പുലി ഭീതിയിൽ ചീരാൽ ടൗണും
text_fieldsതിങ്കളാഴ്ച വെളുപ്പിന് ചീരാൽ ടൗണിനടുത്തെത്തിയ പുലിയുടെ കാൽപ്പാട്
സുൽത്താൻബത്തേരി: ചീരാൽ മേഖലയിലെ പുലി ശല്യത്തിന് അറുതിയില്ല. ടൗണും ടൗണിനോട് ചേർന്ന പ്രദേശങ്ങളിലും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പുലി കറങ്ങി നടക്കുകയാണ്. ടൗണിനടുത്ത് പുലിവേലിൽ ബിജുവിന്റെ വീട്ടുമുറ്റത്ത് തിങ്കളാഴ്ച വെളുപ്പിന് പുലിയെത്തി. വനംവകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തി. സ്ഥലത്ത് കണ്ട കാൽപ്പാടുകൾ പുലിയുടേതാണെന്ന് സ്ഥിരീകരിച്ചു.
പ്രദേശത്തെ കാടുമൂടിയ കൃഷിയിടങ്ങൾ പുലിക്ക് താവളമാകുന്നതായി നാട്ടുകാർ പരാതി ഉന്നയിക്കുന്നുണ്ട്. ചീരാൽ സ്കൂളിന് സമീപം സ്വകാര്യ ഉടമസ്ഥതയിലുള്ള നിരവധി തോട്ടങ്ങൾ വനം പോലെ കിടക്കുകയാണ്. പുലി ഈ കൃഷിയിടങ്ങളിൽ തങ്ങുന്നതായി നേരത്തെ ആക്ഷേപം ഉയർന്നിരുന്നു. എന്നാൽ, കാടുവെട്ടിതെളിക്കാൻ ഉടമസ്ഥർ തയാറാകുന്നില്ല.


