ പേരിൽ നിർത്തലാക്കിയ സർവിസ് ആഗസ്റ്റ് 15 മുതലാണ് പുനരാരംഭിച്ചത്. നാട്ടുകാരുടെ ഏറെ മുറവിളിക്ക് ശേഷം സുൽത്താൻ ബത്തേരി എം.എൽ.എ ഇടപെട്ടതോടെയാണ് ബസ് വീണ്ടും ഓടിക്കാൻ കെ.എസ്.ആർ.ടി.സി തയാറായത്. സുൽത്താൻ ബത്തേരിയുമായി നിരന്തരമായി ഇടപെടുന്ന തമിഴ്നാട്ടിലെ നിരവധി ഗ്രാമങ്ങളിലുള്ളവർ ബസിനെ ആശ്രയിക്കുന്നുണ്ട്. സുൽത്താൻ ബത്തേരി നഗരത്തെയും തമിഴ്നാട്ടിലെ അയ്യൻകൊല്ലിയേയും എളുപ്പത്തിൽ ബന്ധിപ്പിക്കുന്ന സർവിസ് ചുള്ളിയോട്, അഞ്ചാം മൈൽ, കോളിമൂല, കക്കുണ്ടി, തിരുവമ്പാടി, മാങ്ങോട്, അമ്പലമൂല തുടങ്ങിയ പ്രദേശങ്ങളിലുള്ളവർക്ക് ആശ്രയമായിരുന്നു.
ചുള്ളിയോടുനിന്ന് തമിഴ്നാട് അതിർത്തിയായ കക്കുണ്ടി ചെക്ക് പോസ്റ്റ് വരെ ഇപ്പോൾ ഓട്ടോറിക്ഷകളാണ് ജനത്തിന്റെ ആശ്രയം. വലിയ ചാർജ് കൊടുത്താലേ ടാക്സി യാത്ര സാധ്യമാകു. നൂറുകണക്കിന് ആളുകൾ ടാക്സി വാഹനങ്ങളെ ആശ്രയിക്കാൻ നിർബന്ധിതരാകുന്ന സാഹചര്യമുണ്ട്. കെ.എസ്.ആർ.ടി.സി ബസ് കൃത്യമായി ഓടിയാൽ ഈയൊരു അവസ്ഥക്ക് മാറ്റം വരും. അയ്യൻകൊല്ലി ഭാഗത്തുനിന്ന് സുൽത്താൻ ബത്തേരി നഗരത്തിലേക്ക് ചികിത്സക്കും തൊഴിൽ സംബന്ധമായ മറ്റാവശ്യങ്ങൾക്കും എത്തുന്നവർ നിരവധിയാണ്. ഏറ്റവും കുറഞ്ഞ ദൂരത്തിൽ സുൽത്താൻ ബത്തേരിയിൽ എത്താൻ മാങ്ങോട് -അഞ്ചാംമൈൽ ബസ് വഴി സാധിക്കും.
കോവിഡ് കാലത്തിനുമുമ്പാണ് സുൽത്താൻ ബത്തേരി-കോളിമൂല-അയ്യൻകൊല്ലി ബസ് സർവിസ് കെ.എസ്.ആർ.ടി.സി തുടങ്ങിയത്. അന്ന് നല്ല കലക്ഷൻ ലഭിച്ചിരുന്നു. പിന്നീട് ഒരു സ്വകാര്യ ബസും ഇതുവഴി സർവിസ് ആരംഭിച്ചു. സുൽത്താൻ ബത്തേരിയിൽനിന്ന് ഗൂഡല്ലൂരിലേക്കായിരുന്നു സ്വകാര്യ ബസ് സർവിസ്. അന്തർ സംസ്ഥാന റൂട്ടിൽ സർവിസ് നടത്താൻ സ്വകാര്യ ബസിന് അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടി ഗൂഡല്ലൂർ ആർ.ടി.ഒ സ്വകാര്യ ബസ് പിടിച്ചെടുത്തു. ഇതിനു പിന്നിലും ചിലരുടെ സ്വാധീനമുണ്ടെന്ന ആക്ഷേപമുണ്ട്. കോവിഡിനുശേഷം കെ.എസ്.ആർ.ടി.സി സർവിസ് നിർത്തി. പിന്നീട് മാസങ്ങൾക്കു മുമ്പാണ് പുനരാരംഭിച്ചത്. അന്ന് നാട്ടുകാർ വലിയ സ്വീകരണവും കോളിമൂലയിൽ ഒരുക്കി. എന്നാൽ, രണ്ടാഴ്ചക്കുശേഷം നിർത്തലാക്കി. ശേഷം ഈ സ്വതന്ത്ര്യ ദിനത്തിലാണ് സർവിസ് വീണ്ടും തുടങ്ങിയത്.


