ജില്ലയെ വരുതിയിലാക്കി വന്യമൃഗങ്ങൾ; കാട്ടാനകളെ തുരത്താൻ കുങ്കി ആനകൾ ഇറങ്ങും
text_fieldsമുത്തങ്ങയിൽനിന്ന് മൂടക്കൊല്ലിയിൽ എത്തിച്ച പ്രമുഖ എന്ന ആന
സുൽത്താൻ ബത്തേരി: വാകേരിയിലെ മൂടക്കൊല്ലി ഭാഗത്ത് ഭീതി വിതക്കുന്ന കാട്ടാനകളെ തുരത്താൻ കുങ്കിയാനകൾ ഇറങ്ങും. മുത്തങ്ങയിൽനിന്ന് പ്രമുഖ എന്ന കുങ്കി ആനയെ മൂടക്കൊല്ലിയിലെത്തിച്ചിട്ടുണ്ട്. വെള്ളിയാഴ്ചയോടെ ഭരത് എന്ന ആന കൂടിയെത്തിയാൽ തിരച്ചിൽ നടത്താനുള്ള ഒരുക്കത്തിലാണ് വനം വകുപ്പ്. മൂടക്കൊല്ലി ഭാഗത്ത് റെയിൽ വേലി തകരാറിലായ ഭാഗം വഴിയാണ് കാട്ടാനകൾ നാട്ടിലെത്തിയത്.
ഒന്നിൽ കൂടുതൽ കാട്ടാനകളാണ് പ്രദേശത്ത് തമ്പടിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ ദിവസം രാത്രി നിരവധി വീടുകളുടെ മുറ്റത്ത് കാട്ടാനക്കൂട്ടം എത്തി. പകൽപോലും കാട്ടാനയെ പേടിച്ച് പുറത്തിറങ്ങാൻ പറ്റാത്ത സ്ഥിതിയാണ്. കഴിഞ്ഞദിവസം മുത്തിമല അഭിലാഷിനെയാണ് കാട്ടാന ആക്രമിച്ചത്. കൈക്കും കാൽമുട്ടിനും അരക്കെട്ടിനും പരിക്കേറ്റ അഭിലാഷ് സുൽത്താൻ ബത്തേരിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ഒരു ഓട്ടോറിക്ഷയും കാട്ടാന ആക്രമിച്ചിരുന്നു. അഭിലാഷിനും കാട്ടാനയുടെ ഉടമക്കും നഷ്ടപരിഹാരം കൊടുക്കുമെന്നാണ് വനം വകുപ്പ് പറയുന്നത്.
ചെതലയം കാടിനോടു ചേർന്ന പ്രദേശമാണ് മൂടക്കൊല്ലി. സുൽത്താൻ ബത്തേരി സത്രംകുന്നുവരെ നീളുന്ന റെയിൽ വേലി മൂടക്കൊല്ലി ഭാഗം വഴിയാണ് കടന്നുപോകുന്നത്. റെയിൽ വേലി പലഭാഗത്തും കാട്ടാന തകർത്തനിലയിലാണ്. റെയിൽ വേലി അറ്റകുറ്റപ്പണി ചെയ്താലും വലിയ പ്രയോജനമുണ്ടാകില്ലെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു.
വളർത്തു പൂച്ചയെ ചെന്നായ്ക്കൂട്ടം ആക്രമിച്ചു കൊന്നു
പുൽപള്ളി: വീട്ടുമുറ്റത്തുനിന്ന പേർഷ്യൻ പൂച്ചയെ ചെന്നായ്ക്കൂട്ടം ആക്രമിച്ചു കൊന്നു. സീതാമൗണ്ട് ഇളയച്ചാനിയിൽ ടോമിയുടെ പൂച്ചക്കുട്ടിയെയാണ് ചെന്നായ്ക്കൂട്ടം കൊന്നത്. 16,000 രൂപ വിലയുള്ള പൂച്ചക്കുട്ടിയായിരുന്നു. സീതാമൗണ്ട് പ്രദേശത്ത് സമീപകാലത്തായി ചെന്നായ്ക്കൾ വളർത്തുമൃഗങ്ങളെയടക്കം പിടികൂടി കൊന്ന സംഭവങ്ങൾ നിരവധിയാണ്.
കഴിഞ്ഞ മാസവും ഒരു ആടിനെ ചെന്നായ്ക്കൂട്ടം ആക്രമിച്ചു കൊന്നിരുന്നു. സമീപത്തെ തോട്ടങ്ങൾ കാടുമൂടി കിടക്കുകയാണ്. കർണാടക വനത്തിൽനിന്നിറങ്ങുന്ന ചെന്നായ്ക്കളാണ് നാട്ടിൽ ഭീതി പരത്തുന്നത്. കാടുമൂടിയ തോട്ടങ്ങൾ വൃത്തിയാക്കാൻ നടപടി ഉണ്ടാകണമെന്നാണ് ആവശ്യം.