ഷോക്കേറ്റ് സഹോദരങ്ങളുടെ മരണം നാടിെന്റ വേദനയായി
text_fieldsസഹോദരങ്ങൾ ഷോക്കേറ്റ് മരിച്ച വാഴവറ്റയിലെ കോഴി ഫാമിൽ പൊലീസ് പരിശോധന നടത്തുന്നു
മുട്ടിൽ: വാഴവറ്റയിൽ കോഴി ഫാമിലെ വൈദ്യുതി വയറിൽനിന്ന് ഷോക്കേറ്റ് സഹോദരങ്ങൾ മരിച്ചത് നാടിന്റെ വേദനയായി. വാഴവറ്റ കരിങ്കണിക്കുന്ന് പൂവന്നിക്കുന്നേൽ അനൂപ് (38), സഹോദരൻ ഷിനു (35) എന്നിവരെയാണ് വെള്ളിയാഴ്ച രാവിലെ എട്ടരയോടെ കരിങ്കണിക്കുന്നിൽ പാട്ടത്തിനെടുത്ത് നടത്തിയിരുന്ന കോഴിഫാമിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഫാമിൽ ആറായിരത്തോളം കോഴിക്കുഞ്ഞുങ്ങളുണ്ട്. ഇവിടെ നായ്ക്കളടക്കമുള്ളവയുടെ ശല്യം പതിവാണ്. ഇത് പ്രതിരോധിക്കാനായി ഫാമിന് ചുറ്റും വൈദ്യുതി വേലി സ്ഥാപിച്ചിരുന്നു. ഫെൻസിങ്ങിൽ നിന്ന് ഷോക്കേറ്റാണ് ഇരുവരും മരണപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം.
കരിങ്കണ്ണിക്കുന്ന് സ്വദേശിയായ പുല്‍പ്പറമ്പില്‍ സൈമന്റെ ഉടമസ്ഥതയിലുള്ള കോഴിഫാം 10 ദിവസം മുമ്പാണ് ഇവർ പാട്ടത്തിനെടുത്തത്. അഞ്ച് ദിവസം മുമ്പാണ് ഇവിടെ കോഴിക്കുഞ്ഞുങ്ങളെ ഇറക്കിയത്. കുഞ്ഞുങ്ങള്‍ ചെറുതായതിനാല്‍ മണിക്കൂറുകൾ ഇടവിട്ട് വെള്ളം നൽകണം. ഇതിനാൽ ഇരുവരും രാത്രി ഫാമിൽതന്നെ താമസിക്കുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ 8.30ഓടെ ഇരുവരെയും അന്വേഷിച്ച് സൈമൻ വന്നപ്പോഴാണ് ഷോക്കേറ്റ് കമിഴ്ന്നുകിടക്കുന്ന നിലയിൽ ഇരുവരെയും കണ്ടെത്തിയത്. അനക്കമില്ലാത്തതിനെ തുടർന്ന് മോഹൻദാസ് നാട്ടുകാരെ വിവരമറിയിച്ചു. തുടർന്നാണ് രണ്ട് ആംബുലൻസുകളിലായി അനൂപിനെ കൽപറ്റ സ്വകാര്യ ആശുപത്രിയിലും ഷിനുവിനെ കൈനാട്ടി ഗവ. ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. എന്നാൽ, മരിച്ചിരുന്നു.
മന്ത്രി ഒ.ആർ. കേളു കൈനാട്ടി ഗവ. ജനറൽ ആശുപത്രിയിലെത്തി മൃതദേഹങ്ങളിൽ ആദരാഞ്ജലിയർപ്പിച്ചു. ഫാമിന് ചുറ്റും സ്ഥാപിച്ച വേലിയിലെ വൈദ്യുതി വയറിൽനിന്ന് അബദ്ധത്തിൽ ഷോക്കേൽക്കുകയാണെന്ന് സംശയമുണ്ട്. വൈദ്യുതി വേലിക്ക് സമീപം വ്യാഴാഴ്ചത്തെ കാറ്റില്‍ വീണ ഷീറ്റ് എടുത്തുമാറ്റിയപ്പോഴാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. ശനിയാഴ്ച വൈകീട്ട് തെനേരി ഫാത്തിമ മാതാ പള്ളിയില്‍ സംസ്കാരം നടത്തും. വെള്ളിയാഴ്ച വൈകീട്ടോടെ വീട്ടിലെത്തിച്ച മൃതദേഹങ്ങൾ കാണാനും ആദരാഞ്ജലിയർപ്പിക്കാനും നിരവധിപേരാണ് എത്തിയത്.