ഒരു വർഷം കഴിഞ്ഞിട്ടും ഉദ്ഘാടനം ചെയ്യാതെ ബത്തേരി ആശുപത്രി ഹൈടെക് കെട്ടിടം
text_fieldsഉദ്ഘാടനം കാത്തുകിടക്കുന്ന ബത്തേരി താലൂക്ക് ആശുപത്രിയിലെ ഹൈടെക് കെട്ടിടം
സുൽത്താൻ ബത്തേരി: കെട്ടിടങ്ങളുടെ പരിതാപസ്ഥിതി പല ആശുപത്രികളിലും ചർച്ചയാവുമ്പോൾ നേരെ തിരിച്ചാണ് സുൽത്താൻ ബത്തേരി താലൂക്ക് ഹെഡ് ക്വാട്ടേഴ്സ് ആശുപത്രിയിൽ. ഹൈടെക് കെട്ടിടം ഉദ്ഘാടനം കാത്തുകിടക്കാൻ തുടങ്ങിയിട്ട് ഒരു വർഷത്തിലേറെയായി. സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടിയുള്ള ഈ സംവിധാനം എന്ന് തുറന്നു കൊടുക്കുമെന്ന കാര്യത്തിൽ ആർക്കുമൊരു നിശ്ചയമില്ല.
സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടിയുള്ള സ്പെഷൽ ബ്ലോക്ക് എന്ന രീതിയിൽ 25 കോടി മുടക്കിയാണ് കെട്ടിടം നിർമിച്ചത്. കഴിഞ്ഞവർഷം ഏപ്രിൽ മാസത്തിൽ ഇതിന്റെ നിർമാണം പൂർത്തിയായി. 90 കിടക്കകൾ, ഓപറേഷൻ തിയറ്റർ, പ്രസവ വാർഡ്, കുട്ടികളുടെ ഐ.സി.യു, ഒ.പി, അത്യാധുനിക യന്ത്രങ്ങൾ, കാന്റീൻ എന്നിവയെല്ലാം പുതിയ കെട്ടിടത്തിൽ സജ്ജീകരിച്ചിട്ടുണ്ട്.
ഡോക്ടർമാർ, ഇതര വിഭാഗം ജീവനക്കാർ, ശുചീകരണ തൊഴിലാളികൾ എന്നിങ്ങനെ കൂടുതൽ ജീവനക്കാരെ നിയമിച്ചാൽ മാത്രമേ പുതിയ ബ്ലോക്ക് ഉദ്ഘാടനം ചെയ്യാൻ കഴിയൂ. നിലവിൽ താലൂക്ക് ആശുപത്രിയിൽ രണ്ട് ഗൈനക്കോളജിസ്റ്റുകളാണുള്ളത്. ശിശുരോഗ വിഭാഗത്തിലും രണ്ട് ഡോക്ടർമാരുണ്ട്. പുതിയ ബ്ലോക്ക് ഉദ്ഘാടനം കഴിഞ്ഞാൽ കൂടുതൽ ഡോക്ടർമാരെ നിയമിക്കേണ്ടിവരും. ഇതിനുള്ള കാലതാമസമാണ് 25 കോടിയുടെ കെട്ടിടം വെറുതെ കിടക്കാൻ കാരണം. താലൂക്ക് ആശുപത്രിയിൽ 57 കിടക്കകളുടെ സ്റ്റാഫ് പാറ്റേണാണ് ഇപ്പോഴുള്ളത്. ഈ സ്റ്റാഫ് പാറ്റേൺ ഉയർത്തണമെന്ന ആവശ്യം ഒരു പതിറ്റാണ്ടു മുന്നെ ബത്തേരിയിൽ ഉയരുന്നുണ്ട്. യാതൊരു പ്രയോജനവും ഉണ്ടായില്ലെന്നു മാത്രം. രോഗികളാണ് ദുരിതത്തിലായിരിക്കുന്നത്.
സ്ത്രീകളുടെയും കുട്ടികളുടെയും ബ്ലോക്ക് ഉദ്ഘാടനം എന്തുകൊണ്ടാണ് വൈകുന്നതെന്ന ചോദ്യത്തിന് അടുത്തുതന്നെ ഉദ്ഘാടനം ഉണ്ടാകുമെന്ന സ്ഥിരം മറുപടിയാണ് ബ്ലോക്ക് പഞ്ചായത്ത് അധികൃതരിൽനിന്ന് ലഭിക്കുന്നത്. സ്റ്റാഫ് പാറ്റേൺ ഉയർത്തണമെന്ന് ആരോഗ്യവകുപ്പിനെ അറിയിച്ചിട്ടുണ്ടെന്നും അധികൃതർ ആവർത്തിച്ച് പറയുകയാണ്. പക്ഷേ, ഒന്നും പ്രായോഗികമാകുന്നില്ല. നിലവിൽ ജില്ല ആശുപത്രി ഇല്ലാതായ സാഹചര്യത്തിൽ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയെ ജില്ല ആശുപത്രിയായി ഉയർത്തണമെന്ന ആവശ്യവും ശക്തമാണ്. ഏതാനും മാസം മുമ്പ് ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി യോഗത്തിൽ ഈ വിഷയം ഏറെ ചർച്ചയായതാണ്. മാസങ്ങൾ കഴിഞ്ഞിട്ടും അക്കാര്യവും എവിടെയുമെത്തിയില്ല.