വയനാടൻ കാടുകളിൽ 113 കഴുകന്മാർ
text_fieldsവയനാട് വന്യജീവി സങ്കേതത്തിൽ കഴുകന്മാരുടെ കണക്കെടുപ്പിൽ പങ്കെടുത്ത പ്രത്യേക സംഘം
സുൽത്താൻ ബത്തേരി: വയനാടൻ കാടുകളിൽ 113 കഴുകന്മാരെ കണ്ടെത്തി. ജില്ലയിൽ കഴുകന്മാരുടെ സാന്നിധ്യമറിയാൻ വനംവകുപ്പ് നടത്തിയ സർവേയിലാണ് വിവരങ്ങൾ. സംസ്ഥാനത്ത് കഴുകന്മാർ അവശേഷിക്കുന്ന ഏക ജില്ലയാണ് വയനാട്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ നടന്ന സര്‍വേയില്‍ 53 കഴുകന്മാരുടെ സാന്നിധ്യമാണ് സ്ഥിരീകരിച്ചത്. കാതിലക്കഴുകൻ, ചുട്ടിക്കഴുകൻ, തവിട്ടു കഴുകൻ എന്നിങ്ങനെ മൂന്നിനമാണ് ജില്ലയിൽ പ്രധാനമായുമുള്ളത്.
ഇത്തവണ 12 ക്യാമ്പുകളിൽ കഴുകനെ കാണാൻ കഴിഞ്ഞു. 90 വെളുത്ത കഴുകൻ, 17ചുവന്ന തലയുള്ള കഴുകൻ, ആറു ഇന്ത്യൻ കഴുകൻ എന്നിവയെയാണ് കണ്ടത്. മുത്തങ്ങ, ഗോളൂർ, ദൊഡ്ഡകുളശ്ശി ക്യാമ്പുകളിലാണിവയെ കണ്ടെത്തിയത്.
മെച്ചപ്പെട്ട ആവാസവ്യവസ്ഥയും ഭക്ഷണ ലഭ്യതയുമാണ് കഴുകന്മാരുടെ എണ്ണം ജില്ലയിൽ കൂടാൻ കാരണമെന്ന് കരുതുന്നതായി അധികൃതർ പറയുന്നു. വനത്തില്‍ 18 ക്യാമ്പുകള്‍ കേന്ദ്രീകരിച്ചാണ് ഇത്തവണ സര്‍വേ നടത്തിയത്. ഒാരോ ക്യാമ്പിലും വിദഗ്ധനും കാമറപേഴ്സണും ഉള്‍പ്പെടുന്ന നാലംഗ സംഘമാണുണ്ടായിരുന്നത്. കാമറ, ബൈനോക്കുലർ തുടങ്ങിയവ ഉപയോഗിച്ചു. വയനാട് വന്യജീവി സങ്കേതത്തിലെ നോർത്ത് വയനാട് ഡിവിഷൻ, സൗത്ത് വയനാട് ഡിവിഷൻ എന്നിവിടങ്ങളിൽ ഒരേ സമയമായിരുന്നു സർവേ. 72 പേരടങ്ങുന്ന സർവേ സംഘം 18 ടീമുകളായി തിരിഞ്ഞാണ് നടപടികൾ സ്വീകരിച്ചത്. പ്രത്യേക പരിശീലനം കിട്ടിയ ഈ സംഘത്തോടൊപ്പം വനപാലകരും സഹായികളായി. കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽനിന്നുള്ള ഡാറ്റ സമാഹരിച്ചതിന് ശേഷം വരും ദിവസങ്ങളിൽ അന്തിമ കണക്ക് പ്രഖ്യാപിക്കുമെന്ന് വനം അധികൃതർ പറഞ്ഞു.