ബത്തേരി ചീനപുല്ലിൽ ലീഗിനെ വിറപ്പിക്കാൻ ‘ലീഗുകാരൻ’
text_fieldsസുൽത്താൻ ബത്തേരി നഗരസഭയിലെ ചീനപുല്ല് ഡിവിഷനിലെ പ്രചാരണ ബോർഡുകൾ
സുൽത്താൻ ബത്തേരി: മുനിസിപ്പാലിറ്റിയിലെ 33ാമത് ഡിവിഷനായ ചീനപുല്ലിൽ മുസ് ലിം ലീഗ് സ്ഥാനാർഥിയും വിമത സ്ഥാനാർഥിയും തമ്മിൽ കടുത്ത പോരാട്ടമാണ് നടക്കുന്നത്. ബത്തേരിയിലെ ലീഗിലെ പ്രമുഖ നേതാവ് ഷബീർ അഹമ്മദാണ് യു.ഡി.എഫ് സ്ഥാനാർഥി. ഇടതുപക്ഷം അമീർ അറക്കലിനെയാണ് രംഗത്തിറക്കിയത്. എന്നാൽ, ഷബീറിനെതിരെ മുസ് ലിം ലീഗിന്റെ മുനിസിപ്പൽ ജോ. സെക്രട്ടറി നൗഷാദ് മംഗലശ്ശേരി തന്നെ രംഗത്ത് വന്നതോടെ ത്രികോണ മത്സരമായി.
നൗഷാദ് മത്സരത്തിൽനിന്ന് പിൻവാങ്ങുമെന്ന് ലീഗ് പ്രതീക്ഷിച്ചതെങ്കിലും അതുണ്ടായില്ല. തുടർന്ന് അദ്ദേഹത്തെ ഭാരവാഹി സ്ഥാനങ്ങളിൽനിന്നും ലീഗ് നേതൃത്വം മാറ്റിയിട്ടുണ്ട്. ലീഗിന്റെയും ഇടതുപക്ഷത്തിന്റെയും സ്ഥാനാർഥികൾ ഡിവിഷനിലെ താമസക്കാരല്ല. പുറമേ നിന്നുള്ള സ്ഥാനാർഥിയുടെ ആവശ്യം ചീനപുല്ലിൽ വേണ്ടെന്ന വാദമാണ് നൗഷാദ് ഉന്നയിക്കുന്നത്.
എന്നാൽ, വിമതൻ ഒരുവിധത്തിലുള്ള ഭീഷണിയും തങ്ങൾക്കുണ്ടാക്കില്ലെന്നാണ് ലീഗ് നേതാക്കൾ പറയുന്നത്. വലിയ വിജയപ്രതീക്ഷയിലാണ് അമീർ അറക്കൽ ചീനപുല്ലിലെത്തിയത്. വിമതന്റെ സാന്നിധ്യം അമീറിന് കൂടുതൽ ആത്മവിശ്വാസമുണ്ടാക്കുന്നുണ്ട്.
പൊതുവേ യു.ഡി.എഫിനെ പിന്തുണച്ച ചരിത്രമാണ് ചീനപുല്ല് മേഖലക്കുള്ളത്. അതിനാൽ സുരക്ഷിത മണ്ഡലം തേടിയാണ് ലീഗ് സ്ഥാനാർഥിയെത്തിയത്. മത്സരം ത്രികോണമായതോടെ സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റിയിലെ ഏറ്റവും വാശിയേറിയ മത്സരമാണ് ചീനപുല്ലിൽ നടക്കുന്നത്.


