ബത്തേരി ഹൈവേ കവർച്ച: രണ്ടു പേർ കൂടി അറസ്റ്റിൽ ഇതുവരെ കേസിൽ 9 പേർ പിടിയിലായി
text_fieldsപ്രതികൾ
ബത്തേരി: ആയുധധാരികളായ സംഘം രാത്രി ദേശീയപാതയില്‍ വാഹനം തടഞ്ഞു നിര്‍ത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യാത്രക്കാരെ മര്‍ദിച്ചശേഷം കവര്‍ച്ച ചെയ്ത സംഭവത്തില്‍ രണ്ടു പേർ കൂടി അറസ്റ്റിൽ. പൊലീസ് കസ്റ്റഡിയിൽനിന്നും ചാടിപ്പോയ പ്രതിയായ സുഹാസിന് ഒളിവിൽ താമസിക്കാൻ സൗകര്യം ഒരുക്കിയും കൈവിലങ്ങ് ഗ്യാസ് കട്ടറുപയോഗിച്ച് മുറിച്ചു മാറ്റിയും സഹായിച്ച കൊല്ലം ചവറ, പൊന്മന പിള്ളവീട്ടിൽ പടീറ്റതിൽ വീട്ടിൽ രവീന്ദ്രൻ (64), എറണാകുളം തൃപ്പൂണിത്തറ വെളിയിൽ വീട്ടിൽ ഷിജു (51) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഇവർ വെൽഡിങ് ജോലിക്കാരാണ്. ഇതോടെ കേസിൽ 9 പേർ പിടിയിലായി.
നവംബര്‍ നാലിന് രാത്രിയാണ് സംഭവം. കോഴിക്കോട് സ്വദേശിയും ഡ്രൈവറും ബിസിനസ് ആവശ്യത്തിനായി ബംഗളുരുവില്‍ പോയി തിരിച്ചു വരവെ ഇവർ രണ്ട് വാഹനങ്ങളിലായി പിന്തുടരുകയായിരുന്നു. കല്ലൂര്‍ 67 പാലത്തിന് സമീപംവെച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും മര്‍ദിക്കുകയും ചെയ്തു. തുടര്‍ന്ന് വാഹനം, ലാപ്ടോപ്പ്, ടാബ്, മൊബൈൽഫോണ്‍, ബാഗുകള്‍ തുടങ്ങിയവ കവരുകയായിരുന്നു. വാഹനം പിന്നീട് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.


