പുള്ളിമാനെ വേട്ടയാടി കൊന്നു; ഒരാൾ പിടിയിൽ
text_fieldsപിടിയിലായ പ്രതീപ്
സുൽത്താൻ ബത്തേരി: പുള്ളിമാനിനെ വേട്ടയാടി കൊന്ന സംഭവത്തിൽ ഒരാൾ പിടിയിൽ. സൗത്ത് വയനാട് ഡിവിഷന് കീഴിലുള്ള ചെതലത് റേഞ്ച് ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. വാകേരി മണ്ണുണ്ടി ഭാഗത്ത് പുള്ളിമാനിനെ വേട്ടയാടുന്നുവെന്ന വിവരം വനംവകുപ്പിന് കിട്ടിയതനുസരിച്ച് പുള്ളിമാനിനെ തോക്ക് ഉപയോഗിച്ച് പ്രതികൾ വെടിവെച്ചുകൊന്നതായി കണ്ടെത്തി.
സ്ഥലത്ത് വെച്ച് വാകേരി കുന്നെപറമ്പിൽ പ്രദീപിനെയാണ് പിടികൂടിയത്. കൂടെയുണ്ടായിരുന്ന ചൂതുപാറ വല്ലനാട് അരുൺ ഓടിരക്ഷപ്പെട്ടെന്നാണ് അധികൃതർ പറയുന്നത്. വേട്ടക്കാർ ഉപയോഗിച്ച അരുണിന്റെ ഗുഡ്സ് ഓട്ടോയും പിടിച്ചെടുത്തിട്ടുണ്ട്. മറ്റ് പ്രതികൾക്കുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ കെ.പി. അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിൽ സെക്ഷൻ ഫോറസ്റ്റ് ഓഫിസർ പി.വി. സുന്ദരേശൻ, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ എം.എസ്. സത്യൻ, പി.എസ്. അജീഷ്, ജിതിൻ വിശ്വനാഥ്, സി. ഷൈനി, സീബ റോബർട്ട്, ഫോറസ്റ്റ് വാച്ചർമാരായ ബാലൻ, പി.ജെ. ജയേഷ്, രവി എന്നിവരാണ് നടപടികൾ സ്വീകരിച്ചത്.