ലഹരിയിൽ റോഡിലിറങ്ങി അച്ഛനും മകനും; അഞ്ച് വാഹനങ്ങളുടെ ചില്ല് തകർത്തു
text_fieldsനമ്പിക്കൊല്ലിയിൽ പരാക്രമം നടത്തിയവർ
സുൽത്താൻ ബത്തേരി: ലഹരിയിൽ അച്ഛനും മകനും റോഡിലിറങ്ങി പരാക്രമം നടത്തിയത് ജനത്തെ ഭീതിയിലാക്കി. അഞ്ച് വാഹനങ്ങളുടെ ചില്ല് തകർത്തു. ബത്തേരി-ഊട്ടി റോഡിലെ നമ്പിക്കൊല്ലിയിൽ ശനിയാഴ്ച ഉച്ചക്ക് ശേഷമാണ് സംഭവം. നമ്പികൊല്ലി സ്വദേശി ജോമോനും പിതാവ് സണ്ണിയുമാണ് പരാക്രമം നടത്തിയത്. പൊലീസും നാട്ടുകാരും ചേർന്ന് ഏറെ പണിപ്പെട്ടാണ് ഇരുവരേയും കീഴ്പ്പെടുത്തിയത്. വടി, വാക്കത്തി എന്നിവയുമായിട്ടാരുന്നു ഇരുവരും റോഡിൽ എത്തിയത്. സ്വകാര്യ ബസ്, പൊലീസ് ജീപ്പ് ഉൾപ്പെടെയുള്ള വാഹനത്തിന്റെ ചില്ലുകളാണ് തകർത്തത്. ഒരു യാത്രക്കാരന് പരിക്ക് പറ്റിയതായി അറിയുന്നു. പൊലീസിനും നാട്ടുകാർക്കും നേരെ പലതവണ പ്രതികൾ കത്തി വീശി.