കാപ്പാട്, കുണ്ടൂർ, വെള്ളരി; കാട്ടാനകളുടെ വിഹാര കേന്ദ്രങ്ങൾ
text_fieldsചൊവ്വാഴ്ച രാവിലെ കാപ്പാട് എത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരുമായി നാട്ടുകാർ സംസാരിക്കുന്നു
സുൽത്താൻ ബത്തേരി: നൂൽപ്പുഴ പഞ്ചായത്തിലെ 12ാം വാർഡ് ചെട്ട്യാലത്തൂരിലാണ് കാപ്പാട് പ്രദേശം ഉൾപ്പെടുന്നത്. തമിഴ്നാടിന്റെ അതിർത്തി ഭാഗമായ ഇവിടെ കാട്ടാനകളുടെ വിഹാരകേന്ദ്രമാണ്. സന്ധ്യ മയങ്ങുന്നതോടെ എത്തുന്ന കാട്ടാനകൾ നേരം പുലർന്നാലും തിരിച്ചു പോകാറില്ല. പകൽ സമയത്തും ഇവിടെ കാട്ടാനകളെ കാണാറുണ്ടെന്ന് നാട്ടുകാർ പറയുന്നു.
കാപ്പാട് നിന്ന് ഒരു കിലോമീറ്റർ അകലമാണ് കുണ്ടൂരിലേക്കുള്ളത്. ഇവിടെയും കാട്ടാനയൊഴിഞ്ഞ നേരമില്ല. ഈ രണ്ടു പ്രദേശങ്ങളും കേരളത്തിലും വെള്ളരി തമിഴ്നാട്ടിലുമാണ് ഉൾപ്പെടുന്നത്. കാട്ടാനകൾ ഈ മൂന്നു പ്രദേശങ്ങളിലൂടെയും നിർബാധം സഞ്ചരിക്കുകയാണ്. കാട്ടാനശല്യം ജനജീവിതത്തിന് ഭീഷണിയായതോടെ റീ ബിൽഡ് കേരളയിൽ ഉൾപ്പെടുത്തി ഇവിടെ പുനരധിവാസ പദ്ധതി സർക്കാർ ആവിഷ്കരിച്ചിരുന്നു. കാപ്പാട് നിന്നും ജനറൽ വിഭാഗത്തിൽപ്പെട്ട ഏഴ് കുടുംബങ്ങൾ അങ്ങനെ ഒഴിഞ്ഞുപോയി.
ആദിവാസി വിഭാഗത്തിൽപ്പെട്ട ആറ് കുടുംബങ്ങൾ മാത്രമാണ് നിലവിൽ കാപ്പാടുള്ളത്. റീബിൽഡ് കേരളയുടെ ഭാഗമായി ആദിവാസി കുടുംബങ്ങൾക്ക് ഒഴിഞ്ഞുപോകാൻ പറ്റാത്ത സാഹചര്യമാണുള്ളത്. കാപ്പാട് നിന്ന് ഒഴിഞ്ഞുപോയ ജനറൽ വിഭാഗത്തിൽപ്പെട്ട കുടുംബങ്ങൾ അവരുടെ ഭൂമി വനംവകുപ്പിന് കൈമാറി.
തുടർന്ന് ഓരോ കുടുംബത്തിനും 15 ലക്ഷം രൂപ വീതമാണ് സർക്കാർ കൊടുത്തത്. ആദിവാസി കുടുംബങ്ങൾക്ക് ഭൂമിയുടെ രേഖയില്ലാത്തതിനാൽ വനംവകുപ്പിന് ഭൂമി കൈമാറാനായില്ല. നിലവിലെ അവസ്ഥയിൽ ആദിവാസി കുടുംബങ്ങൾ ഇവിടെ നിന്നും സ്വയം ഒഴിഞ്ഞു പോയാൽ വഴിയാധാരമാകും. വനപ്രദേശത്തുനിന്നും രക്ഷപ്പെടണമെന്ന് ആഗ്രഹമുണ്ടെങ്കിലും എങ്ങോട്ടു പോകുമെന്ന ആശങ്കയിലാണ് കാപ്പാട് ഉന്നതിയിലുള്ളവർ.
കാപ്പാട് നിന്ന് ഒരു കിലോമീറ്റർ അകലെയുള്ള കുണ്ടൂരിലും ഒമ്പത് ആദിവാസി കുടുംബങ്ങൾ സർക്കാറിന്റെ കനിവ് കാത്ത് കഴിയുന്നുണ്ട്. വന പ്രദേശമായതിനാൽ കാട്ടാന ഉൾപ്പെടെയുള്ള വന്യമൃഗങ്ങളോട് പടവെട്ടിയാണ് അവിടെയും ആദിവാസികൾ കഴിയുന്നത്. കുണ്ടൂരിലെ ഉന്നതിയിലുള്ളവർക്കും ഒരു സെന്റ് ഭൂമി പോലും വനംവകുപ്പിന് കൈമാറാനുള്ള രേഖയില്ല. സർക്കാർ പ്രത്യേക താൽപര്യമെടുത്താൽ മാത്രമേ ഈ രണ്ട് സ്ഥലത്തെയും ആദിവാസി കുടുംബങ്ങൾക്ക് സുരക്ഷിത സങ്കേതങ്ങളിലേക്ക് മാറാനാകു. ചൊവ്വാഴ്ച രാവിലെ കാപ്പാട് എത്തിയ വൈൽഡ് ലൈഫ് വാർഡൻ വരുൺ ഡാലിയ, എ.സി.എഫ് ഷജ്ന കരീം തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരോട് ജനപ്രതിനിധികളും നാട്ടുകാരും ഇക്കാര്യം പറയുകയുണ്ടായി. പ്രശ്നം കാര്യമായിത്തന്നെ പരിഹരിക്കാനുള്ള ശ്രമം നടത്താമെന്നാണ് അവർ നാട്ടുകാർക്ക് കൊടുത്ത ഉറപ്പ്.
ചെട്ട്യാലത്തൂർ ഭാഗത്തുനിന്നും സ്വയം സന്നദ്ധ പുനരധിവാസത്തിന്റെ ഭാഗമായി 150 ഓളം കുടുംബങ്ങൾ ഒഴിഞ്ഞുപോവുകയുണ്ടായി. ഏഴ് ആദിവാസി കുടുംബങ്ങൾ ഉൾപ്പെടെ 67 കുടുംബങ്ങളാണ് നിലവിൽ ചെട്ട്യാലത്തൂരിലുള്ളത്. ഒഴിഞ്ഞു പോയാൽ സർക്കാർ ഫണ്ട് കൃത്യമായി ലഭിക്കുമോയെന്ന ആശങ്ക നിലവിൽ ചെട്ട്യാലത്തൂരിലുള്ള ചില കുടുംബങ്ങൾ പങ്കുവെക്കുകയുണ്ടായി.