ചീരാലിൽ പുലി; ജനം ഭീതിയിൽ
text_fieldsചൊവ്വാഴ്ച രാത്രി ചീരാൽ ടൗണിനടുത്ത് കണ്ട പുലി
സുൽത്താൻ ബത്തേരി: നെൻമേനി പഞ്ചായത്തിലെ ചീരാൽ പ്രദേശത്ത് പുലി, കടുവ സാന്നിധ്യം. ചൊവ്വാഴ്ച രാത്രി ടൗണിനടുത്താണ് പുലിയെത്തിയത്. ഏതാനും ദിവസം മുൻപ് കടുവ വളർത്തു മൃഗത്തെ ആക്രമിച്ച സംഭവവുമുണ്ടായിട്ടുണ്ട്. ഇരുചക്ര വാഹന യാത്രക്കാർ പെട്രോൾ പമ്പിനടുത്താണ് പുലിയെ കണ്ടത്. അൽപസമയം റോഡിലേക്ക് നോക്കിനിന്ന പുലി പിന്നീട് സ്വകാര്യ തോട്ടത്തിലേക്ക് ഓടി മറയുകയായിരുന്നു.
വനം വകുപ്പ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല. ചീരാലിനടുത്താണ് പഴൂർ വനമുള്ളത്. തോട്ടാമൂല വനം ഓഫിസും ഇവിടെയാണ്. ഈ വനത്തിൽ നിന്നായിരിക്കും പുലി ചീരാൽ പ്രദേശത്തെത്തിയത് എന്നാണ് നിഗമനം. അടുത്തിടെ ജില്ലയിൽ വന്യമൃഗ ശല്യം രൂക്ഷമായിട്ടുണ്ട്.
ജനവാസ മേഖലകളിൽ കടുവയും ആനയും പുലിയുമെല്ലാം തമ്പടിക്കുന്നത് കാരണം ഏറെ ഭീതിയിലാണ് ജനങ്ങൾ. കാട്ടാനകൾ കാർഷിക വിളകൾ നശിപ്പിക്കുന്നതും വ്യാപകമാണ്. വന്യമൃഗ ശല്യം കാരണം രാത്രിയിൽ പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യമാണ് പല പ്രദേശങ്ങളിലും.