എൻ.എം. വിജയന്റെ ആത്മഹത്യ; കോൺഗ്രസ് പ്രതിരോധത്തിൽ
text_fieldsസുൽത്താൻ ബത്തേരി: ഡി.സി.സി ട്രഷറർ എൻ.എം. വിജയന്റെയും മകന്റെയും ആത്മഹത്യയെത്തുടർന്നുണ്ടാകുന്ന വിവാദങ്ങൾ ജില്ലയിലെ കോൺഗ്രസിനെ പ്രതിരോധത്തിലാക്കുന്നു. സുൽത്താൻ ബത്തേരി അർബൻ ബാങ്കിൽ ജോലിക്കായി കോൺഗ്രസ് നേതാക്കൾക്ക് കോഴ കൊടുത്തതായി ആരോപിച്ച് കൂടുതൽ പേർ രംഗത്ത് വന്നിരിക്കുകയാണ്. ഐ.സി. ബാലകൃഷ്ണൻ എം.എൽ.എക്കെതിരെ സി.പി.എം ശക്തമായാണ് രംഗത്തുള്ളത്. ആത്മഹത്യക്ക് കാരണമായി സാമ്പത്തിക പ്രശ്നങ്ങളുണ്ടെന്ന് തന്നെയാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളിലെ സംഭവങ്ങൾ തെളിയിക്കുന്നത്.
സുൽത്താൻ ബത്തേരി അർബൻ ബാങ്കിൽ ജോലിക്കായി 22 ലക്ഷം രൂപ കോൺഗ്രസ് നേതാക്കൾക്ക് കോഴ കൊടുത്തതായി പറഞ്ഞ് താളൂർ അപ്പോഴത്ത് പത്രോസ് രംഗത്തുവന്നത് കഴിഞ്ഞദിവസമാണ്. ഇത് സംബന്ധിച്ച് പത്രോസ് ജില്ല പൊലീസ് മേധാവിക്ക് പരാതി കൊടുത്തിട്ടുണ്ട്. നെന്മേയിലെ കോൺഗ്രസ് നേതാക്കളാണ് 22 ലക്ഷം രൂപ 2014ൽ വാങ്ങിയെടുത്തത്. 2020 ആയിട്ടും ജോലി ലഭിച്ചില്ല. പിന്നീട് എൻ.എം. വിജയന്റെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ മൂന്നുലക്ഷം രൂപ തിരികെ ലഭിച്ചതായി പത്രോസ് പറയുന്നു. കോളിയാടി താമരച്ചാലിൽ ഐസക്കും പരാതിയുമായി മാധ്യമങ്ങൾക്ക് മുന്നിൽ എത്തിയിരുന്നു.
17 ലക്ഷം രൂപയാണ് ഐസക്ക് കൊടുത്തത്. മീനങ്ങാടി സ്വദേശി പീറ്റർ മാസ്റ്റർ എന്നയാൾ മുമ്പ് കോൺഗ്രസ് നേതാക്കൾക്ക് കോഴ കൊടുത്തതായി പറഞ്ഞ് രംഗത്ത് വന്നിരുന്നു. ഇതു സംബന്ധിച്ച് തയാറാക്കിയ കരാറിൽ എം.എൽ.എയുടെ പേര് സൂചിപ്പിച്ചിരുന്നു. എന്നാൽ, തന്റെ പേര് വ്യാജമായി എഴുതിച്ചേർത്തതെന്നായിരുന്നു ഐ.സി. ബാലകൃഷ്ണൻ എം.എൽ.എയുടെ വിശദീകരണം. ഇക്കാര്യമുന്നയിച്ച് എം.എൽ.എ ചൊവ്വാഴ്ച ജില്ല പൊലീസ് മേധാവിക്ക് പരാതി കൊടുത്തിരുന്നു.
സുൽത്താൻ ബത്തേരി അർബൻ ബാങ്കിൽ ചെയർമാനായിരുന്ന ഡോ. സണ്ണി ജോർജ്, ഐ.സി. ബാലകൃഷ്ണൻ ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരെ ആരോപണവുമായി രംഗത്തുവന്നത് കോൺഗ്രസിന് ഇപ്പോൾ വലിയ ക്ഷീണമായിരിക്കുകയാണ്. 2021ൽ അർബൻ ബാങ്കിൽ ആറ് തസ്തികകൾ ഒഴിവുണ്ടായിരുന്നതായി സണ്ണി ജോർജ് വ്യക്തമാക്കുന്നുണ്ട്. എന്നാൽ, 17 പേരുടെ ലിസ്റ്റ് തന്നതിനുശേഷം നിയമനം നടത്താൻ അന്ന് ഡി.സി.സി പ്രസിഡന്റായിരുന്ന ഐ.സി. ബാലകൃഷ്ണൻ ഉൾപ്പെടെയുള്ള നേതാക്കൾ ആവശ്യപ്പെട്ടു. കോൺഗ്രസ് ഭരിക്കുന്ന ബാങ്കിൽ കോൺഗ്രസുകാർക്ക് നിയമനം ലഭിക്കട്ടെ എന്നതായിരുന്നു നേതാക്കളുടെ നിലപാട്. ലിസ്റ്റ് പരിശോധിച്ചപ്പോൾ റാങ്കിൽ വളരെ പിന്നാക്കമുള്ളവരും ലിസ്റ്റിൽ പെടാത്തവരും ഉൾപ്പെട്ടതായി കണ്ടെത്തി. ലിസ്റ്റ് പ്രകാരം നിയമനം നടത്താൻ പ്രയാസമാണെന്ന് താൻ വ്യക്തമാക്കി. തുടർന്ന് കോൺഗ്രസ് നേതാക്കൾ തന്നോട് പരുഷമായി സംസാരിക്കുന്ന സാഹചര്യമുണ്ടായി. ലിസ്റ്റ് പ്രകാരം നിയമനത്തിന് വഴങ്ങാത്തതുകൊണ്ടാണ് തന്നെ കോൺഗ്രസ് പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തതെന്നും ഡോ. സണ്ണി ജോർജ് 'മാധ്യമ'ത്തോട് പറഞ്ഞു.
താളൂർ സ്വദേശിയുടെ ആരോപണവുമായി ബന്ധപ്പെട്ട് താൻ നിരപരാതിയാണെന്ന് നെന്മേനിയിലെ കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ് സി.ടി. ചന്ദ്രൻ പ്രതികരിച്ചു. ജോലി കൊടുക്കാമെന്ന് പറഞ്ഞ് ഏതാനും നേതാക്കൾ പണം വാങ്ങിയതായി ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് ഒത്തുതീർപ്പിനായി എഗ്രിമെന്റ് ഉണ്ടാക്കാൻ മണ്ഡലം പ്രസിഡന്റ് എന്ന നിലയിൽ താൻ അവരുമായി ബന്ധപ്പെട്ടു. എഗ്രിമെന്റിൽ സാക്ഷിയായി ഒപ്പിടുകയും ചെയ്തു. താൻ പണം വാങ്ങിയ ആരോപണം കളവാണെന്നും സി.ടി. ചന്ദ്രൻ വ്യക്തമാക്കി.
അതേസമയം, എൻ.എം. വിജയന്റെ മരണവുമായി ബന്ധപ്പെട്ടിട്ടുള്ള വിവാദങ്ങൾ ഉൾപ്പെടെയുള്ളവ ബത്തേരി ഡിവൈ.എസ്.പി കെ. അബ്ദുൽ ഷെരീഫിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിച്ചുവരികയാണ്. എൻ.എം. വിജയന് വിവിധ ബാങ്കുകളിലായി പത്തിലേറെ അക്കൗണ്ടുകൾ ഉള്ളതായി വിവരം പുറത്തുവന്നിട്ടുണ്ട്.