നിരോധിത പുകയില ഉൽപന്ന മൊത്തക്കച്ചവടക്കാരന് പിടിയില്‍
text_fieldsസുൽത്താൻ ബത്തേരി: കൊളഗപ്പാറ പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന പാര്‍സല്‍ സർവിസ് കേന്ദ്രത്തില്‍ നടത്തിയ പരിശോധനയില്‍ നിരോധിത പുകയില ഉൽപന്നങ്ങള് പിടികൂടി. പാര്‍സല്‍ സർവിസ് ജീവനക്കാര്‍ക്ക് ലഭിച്ച പാര്‍സലില്‍ ലഹരി വസ്തുക്കളുടെ സാന്നിധ്യം സംശയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇവർ ബത്തേരി എക്സൈസ് ഇന്‍സ്പെക്ടറെ അറിയിച്ചതിനെ തുടര്‍ന്നായിരുന്നു പരിശോധന.
എക്സൈസ് റേഞ്ച് സംഘവും വയനാട് എക്സൈസ് ഇന്റലിജൻസ് ആൻഡ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യുറോയും സംയുക്തമായാണ് പരിശോധന നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പാര്‍സല്‍ വന്ന വിലാസത്തിലുള്ള ഉത്തര്‍പ്രദേശ് സ്വദേശിയും മാനിക്കുനിയിലെ താമസക്കാരനുമായ അശോക് നിവാസ് അശോകിനെ (45) കസ്റ്റഡിയിലെടുത്തു.
ഇയാളുടെ വീട് പരിശോധിച്ചതില്‍ 85 കിലോ നിരോധിത പുകയില ഉൽപന്നങ്ങള് പിടിച്ചെടുത്തു. 30 വര്‍ഷമായി ബത്തേരി ടൗണില്‍ സ്ഥിരതാമസമാക്കിയ ഇയാൾ നിരോധിത പുകയില ഉൽപന്നങ്ങളുടെ മൊത്തക്കച്ചവടക്കാരനാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. പരിശോധനയിൽ എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ പി. ബാബുരാജ്, വി.കെ. മണികണ്ഠന്, പ്രിവന്റീവ് ഓഫിസര്‍ ജി. അനില്‍കുമാര്‍, സിവില്‍ എക്സൈസ് ഓഫിസര്‍ നിക്കോളാസ് ജോസ്, പ്രിവന്റീവ് ഓഫിസര്‍ ഡ്രൈവര്‍ കെ.കെ. ബാലചന്ദ്രന്, സിവില്‍ എക്സൈസ് ഓഫിസര്‍ ഡ്രൈവര്‍ പ്രസാദ് എന്നിവര്‍ പങ്കെടുത്തു.