ഭീതിയൊഴിഞ്ഞു; പൊൻകുഴിയിലെ കടുവ കൂട്ടിൽ
text_fieldsസുൽത്താൻ ബത്തേരി: വയനാട് വന്യജീവി സങ്കേതത്തിലെ പൊൻകുഴി സെക്ഷൻ പരിധിയിൽ മാസങ്ങളായി ഭീതിവിതച്ച കടുവ ഒടുവിൽ വനം വകുപ്പിന്റെ കൂട്ടിൽ അകപ്പെട്ടു. ചിറമൂല ഉന്നതിക്ക് സമീപം സ്ഥാപിച്ച കൂട്ടിലാണ് ബുധനാഴ്ച പുലർച്ച കടുവ കുടുങ്ങിയത്. 12 വയസ്സുള്ള പെൺ കടുവയാണ് പിടിയിലായതെന്ന് വനം അധികൃതർ പറഞ്ഞു.
പൊൻകുഴി, മുത്തങ്ങ ഭാഗങ്ങളിൽ രണ്ടുമാസത്തോളമായി ജനം കടുവ ഭീഷണിയിലായിരുന്നു. പത്തോളം വളർത്തുമൃഗങ്ങളെ ആക്രമിച്ചു. നാട്ടുകാർ ഏറെ മുറവിളി കൂട്ടിയതിനുശേഷമാണ് കൂട് സ്ഥാപിക്കാൻ വനം വകുപ്പ് തയാറായത്. ഞായറാഴ്ച ചിറമൂലയിൽ കടുവ പശുക്കിടാവിനെ ആക്രമിച്ചിരുന്നു. കൂട് എത്തിച്ച് ഈ പശുക്കിടാവിന്റെ ജഡം കൂട്ടിൽ വെക്കുകയായിരുന്നു.
പിടിയിലായ കടുവയെ വിദഗ്ധ പരിശോധനക്കായി കുപ്പാടിയിലെ മൃഗപരിപാലന കേന്ദ്രത്തിലേക്ക് മാറ്റി. ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ വരുൺ ഡാലിയ, അരുൾ ശെൽവൻ, അജിത്ത് കെ. രാമൻ തുടങ്ങിയവർ ദൗത്യത്തിന് നേതൃത്വംനൽകി.


