ചക്കയിൽ കോടികൾ മുടക്കി, ജോൺസൻ വൻ സംരംഭകനായി
text_fieldsജോൺസൺ
സുൽത്താൻ ബത്തേരി: കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മൂല്യവർധിത മേഖലയിൽ സംസ്ഥാനത്തെ മികച്ച സംരംഭകനായി തിരഞ്ഞെടുത്തത് മീനങ്ങാടിയിലെ പരുവന്താനിയിൽ ജോൺസനെയാണ്. ചക്കയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് വ്യത്യസ്തമായി ചിന്തിച്ചതാണ് ഈ കർഷകന് നേട്ടമായത്. ചക്ക എന്നാൽ സീറോ വേസ്റ്റ് എന്നാണ് ജോൺസൺ പറയുന്നത്. കാരണം ചക്കയിൽ ഒഴിവാക്കാൻ ഒന്നുമില്ല.
ജാം, അച്ചാർ, പുട്ടുപൊടി, ചക്ക മുള്ളുകൊണ്ട് ദാഹശമിനി, ചക്കയും ചക്കക്കുരുവുംകൊണ്ട് ഉൽപാദിപ്പിക്കുന്ന ചക്കപ്പൊടി എന്നിങ്ങനെ പോകുന്നു വിഭവങ്ങൾ. മാങ്ങ, അവക്കാഡോ, ഫാഷൻഫ്രൂട്ട്, അനാർ, പപ്പായ, പൈനാപ്പിൾ എന്നിവ കൊണ്ടുള്ള വിഭവങ്ങളും ജോൺസന്റെ ഫാക്ടറിയിൽ ഉൽപാദിപ്പിക്കുന്നുണ്ട്. പഴങ്ങൾകൊണ്ട് പ്രധാനമായും ഐസ്ക്രീം ഉൽപന്നങ്ങളാണ്. കേരളത്തിനു പുറമേ ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിലും ഉൽപന്നങ്ങൾക്ക് വിപണിയുണ്ട്.
പരുവന്താനിയിൽ ജോൺസന്റെ ഫാക്ടറി
മീനങ്ങാടി പി.ബി.എം കവലക്കടുത്താണ് ജോൺസന്റെ ഫാക്ടറിയുള്ളത്. ഫാക്ടറി സ്ഥാപിക്കാൻ ഏകദേശം നാലു കോടിയിലേറെ രൂപ ജോൺസൺ ബാങ്ക് വായ്പ എടുത്തിട്ടുണ്ട്. ഉൽപാദനവും വിപണനവും നല്ല രീതിയിൽ നടന്നാൽ തിരിച്ചടവും മറ്റു കാര്യങ്ങളും ഉഷാറായി പോകുമെന്നാണ് ഈ സംരംഭകനായ കർഷകൻ പറയുന്നത്. ഭാര്യ ഷൈലയും ഭാര്യയുടെ സഹോദരൻ വിൽസനുമാണ് ഫാക്ടറിയുടെ കാര്യങ്ങൾ നിയന്ത്രിക്കുന്നത്. 60 തൊഴിലാളികളുമുണ്ട്.