എലിസബത്ത് കൊലപാതകം; ഞെട്ടലിൽ നമ്പ്യാർകുന്ന്; ഉത്തരം തേടി പൊലീസ്
text_fieldsഎലിസബത്തിന്റെ മരണ വിവരമറിഞ്ഞ് നമ്പ്യാർകുന്നിലെ വീടിനുമുമ്പിൽ എത്തിയ നാട്ടുകാർ
സുൽത്താൻ ബത്തേരി: തമിഴ്നാട് അതിർത്തി പ്രദേശമായ നമ്പ്യാർകുന്ന് തിങ്കളാഴ്ച രാവിലെ ഉറക്കമുണർന്നത് ഞെട്ടിക്കുന്ന വാർത്തയുമായിട്ടാണ്. സ്കൂളിനടുത്ത് മേലത്തേതിൽ എലിസബത്തിനെ (51) ശ്വാസംമുട്ടി മരിച്ച നിലയിൽ കണ്ടെത്തിയത് ഞെട്ടലോടെയാണ് നാട്ടുകാർ കേട്ടത്. ഭർത്താവ് തോമസ് വർഗീസിനെ (56) കൈ ഞരമ്പ് മുറിച്ച് ആവശനിലയിൽ വീട്ടിൽ കണ്ടെത്തി. സംഭവമറിഞ്ഞവരൊക്കെ വീടിനടുത്തേക്ക് ഓടിയെത്തി. ആർക്കും വിശ്വസിക്കാനാവാത്ത സംഭവമായിരുന്നു അത്.
വീടിന്റെ വാതിൽ തുറന്നു കിടക്കുകയായിരുന്നു. ഹാളിൽ എലിസബത്തിന്റെ മൃതദേഹം. നൈറ്റിയായിരുന്നു വേഷം. അതിനടുത്തുതന്നെ കൈ ഞരമ്പ് മുറിച്ച നിലയിൽ തോമസ് വർഗീസ്. സുൽത്താൻ ബത്തേരി ഡിവൈ.എസ്.പി കെ.കെ. അബ്ദുൾ ഷെരീഫ്, നൂൽപ്പുഴ സി.ഐ ശശീധരൻ പിള്ള എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമായിരുന്നു അന്വേഷണത്തിനെത്തിയത്.
കുടുംബ പ്രശ്നങ്ങൾ, സാമ്പത്തിക പ്രയാസങ്ങൾ എന്നിവയൊന്നുമില്ലാത്ത കുടുംബമാണ് തോമസ് വർഗീസിന്റെതെന്ന് നാട്ടുകാർ പറയുന്നു. എലിസബത്തിന്റെ പോസ്റ്റുമോർട്ടത്തിനു ശേഷമേ മരണത്തിന്റെ യഥാർഥ കാരണം വ്യക്തമായി പറയാൻ കഴിയൂവെന്ന നിലപാടാണ് പൊലീസ് ആദ്യം സ്വീകരിച്ചത്. തിങ്കളാഴ്ച വൈകീട്ടാണ് എലിസബത്തിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നത്. കഴുത്ത് ഞെരിച്ച കാരണത്താലുള്ള മരണമെന്നാണ് പോസ്റ്റ്മോർട്ടത്തിൽ തെളിഞ്ഞിട്ടുള്ളത്.
അതേസമയം, കൊലപാതകം സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ ചികിത്സയിലുള്ള തോമസ് വർഗീസിനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് നൂൽപുഴ സ്റ്റേഷൻ ഓഫിസർ ശശിധരൻ പിള്ള പറഞ്ഞു. കോഴിക്കോട് ചികിത്സയിലുള്ള തോമസ് വർഗീസ് പൊലീസ് നിരീക്ഷണത്തിലാണ്. ചൊവ്വാഴ്ച അല്ലെങ്കിൽ ബുധനാഴ്ച ഡോക്ടറുടെ സമ്മതത്തോടുകൂടി തോമസ് വർഗീസിനെ ചോദ്യം ചെയ്യുമെന്ന് നൂൽപ്പുഴ സി.ഐ പറഞ്ഞു.