വർക്ക്ഷോപ്പിന് തീയിട്ട പ്രതി പിടിയിൽ
text_fields1. പ്രതി ആകാഷ് , 2. അർധരാത്രിയിൽ പ്രതി കത്തിച്ച ഇരുചക്രവാഹനങ്ങൾ
ഫറോക്ക്: ഇരുചക്രവാഹനങ്ങൾ റിപ്പയർ ചെയ്യുന്ന വർക്ക്ഷോപ്പിന് തീയിട്ട പ്രതി പിടിയിൽ. ഫറോക്ക് പുറ്റെക്കാട് വാളക്കട ഹൗസ് ആകാഷാണ് (28) ഫറോക്ക് പൊലീസിന്റെ പിടിയിലായത്. നല്ലൂർ അത്തം വളവ് മെയിൻ റോഡിനു സമീപമുള്ള ചിന്ത് മോട്ടോഴ്സാണ് അർധരാത്രി 12.30ന് തീയിട്ടത്. വാഹനങ്ങൾ തലങ്ങും വിലങ്ങും പോകുന്ന റോഡരികിലെ വർക്ക്ഷോപ്പിനു തീയിട്ട സംഭവത്തിൽ നാട്ടുകാർ പരിഭ്രാന്തരായിരുന്നു. ഇന്ധനം നിറച്ചതെന്നു കരുതുന്ന ഒരു ടിന്നുമായി ഒരാൾ വർക്ക്ഷോപ്പിനു സമീപത്തെത്തി തീയിടുന്ന സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. ഇതു തെളിവായി സ്വീകരിച്ചുള്ള അന്വേഷണമാണ് പ്രതിയിലേക്ക് എത്തിച്ചത്.തീപിടിത്തത്തിൽ മൂന്ന് ഇരുചക്രവാഹനങ്ങൾ പൂർണമായും അഞ്ചെണ്ണം ഭാഗികമായും കത്തി നശിച്ചു. ഏകദേശം നാലുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ഉടമ പൊലീസിനു മൊഴി നൽകി. ഫറോക്ക് ഇൻസ്പെക്ടർ ടി.എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസിന്റെ ഊർജിതമായുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് പ്രതിയെ പിടികൂടാനായത്.


