ബത്തേരി-കോളിമൂല-അയ്യൻകൊല്ലി ബസ് സർവിസ് പുനരാരംഭിച്ചില്ല
text_fieldsകേരള-തമിഴ്നാട് അതിർത്തിയിലെ കോളിമൂല ചെക്ക് പോസ്റ്റ്
സുൽത്താൻ ബത്തേരി: നീലഗിരി ജില്ലയിലെ മലയാളികൾക്ക് ഏറെ ഉപകാരപ്രദമായിരുന്ന ബത്തേരി-കോളിമൂല-അയ്യൻകൊല്ലി ബസ് സർവീസ് പുനരാരംഭിക്കാൻ നടപടിയായില്ല. സുൽത്താൻ ബത്തേരിയിൽനിന്ന് കെ.എസ്.ആർ.ടി.സി ബസാണ് അയ്യൻകൊല്ലിയിലേക്ക് സർവിസ് നടത്തിയിരുന്നത്. നാലുവർഷത്തോളമായി സർവിസ് നിർത്തലാക്കിയിട്ട്. ചുള്ളിയോട് അഞ്ചാംമൈലിൽനിന്ന് തുടങ്ങുന്ന റോഡ് കുറുക്കൻകുന്ന്-കോളിമൂല-മാങ്ങോട് വഴി അയ്യൻകൊല്ലിയിലാണ് അവസാനിക്കുന്നത്. അഞ്ചാംമൈലിൽനിന്ന് അയ്യൻകൊല്ലിയിലേക്ക് ഏകദേശം 10 കിലോമീറ്ററാണ് ദൂരം.
സംസ്ഥാന അതിർത്തിയാണ് കോളിമൂല. കോവിഡ് കാലത്തിനു മുമ്പാണ് സുൽത്താൻ ബത്തേരി ഡിപ്പോയിലെ ബസ് ഈ റൂട്ടിൽ സർവിസ് നടത്തിയിരുന്നത്. പിന്നീട് പല കാരണങ്ങളാൽ സർവിസ് മുടക്കുകയായിരുന്നു. കെ.എസ്.ആർ.ടി.സി നിന്നതോടെ കുറച്ചുകാലം ഒരു സ്വകാര്യ ബസും സർവിസ് നടത്തി. എന്നാൽ, സ്വകാര്യ ബസിനെ ഗൂഡല്ലൂർ ആർ.ടി.ഒ പെർമിറ്റിന്റെ കാര്യം പറഞ്ഞ് പിടിച്ചെടുത്തു. അതോടെ ജനം തീർത്തും ദുരിതത്തിലായി. ബസുകൾ സർവിസ് തുടങ്ങുന്നതിനു മുമ്പ് ചുള്ളിയോടുനിന്നും അതിർത്തി പ്രദേശമായ കോളിമൂല വരെ സ്വകാര്യ ജീപ്പുകൾ ലോക്കൽ സർവി സ് നടത്തിയിരുന്നു.
ബസ് വന്നതോടെ ജീപ്പുകൾ ഓട്ടം നിർത്തി. ബസ് നിർത്തി പോയപ്പോൾ ജീപ്പുകൾ തിരികെ വന്നതുമില്ല. ഇപ്പോൾ ടാക്സി വാഹനങ്ങൾ മാത്രമാണ് ജനത്തിന്റെ ആശ്രയം.
റോഡിന്റെ പരിതാപകരാവസ്ഥയും മറ്റുമായിരുന്നു സർവിസ് നിർത്തലാക്കാൻ ബത്തേരി കെ.എസ്.ആർ.ടി.സി അധികൃതർ കാരണം പറഞ്ഞിരുന്നത്. അഞ്ചാംമൈൽ മുതൽ കോളിമൂല വരെയുള്ള രണ്ടര കിലോമീറ്ററോളം ഭാഗത്ത് ഒന്നുരണ്ടിടങ്ങളിൽ ഇപ്പോൾ ചെറിയ കുഴികളുണ്ട്. എന്നാൽ കോളിമൂല മുതൽ അയ്യൻകൊല്ലി വരെയുള്ള എട്ടു കിലോമീറ്റര് റോഡ് രണ്ടുവർഷം മുമ്പാണ് തമിഴ്നാട് പുതുക്കി പണിതത്. അതോടെ റോഡ് ഉന്നത നിലവാരത്തിലായി.
അയ്യൻകൊല്ലി ഉൾപ്പെടെ തമിഴ്നാട്ടിലെ ചില പ്രദേശങ്ങളിൽ ചികിത്സ സൗകര്യങ്ങൾ വളരെ കുറവാണ്. അതിനാൽ ബത്തേരിയിലേക്ക് ചികിത്സ ആവശ്യത്തിനായി എത്തുന്നവർ നിരവധിയാണ്. പഴയ കെ.എസ്.ആർ.ടി.സി സർവിസ് അവർക്ക് വലിയ ഉപകാരമായിരുന്നു. കോവിഡ് കാലത്തിനുമുമ്പ് കോളിമൂല-അയ്യൻകൊല്ലി സർവിസ് ആരംഭിച്ചപ്പോൾ കോളിമൂലയിൽ ബസിന് നാട്ടുകാർ സ്വീകരണം കൊടുത്തത് വലിയ ആഘോഷപൂർവമാണ്.