വാഗ്ദാന ലംഘനം; ബത്തേരി വിഷയം വീണ്ടും ചർച്ചയാകുന്നു
text_fieldsസുൽത്താൻ ബത്തേരി: ഡി.സി.സി ട്രഷററായിരുന്ന എൻ.എം. വിജയന്റെ കുടുംബത്തിന്റെ കടബാധ്യതകൾ തീർക്കുന്ന കാര്യത്തിൽ കോൺഗ്രസ് നേതൃത്വം നൽകിയ വാഗ്ദാനം പാലിക്കാത്തത് ചർച്ചയാകുന്നു. കഴിഞ്ഞ ജൂൺ 30ന് മുമ്പ് എല്ലാം തീർത്തു നൽകാമെന്നായിരുന്നു നേതാക്കൾ വാഗ്ദാനം ൽകിയത്. ഇത് പാലിക്കപ്പെട്ടില്ല. ഇതിനെതിരെ വെള്ളിയാഴ്ച മരുമകൾ പത്മജ രംഗത്ത് വന്നിരുന്നു.
സുൽത്താൻബത്തേരി അർബൻ ബാങ്കിലെ നിയമനക്കോഴ, ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ കോഴ വാങ്ങിയെന്ന ആരോപണം, എം.എൽ.എ രാജിവെക്കണമെന്നാവശ്യപ്പെട്ടുള്ള സി.പി.എം സമരം എന്നിവയൊക്കെ ജില്ലയിലെ രാഷ്ട്രീയത്തെ ചൂട് പിടിപ്പിച്ചിരുന്നു. ഇതോടെ പ്രിയങ്ക ഗാന്ധിയും കെ.പി.സി.സി നേതാക്കളും വിജയന്റെ വീട്ടിൽ എത്തി. അനുരഞ്ജന ചർച്ച നടത്തി വിവാദം ഒഴിവാക്കുകയല്ലാതെ മറ്റു മാർഗ്ഗങ്ങളുണ്ടായില്ല. അങ്ങനെയാണ് ബാധ്യതകൾ ഏറ്റെടുക്കാമെന്ന് കെ.പി.സി.സി നേതൃത്വം കുടുംബത്തിന് ഉറപ്പ് കൊടുത്തത്. ഇതോടെ കുടുംബം കെ.പി.സി.സിക്കൊപ്പം നിൽക്കുകയും വിവാദം താൽക്കാലികമായി കെട്ടടങ്ങുകയും ചെയ്തു.
എന്നാൽ, വാഗ്ദാന ലംഘനം ഉണ്ടായെന്നും കോൺഗ്രസ് നേതാക്കളെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ലെന്നും വെള്ളിയാഴ്ച വിജയന്റെ മരുമകൾ മാധ്യമ പ്രവർത്തകരോട് വ്യക്തമാക്കിയതോടെ കോൺഗ്രസ് നേതൃത്വം വീണ്ടും പ്രതിരോധത്തിലായി. പാർട്ടിയുമായുള്ള ബന്ധം ഒഴിവാക്കുന്ന രീതിയിലുള്ള പ്രതികരണമാണ് മരുമകൾ ഉയർത്തിയത്. അങ്ങനെയെങ്കിൽ സി.പി.എം ഉൾപ്പടെ മറ്റു പാർട്ടികൾ അവരുടെ സഹായത്തിന് എത്തുമെന്ന കാര്യത്തിൽ സംശയമില്ല.


