എൻ.എം. വിജയന്റെ ആത്മഹത്യ; എം.എൽ.എ നാട്ടിലെത്തിയില്ല
text_fieldsസുൽത്താൻ ബത്തേരി: ഡി.സി.സി ട്രഷറർ എൻ.എം. വിജയന്റെയും മകന്റെയും ആത്മഹത്യയെത്തുടർന്ന് ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തപ്പെട്ട ഉടനെ കർണാടകയിലേക്ക് പോയ ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ ശനിയാഴ്ച തിരിച്ചെത്തുമെന്ന് അറിയിച്ചെങ്കിലും എത്തിയില്ല.
തിങ്കളാഴ്ചക്കു ശേഷമേ എത്താൻ സാധ്യതയുള്ളുവെന്നാണ് എം.എൽ.എയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്. ഞായറാഴ്ചയോ തിങ്കളാഴ്ചയോ ബംഗളുരുവിലെ ആശുപത്രിയിൽ മെഡിക്കൽ ചെക്കപ്പിന് വിധേയമാകും. അതിനുശേഷമേ വയനാട്ടിലേക്ക് മടങ്ങൂ.
ആത്മഹത്യാപ്രേരണ കുറ്റം ചുമത്തപ്പെട്ട ഉടനെ എം.എൽ.എ മുങ്ങിയെന്ന ആരോപണം ശക്തമായതിനെത്തുടർന്ന് വെള്ളിയാഴ്ച എം.എൽ.എ വിശദീകരണവുമായി രംഗത്ത് വന്നിരുന്നു. താൻ കർണാടകയിൽ ഉണ്ടെന്നും ഒരു സുഹൃത്തിന്റെ മകളുടെ കല്യാണത്തിൽ പങ്കെടുക്കാൻ എത്തിയതാണെന്നും ശനിയാഴ്ച തിരിച്ചുവരുമെന്നുമായിരുന്നു എം.എൽ.എ വീഡിയോ സന്ദേശത്തിൽ പങ്കുവെച്ചത്.
എം.എൽ.എയോടൊപ്പം പ്രതിചേർക്കപ്പെട്ട വയനാട് ഡി.സി.സി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ, മുൻ കോൺഗ്രസ് നേതാവ് കെ.കെ. ഗോപിനാഥൻ എന്നിവരും സ്ഥലത്തില്ലെന്ന സൂചനകളാണ് ലഭിക്കുന്നത്.
പ്രതിചേർക്കപ്പെട്ടവരെ 15 വരെ അറസ്റ്റ് ചെയ്യരുതെന്ന് ജില്ല സെഷൻസ് കോടതി പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
അതേസമയം, കേസിൽ പ്രതിചേർക്കപ്പെട്ട എൻ.ഡി. അപ്പച്ചനെ ഡി.സി.സി പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കുമെന്ന സൂചനകൾ പുറത്തുവരുന്നുണ്ട്. ഞായറാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയിൽ വിഷയം ചർച്ച ചെയ്യും.
സംഘടനയുടെ വയനാട്ടിലെ ചുമതലയുള്ള സണ്ണി ജോസഫ് എം.എൽ.എക്ക് ഡി.സി.സി പ്രസിഡന്റിന്റെ താൽക്കാലിക ചുമതല കൈമാറാനും സാധ്യതയുണ്ട്. ഒരു മാസത്തിനുള്ളിൽ പുതിയ ഡി.സി.സി പ്രസിഡന്റിനെ ചുമതലപ്പെടുത്തുമെന്ന വിവരവും കോൺഗ്രസ് കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്നുണ്ട്.
എം.എൽ.എയുടെ ശിപാർശയിലല്ല ജോലി ലഭിച്ചതെന്ന് പിതാവ്
സുൽത്താൻ ബത്തേരി: എം.എൽ.എ ഐ.സി ബാലകൃഷ്ണന്റെ ശിപാർശയിലാണ് തന്റെ മകൾ അനിലക്ക് സുൽത്താൻ ബത്തേരി അർബൻ ബാങ്കിൽ സ്വീപ്പർ തസ്തികയിൽ ജോലി ലഭിച്ചതെന്ന സി.പി.എം ആരോപണത്തെ തള്ളി കോൺഗ്രസ് നേതാവ് ചോരംകൊല്ലി ബാലകൃഷ്ണൻ. എം.എൽ.എ ശിപാർശക്കത്ത് തന്നു എന്നത് യാഥാർഥ്യമാണ്. എന്നാൽ, അതിന് പിന്നിൽ പണമിടപാട് നടന്നുവെന്നത് ശരിയല്ല.
2015ൽ പത്ര പരസ്യം കണ്ടാണ് സുൽത്താൻ ബത്തേരി സഹകരണ അർബൻ ബാങ്കിൽ തന്റെ മകൾ ആദ്യമായി അപേക്ഷ അയക്കുന്നത്. തുടർന്ന് പരീക്ഷ എഴുതി. റിസൽട്ട് വന്നപ്പോൾ ജനറൽ കാറ്റഗറിയിൽ ഒമ്പതാം സ്ഥാനവും പട്ടികജാതി കാറ്റഗറിയിൽ ഒന്നാം സ്ഥാനവും ലഭിച്ചു. എന്നാൽ 2018 ആയിട്ടും ജോലി ലഭിച്ചില്ല. തുടർന്ന് സഹകരണ വകുപ്പുമായി ബന്ധപ്പെട്ട് അനുകൂല ഉത്തരവ് വാങ്ങി ബാങ്കിനെ സമീപിച്ചു. എന്നിട്ടും ജോലി കിട്ടാതെ വന്നതോടെ അന്നത്തെ ഡി.സി.സി പ്രസിഡന്റും എം.എൽ.എയുമായ ഐ.സി. ബാലകൃഷ്ണനെ സമീപിച്ചു.
രേഖകൾ പരിശോധിച്ചതിനു ശേഷം മകൾക്ക് ജോലിക്ക് അർഹതയുണ്ട് എന്ന് ബോധ്യപ്പെട്ട ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ ബാങ്ക് അധികൃതർക്ക് കൊടുക്കാനായി ഒരു കത്ത് നൽകുകയായിരുന്നു. എന്നാൽ, ആ ശിപാർശക്കത്തിലും ജോലി ലഭിച്ചില്ല. പിന്നീട് ഒരു വർഷത്തിനുശേഷം ഹൈകോടതിയെ സമീപിച്ച് അനുകൂല വിധി നേടി. അപ്പോഴും ബാങ്ക് അധികൃതർ പറഞ്ഞത് സ്വീപ്പർ തസ്തികയിൽ ഒഴിവില്ലെന്നാണ്. പിന്നീട് 2022ൽ ഒഴിവു വരുകയും അപേക്ഷ ക്ഷണിക്കുകയും ചെയ്തു. അപേക്ഷ അയച്ച മകൾക്ക് പരീക്ഷയിൽ ഒന്നാം റാങ്ക് ലഭിച്ചതോടെയാണ് നിയമനം ലഭിച്ചതെന്നും ചോരംകൊല്ലി ബാലകൃഷ്ണൻ പറഞ്ഞു.