ഒ.പിയിലും ഫാർമസിയിലും ഡയാലിസിസ് യൂനിറ്റിലും കാത്തുനിന്ന് കുഴഞ്ഞ് രോഗികൾ; ആവശ്യത്തിനു ഡോക്ടർമാരില്ല; പരാധീനതകൾക്കു നടുവിൽ താലൂക്ക് ഹെഡ് ക്വാട്ടേഴ്സ് ആശുപത്രി
text_fieldsബത്തോരി താലൂക്ക് ആശുപത്രി ഫാർമസിക്ക് മുന്നിലെ തിരക്ക്
സുൽത്താൻ ബത്തേരി: താലൂക്ക് ഹെഡ് ക്വാട്ടേഴ്സ് ആശുപത്രിയിൽ രോഗികളുടെ ദുരിതത്തിന് അറുതിയില്ല. ഒ.പി ഉൾപ്പെടെ സകല വിഭാഗങ്ങളിലും രോഗികൾ വലയുകയാണ്. ആയിരത്തോളം രോഗികളാണ് ദിവസവും ഒ.പിയിൽ എത്തുന്നത്. ചില ദിവസം ആയിരത്തിന് മുകളിൽ പോകും. രാവിലെ എട്ടുമണിയോടെ തുടങ്ങുന്ന തിരക്ക് ഉച്ചക്ക് ഒരുമണി കഴിഞ്ഞാലും തീരാറില്ല. രോഗികളുടെ എണ്ണമനുസരിച്ച് ഡോക്ടർമാർ ഇല്ലാത്തതാണ് വലിയ പ്രയാസമുണ്ടാക്കുന്നത്. ബുധനാഴ്ച ഒ.പിയിൽ നാല് ഡോക്ടർമാരാണ് ഉണ്ടായിരുന്നത്.
എന്നാൽ, ഉച്ചക്ക് ഒരു മണിയായിട്ടും 200 ഓളം രോഗികൾ ഒ.പിയിൽ കാത്തു നിൽക്കുന്നുണ്ടായിരുന്നു. ഇതേ അവസ്ഥ തൊട്ടടുത്തുള്ള ഫാർമസിക്ക് മുമ്പിലുമുണ്ട്. നാല് കൗണ്ടറുകളുണ്ടായിട്ടും ഫാർമസിയിൽ മെല്ലെപ്പോക്ക് സമീപനമാണ്. ഒ.പി പരിശോധനക്ക് ശേഷം ലാബ്, എക്സറേ ആവശ്യമുള്ള രോഗികൾ അവിടെയെല്ലാം പോയതിനുശേഷം വീണ്ടും ഡോക്ടറെ കണ്ടതിനുശേഷമാണ് ഫാർമസിക്ക് മുന്നിൽ എത്തുന്നത്. അവിടെയും ഏറെനേരം കാത്തുനിൽക്കേണ്ടിവരുന്നത് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നതായി രോഗികൾ പറയുന്നു.
ആശുപത്രിയോടനുബന്ധിച്ചുള്ള ഡയാലിസിസ് യൂനിറ്റിന്റെ പ്രവർത്തനവും കാര്യക്ഷമമാകുന്നില്ല. മൂന്ന് ഷിഫ്റ്റുകളായാണ് ഡയാലിസിസ് യൂനിറ്റ് പ്രവർത്തിക്കുന്നത്. ദിവസവും മുപ്പതോളം രോഗികളാണ് ഇവിടെ ഡയാലിസിനായെത്തുന്നത്.
എട്ടു ജീവനക്കാർ വേണ്ടിടത്ത് അത്രയും ജീവനക്കാർ ഇല്ലെന്നാണ് ഇപ്പോഴത്തെ പരാതി. ഡയാലിസിസ് പ്രക്രിയ നാല് മണിക്കൂറോളം നീളുന്നതാണ്. ഇതിനിടയിൽ രോഗികൾക്ക് എന്തെങ്കിലും അസ്വസ്ഥത ഉണ്ടായാൽ ജീവനക്കാരുടെയും ഡോക്ടറുടെയും സാമീപ്യം അത്യാവശ്യമാണ്. എന്നാൽ, ഇത് വേണ്ടത്ര ലഭ്യമാകുന്നില്ല. ഡയാലിസിസ് യൂനിറ്റിന് തൊട്ടടുത്ത് തന്നെയാണ് കോടികൾ മുടക്കി നിർമിച്ച സ്ത്രീകളുടെയും കുട്ടികളുടെയും ബഹുനില ബ്ലോക്ക്. ഇത് തുറന്നുകൊടുക്കാനുള്ള നടപടിയും എങ്ങുമെത്തിയിട്ടില്ല.