വേനൽ കടുത്തു; പാൽ ഉൽപാദനം ഗണ്യമായി കുറയുന്നു
text_fieldsപുൽപള്ളി: കത്തിയെരിയുന്ന വേനലിൽ പാൽ ഉൽപാദനം ഗണ്യമായി കുറയുന്നു. ജനുവരി അവസാന വാരത്തിൽ തന്നെ പച്ചപ്പുല്ലിന് ക്ഷാമം നേരിട്ടതോടെ ജില്ലയിലെ കർഷകർ ആശങ്കയിലാണ്. അടുത്ത നാലു മാസത്തോളം പാൽ ഉൽപാദനത്തിൽ വൻ കുറവ് ഉണ്ടാകുമെന്നാണ് നിഗമനം.
വയനാട് ക്ഷീരമേഖലയെ ആശ്രയിച്ച് ആയിരക്കണക്കിന് കുടുംബങ്ങൾ കഴിയുന്നുണ്ട്. വേനൽക്കാലത്ത് ദിവസ വരുമാനത്തെക്കാൽ അധികം ചെലവാണ് കർഷകർക്ക് ഉണ്ടാകുന്നത്.
ദിവസങ്ങളായി കനത്ത ചൂടാണ് ജില്ലയിൽ അനുഭവപ്പെടുന്നത്. ഉൽപാദനം കുറഞ്ഞതോടെ ക്ഷീരസംഘങ്ങളിൽനിന്ന് മിൽമ സംഭരിക്കുന്ന പാലിന്റെ അളവും വരുംദിനങ്ങളിൽ കുറയും.
പാലിന്റെ അളവ് കുറയുന്നതിനനുസരിച്ച് സർക്കാർതലത്തിൽ വേണ്ട പരിഗണന ലഭിക്കുന്നില്ലെന്ന് കർഷകർ പറയുന്നു. ഇത് ക്ഷീരകർഷകരെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. സാധാരണ കർഷകരിൽ പലർക്കും സർക്കാർ തലത്തിലുള്ള ഇൻഷുറൻസ് പരിരക്ഷയും ഇല്ല. ഉയർന്ന കാലിത്തീറ്റ വിലയും കുറഞ്ഞ ഉൽപാദനവും കർഷകരെ പ്രതിസന്ധിയിലാക്കുകയാണ്. ക്ഷീര മേഖലയെ നഷ്ടം പലരെയും ഈ രംഗത്തുനിന്ന് അകറ്റിയിട്ടുണ്ട്.
വൈക്കോൽ ഉൾപ്പെടെയുള്ള തീറ്റ വസ്തുക്കളുടെ വില വർധിച്ചിതും കർഷകർക്ക് തിരിച്ചടിയായി. ചോളതണ്ട്, പിണ്ണാക്ക് തവിട് തുടങ്ങിയവയുടെയെല്ലാം വില മുൻവർഷത്തേക്കാൾ ഉയർന്നു. കർഷകർക്ക് നൽകുന്ന പാൽവില ഉയർത്തിയാൽ മാത്രമേ ഈ രംഗത്ത് പിടിച്ചുനിൽക്കാൻ കഴിയൂ എന്നാണ് കർഷകർ പറയുന്നത്.