സുഭിക്ഷയിൽ വില കൂട്ടി; ഊണിന് 30; മീൻ കഷണം 35
text_fieldsസുൽത്താൻ ബത്തേരിയിലെ സുഭിക്ഷ ഹോട്ടൽ
സുൽത്താൻ ബത്തേരി: ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ സുഭിക്ഷ ഹോട്ടലിൽ വില കൂട്ടി. ഇക്കഴിഞ്ഞ ഒന്നാം തീയതി മുതലാണ് പുതിയ വില പ്രാബല്യത്തിൽ വന്നത്. ഇതനുസരിച്ച് 20 രൂപയുണ്ടായിരുന്ന ഉച്ചയൂണിന് ഇനിമുതൽ 30 രൂപ കൊടുക്കണം. പാർസൽ ആവുമ്പോൾ 35. പൊരിച്ച മീൻ ഉൾപ്പെടെയുള്ള മറ്റു വിഭവങ്ങൾക്കും വില കൂടിയിട്ടുണ്ട്.
സുൽത്താൻ ബത്തേരിയിൽ കെ.എസ്.ആർ.ടി.സി ഗാരേജിനടുത്ത് മിനി സിവിൽ സ്റ്റേഷനോട് ചേർന്നാണ് സുഭിക്ഷ ഹോട്ടലുള്ളത്. ഇവിടെ മുമ്പ് 20 രൂപയായിരുന്നു ഉച്ചയൂണിന് ഈടാക്കിയിരുന്നത്. മീൻ പൊരിച്ചത് ഏതു വാങ്ങിയാലും 30 രൂപ. അഞ്ചു രൂപയാണ് മീനിന് വർധിപ്പിച്ചത്. ബീഫ് പ്ലേറ്റിന് 50 രൂപയായിരുന്നു. അതിപ്പോൾ 70 രൂപയാക്കി. ചായ- ഒമ്പത്, അപ്പം -എട്ട്, എണ്ണക്കടി -10, ബാജി -18 എന്നിങ്ങനെയാണ് ഇപ്പോഴത്തെ മറ്റ് വിലകൾ.
ഉച്ചയൂണിനാണ് ബത്തേരിയിലെ സുഭിക്ഷയിൽ വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നത്. സാമ്പാർ, മീൻചാർ, ഉപ്പേരി, അച്ചാർ എന്നിവയാണ് ഊണിനോടൊപ്പമുള്ളത്. സാധാരണക്കാരായ നിരവധി ആളുകളാണ് വിലക്കുറവ് ഉപയോഗപ്പെടുത്തിയിരുന്നത്.
നഗരത്തിൽ പൊലീസ് സ്റ്റേഷൻ റോഡിലും കോട്ടക്കുന്നിലുമാണ് സർക്കാർ സബ്സിഡിയിൽ വനിതകൾ നടത്തുന്ന മറ്റ് ഭക്ഷണശാലകൾ. അവിടെ ഊണിന് 20 രൂപ എന്നത് നേരത്തെ തന്നെ 30 രൂപയാക്കി സർക്കാർ വർധിപ്പിച്ചിരുന്നു. അവിടങ്ങളിലെ വലിയ തിരക്കും സ്ഥലപരിമിതിയും കാരണം നിരവധി ആളുകൾ ഗാരേജിനടുത്തെ സുഭിക്ഷയിലേക്ക് എത്തിയിരുന്നു.