സുൽത്താൻ ബത്തേരി നഗരസഭയിൽ ആദ്യം കച്ചമുറുക്കിയത് എൽ.ഡി.എഫ്; ഭരണം തിരിച്ചു പിടിക്കാനുറച്ച് യു.ഡി.എഫ്
text_fieldsസുൽത്താൻ ബത്തേരി: ഇടതുപക്ഷം ഭരിക്കുന്ന സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റിയിൽ ഇത്തവണയും ഭരണം നിലനിർത്തുക എന്ന ഉദ്ദേശത്തോടെ ആദ്യം കച്ചമുറുക്കിയത് ഇടതുപക്ഷം. അതേസമയം ഭരണം തിരിച്ചുപിടിച്ച് പഴയ മുന്നണി പ്രതാപം വീണ്ടെടുക്കുക എന്ന ലക്ഷ്യമാണ് യു.ഡി.എഫിനുള്ളത്. യു.ഡി.എഫ് സ്ഥാനാർഥികൾ കൂടി രംഗത്ത് വന്നാൽ ബത്തേരിയിൽ പോരാട്ടം തീ പാറുമെന്നുറപ്പ്.
ബുധനാഴ്ച സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് യു.ഡി.എഫ് കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. കഴിഞ്ഞ തവണ 35 ഡിവിഷനുകളാണ് സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റിയിൽ ഉണ്ടായിരുന്നത്. ഇത്തവണ അത് 36 ആയിട്ടുണ്ട്. സീക്കുന്ന് എന്ന പേരിലാണ് പുതിയ ഡിവിഷൻ. ഇടതുപക്ഷത്തിന്റെ സീറ്റ് വിഭജനത്തിൽ സി.പി.എം 29 സീറ്റിലാണ് മത്സരിക്കുന്നത്. സി.പി.ഐ മൂന്ന്, കേരള കോൺഗ്രസ്- എം രണ്ട്, ജനതാദൾ എസ്, ആർ.ജെ.ഡി എന്നിവർ ഓരോസീറ്റിലും മത്സരിക്കും. നിലവിൽ ഭരണസമിതിയിലെ 12 അംഗങ്ങൾ ഇത്തവണയും മത്സര ഗോദയിൽ ഇടതുപക്ഷത്തിന് വേണ്ടി രംഗത്തുണ്ട്.
ചെയർമാൻ ടി.കെ. രമേശ് കരിവള്ളിക്കുന്ന് ഡിവിഷനിലാണ് ജനവിധി തേടുന്നത്. വൈസ് ചെയർമാനായ എൽ.സി. പൗലോസ് 25 മത് ഡിവിഷനായ സുൽത്താൻ ബത്തേരിയിലാണ് മത്സരിക്കുന്നത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഐ.സി. ബാലകൃഷ്ണനെതിരെ മത്സരിച്ച എം.എസ്. വിശ്വനാഥൻ ഇത്തവണ നഗരസഭയിലേക്ക് സി.പി.എമ്മിന്റെ സ്ഥാനാർഥിയായി പൂമല ഡിവിഷനിൽ നിന്ന് ജനവിധി തേടുന്നത് പ്രത്യേകതയാണ്. കെ.പി.സി.സി സെക്രട്ടറിയായിരുന്ന വിശ്വനാഥൻ കോൺഗ്രസുമായി ഇടഞ്ഞതിനു ശേഷമാണ് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് ഇടതുപക്ഷത്തിലേക്ക് ചേക്കേറുന്നത്. അതിനാൽ പൂമലയിലെ വിജയം വിശ്വനാഥനെ സംബന്ധിച്ചിടത്തോളം അനിവാര്യമായിരിക്കുകയാണ്.
കരുവള്ളിക്കുന്ന് വാർഡ് പൊതുവേ യു.ഡി.എഫിന് മുൻതൂക്കമുള്ളതാണ്. ചെയർമാൻ ടി.കെ. രമേശിന് അവിടെ നിന്നും നിഷ്പ്രസം ജയിച്ച് കയറാൻ കഴിയുമോ എന്നത് കണ്ടറിയണം. മുമ്പ് ഈ ഡിവിഷനിൽ ഇടതുപക്ഷം വിജയിച്ചിട്ടുണ്ട്. ഇത്തവണ യു.ഡി.എഫിൽ മുസ് ലിം ലീഗ് 14 സീറ്റിലാണ് മത്സരിക്കുക. 22 സീറ്റിൽ മത്സരിക്കാൻ കോൺഗ്രസ് ആഗ്രഹിക്കുന്നു. എന്നാൽ കേരള കോൺഗ്രസ്- എസ് ഒരു സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. അങ്ങനെയെങ്കിൽ കോൺഗ്രസിന്റെ ഒരു സീറ്റ് കുറയും.
25ാം ഡിവിഷനായ സുൽത്താൻ ബത്തേരി ഡിവിഷനിൽ കഴിഞ്ഞവർഷം മുസ് ലിം ലീഗായിരുന്നു മത്സരിച്ചത്. അന്ന് തോറ്റ ഡിവിഷൻ ഇത്തവണ ലീഗ് വേണ്ടെന്ന് വെച്ചിരിക്കുകയാണ്. പകരം പുതിയതായി രൂപവത്കരിച്ച സീക്കുന്ന് കോൺഗ്രസിൽ നിന്നും ലീഗ് വാങ്ങി. ഈ ഡിവിഷൻ സുരക്ഷിതമാണെന്നാണ് ലീഗ് കണക്കുകൂട്ടുന്നത്. ലീഗ് ജില്ല സെക്രട്ടറി പി.പി. അയ്യൂബ്, ലീഗിലെ ബത്തേരിയിലെ പ്രധാന നേതാവായ ഷബീർ അഹമ്മദ് എന്നിവരൊന്നും കഴിഞ്ഞ തവണ മത്സരിച്ചിരുന്നില്ല. മൂന്ന് തവണ മത്സരിച്ചതിനുശേഷം ഒരു തവണ വിട്ടു നിന്നവർക്ക് ഇത്തവണ മത്സരിക്കാമെന്ന ഇളവ് ഇവർക്ക് ഗുണമാകും.
'ഹാപ്പി ഹാപ്പി ബത്തേരി' എന്ന ടാഗ് ലൈനിൽ ഊന്നിയുള്ള വികസന ചരിത്രമാണ് ഇടതുമുന്നണി ഇത്തവണ സുൽത്താൻ ബത്തേരിയിൽ ഉയർത്തിക്കാട്ടുന്നത്. 'ക്ലീൻ സിറ്റി ഫ്ലവർ സിറ്റി' എന്നതാണ് കഴിഞ്ഞ തവണ എൽ.ഡി.എഫ് ഉയർത്തിപ്പിടിച്ച വലിയ മുദ്രാവാക്യം. അതിൽ അവർ വിജയിക്കുകയും ചെയ്തു.
ഇത്തവണ ആരോഗ്യ, വിദ്യാഭ്യാസ, ഗതാഗത മേഖലകളിലെ വികസനങ്ങളും ഇടതുപക്ഷം ഉയർത്തിക്കാട്ടുന്നുണ്ട്. സമൂഹ മാധ്യമങ്ങളിലെ പ്രചരണത്തിനായി വലിയൊരു ടീം തന്നെ ഇടതുപക്ഷത്തിനായി രംഗത്തിറങ്ങിയിട്ടുണ്ട്. ഇടതുപക്ഷത്തിന്റെ അവകാശവാദങ്ങൾ പൊള്ളയാണെന്ന രീതിയിലാണ് യു.ഡി.എഫ് കേന്ദ്രങ്ങളിൽ നിന്നുള്ള പ്രചാരണം. സാമൂഹ്യ മാധ്യമങ്ങളിൽ യു.ഡി.എഫിന് വേണ്ടിയും പ്രചാരണം കൊഴുക്കുകയാണ്.


