വേനൽ മഴ കരുത്തായി; കബനിയിൽ നീരൊഴുക്ക് തുടങ്ങി
text_fieldsവയനാട്ടിൽ പെയ്ത വേനൽ മഴയുടെ കരുത്തിൽ കബനി നദിയിൽ നീരൊഴുക്ക് തുടങ്ങിയപ്പോൾ
പുൽപ്പള്ളി: വയനാട്ടിൽപെയ്ത വേനൽമഴയുടെ കരുത്തിൽ കബനി നദിയിൽ നീരൊഴുക്ക് തുടങ്ങി. രണ്ടാഴ്ച മുമ്പുവരെ പാറക്കെട്ടുകൾ നിറഞ്ഞ നിലയിലായിരുന്നു കബനിനദി. പുഴയിൽ നീരൊഴുക്ക് തുടങ്ങിയത് ജലപദ്ധതികൾക്കും ഉപകാരപ്രദമായി. പെരിക്കല്ലൂർ മുതൽ കൊളവള്ളി വരെയുള്ള കബനിയുടെ ഭാഗങ്ങൾ പാറക്കെട്ടുകളാൽ നിറഞ്ഞിരുന്നു. കുടിവെള്ള പദ്ധതികളെയടക്കം ഇത് പ്രതികൂലമായി ബാധിക്കുകയും ചെയ്തു. പുഴയിലൂടെ മറുകരയിലേക്കടക്കം നടന്നുകയറാൻ പറ്റാവുന്ന അവസ്ഥയും ഉണ്ടായി.
കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മികച്ച മഴ ലഭിച്ചിരുന്നു. ഈ വെള്ളത്തിൽ നല്ലൊരു പങ്കും ഒഴുകിയെത്തിയത് കബനിയിലേക്കാണ്. വരുംദിവസങ്ങളിൽ ശകതമായ മഴ ലഭിച്ചാൽ നാട്ടിലെ വരൾച്ചക്കും പരിഹാരമാവും. തോണിക്കടവുകളിൽ മാത്രമായിരുന്നു പുഴയിൽ വെള്ളം കെട്ടിനിൽക്കുന്നത്. മറ്റിടങ്ങളിൽ പാറക്കെട്ടുകൾ ഇപ്പോഴും തെളിഞ്ഞുനിൽക്കുന്നു. എങ്കിലും നീരൊഴുക്ക് വർധിച്ചത് കബനിക്ക് ജീവൻ തിരിച്ചുകിട്ടിയ അവസ്ഥയിലാണ്.
അതേസമയം, കബനിയോട് ചേർന്നുള്ള മുള്ളൻകൊല്ലി പഞ്ചായത്തിലെ അതിർത്തി പ്രദേശങ്ങിൽ വേനൽ മഴ ലഭിച്ചിട്ടുമില്ല. ഇത് കാർഷിക മേഖലയെ പ്രതികൂലമായി ബാധിച്ചിട്ടുമുണ്ട്.


