അസൗകര്യങ്ങൾക്ക് നടുവിൽ മീനങ്ങാടി മത്സ്യ-മാംസ മാർക്കറ്റ്
text_fieldsമീനങ്ങാടി പഞ്ചായത്തിന്റെ മത്സ്യ-മാംസ മാർക്കറ്റ്
സുൽത്താൻബത്തേരി: മീനങ്ങാടി പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള മത്സ്യ-മാംസം മാർക്കറ്റ് അസൗകര്യങ്ങൾക്ക് നടുവിൽ വീർപ്പുമുട്ടുന്നു. മാർക്കറ്റ് നവീകരിക്കുമെന്ന് വർഷങ്ങൾക്ക് മുമ്പ് അധികൃതർ പറഞ്ഞിരുന്നുവെങ്കിലും ഒന്നും നടപ്പായില്ല. രണ്ടു പതിറ്റാണ്ട് മുമ്പ് നിർമിച്ച ചെറിയ കെട്ടിടത്തിലാണ് നിലവിൽ മാർക്കറ്റ് പ്രവർത്തിക്കുന്നത്.
15ഓളം സ്റ്റാളുകൾ ഇവിടെയുണ്ട്. ഇതിൽ പകുതിമാത്രമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. ഇതിൽത്തന്നെ രണ്ടോമൂന്നോ സ്റ്റാളുകളിലാണ് മീൻ വിൽപനയുള്ളത്. വൃത്തിഹീനമായ ചുറ്റുപാട് കാരണം ഉപഭോക്താക്കളുടെ എണ്ണവും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. വെള്ളത്തിന്റെ അഭാവമാണ് മാർക്കറ്റ് പ്രവർത്തനത്തെ ബാധിക്കുന്നതെന്ന് കച്ചവടക്കാർ പറയുന്നു.
മാലിന്യം യഥാവിധി സംസ്കരിക്കാനുള്ള സംവിധാനമില്ല. പരിസരത്ത് തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണ്. മൂന്ന് പതിറ്റാണ്ട് മുമ്പ് മീനങ്ങാടിയിലെ ഞായറാഴ്ച ചന്ത പ്രസിദ്ധമായിരുന്നു. മത്സ്യ-മാംസ മാർക്കറ്റ് പരിസരം അന്നൊക്കെ ജനത്തെ കൊണ്ട് നിറയും. പഴയ പ്രതാപം വീണ്ടെടുക്കാൻ മാർക്കറ്റ് പുതുക്കി നിർമിക്കുകയെന്നതാണ് ഏക മാർഗം.