അന്ന് പാത ഇന്ന് ബദൽ പാത
text_fieldsപടിഞ്ഞാറത്തറ-പൂഴിത്തോട് ബദൽപാതയിൽ കോഴിക്കോട് ഭാഗത്ത് നടന്ന സർവേ
ചുരുളഴിയുമോ ചുരമില്ലാപാത?മുമ്പ് വയനാട്ടിൽ നിന്ന് കോഴിക്കോട്, പേരാമ്പ്ര ഭാഗത്തേക്ക് നടന്നുപോയവരും തിരിച്ച് സാധനങ്ങളും ഏറ്റിവന്നവരും പതിറ്റാണ്ടുകളോളം ഉപയോഗിച്ച വഴിയായിരുന്നു പടിഞ്ഞാറത്തറ-തരിയോട്-പൂഴിത്തോട് റോഡ്. പിന്നീടിത് ലോറി പോകുന്ന റോഡായി. ബാണാസുര ഡാം വന്നതോടെ ഈ റോഡിന്റെ തരിയോട് ഭാഗത്തുള്ള മുക്കാൽഭാഗവും ഡാമിനുള്ളിലായി. പിന്നീടാണ് മറുഭാഗത്തുകൂടി പൂഴിത്തോട് ഭാഗത്തേക്ക് പഴയ റോഡിന്റെ തുടർച്ചയായി പുതിയ റോഡ് വന്നത്.
ഇന്ന് ബദൽപാതയായി എല്ലാവരും പറയുന്ന പടിഞ്ഞാറത്തറ-പൂഴിത്തോട് റോഡ് ഇങ്ങനെയാണ് ഉണ്ടാകുന്നത്. 1972ൽ ബാണാസുര ഡാം നിര്‍മാണത്തിനുള്ള സര്‍വേ തുടങ്ങുന്നതുവരെ സഞ്ചരിക്കുന്നതിന് ഒരു തടസ്സവുമുണ്ടായില്ലെന്ന് പ്രായമായവർ ഓർക്കുന്നു.
ഡാമിന് വേണ്ടിയുള്ള കുടിയൊഴിപ്പിക്കല്‍ എണ്‍പതുകളില്‍ പൂര്‍ത്തിയായി. നിർമാണം തുടങ്ങിയതോടെ പൂഴിത്തോട്, കരിങ്കണ്ണി, താണ്ടിയോട് ഭാഗങ്ങളിലെ എസ്റ്റേറ്റ് തൊഴിലാളികളുടെയും താമസക്കാരുടെയും തരിയോടുമായുള്ള ബന്ധവും നിലച്ചു. റോഡ് ഇല്ലാതാവുകയും ചെയ്തു. തൊഴിലാളികൾ എത്താതായതോടെ എസ്റ്റേറ്റുകൾ നഷ്ടത്തിലായി പൂട്ടി. ഡാമിന്റെ നിർമാണം ഏറെക്കുറെ പൂർത്തിയായത്തോടെ സഞ്ചരിക്കാനുള്ള റോഡുമായപ്പോൾ തോട്ടമുടമകളും തൊഴിലാളികളും തിരിച്ചെത്തി. അപ്പോഴേക്കും ഭൂമി വനംവകുപ്പ് ഏറ്റെടുത്തിരുന്നു. തങ്ങളെ അറിയിക്കാതെ ഭൂമിയെങ്ങനെ വനംവകുപ്പിന്റേതായെന്ന് ഇന്നും നാട്ടുകാർക്ക് അറിയില്ല. ഭൂമി ഏറ്റെടുക്കുന്ന വിവരം ഗസറ്റിൽ അറിയിച്ചുവെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
ഇ.എഫ്.എൽ നിയമം ഉപയോഗിച്ച് വനംവകുപ്പ് ഭൂമി ഏറ്റെടുത്ത എസ്റ്റേറ്റുകളും തോട്ടങ്ങളും നിക്ഷിപ്തവന ഭൂമിയാക്കി കഴിഞ്ഞിരുന്നു. സമീപത്തെ തോട്ടങ്ങളിലേക്കടക്കം സഞ്ചരിച്ചിരുന്ന റോഡ് പൂർണമായി നഷ്ടപ്പെടുകയും ചെയ്തു. തുടർന്ന് സ്വകാര്യ വ്യക്തി കോടതിയിൽ പോവുകയും ഹൈകോടതി ഉത്തരവ് പ്രകാരം നിലവിൽ മൗണ്ടൻ ഷാഡോ റിസോർട്ട് വരെയുള്ള റോഡ് അനുവദിക്കുകയുമായിരുന്നു. നല്ലൊരു ഭാഗം വനഭൂമിയിലൂടെയുള്ള ഈ റോഡാണ് പൂഴിത്തോട്-പടിഞ്ഞാറത്തറ റോഡായി നിജപ്പെടുത്തിയിരിക്കുന്നത്.
ഇതോടെ തരിയോട് ടൗണുണ്ടായിരുന്ന കാലത്തെ തരിയോട്-പൂഴിത്തോട് റോഡ്, പൂഴിത്തോട്-പടിഞ്ഞാറത്തറ റോഡായി മാറി. അന്നത്തെ എസ്റ്റേറ്റ് ഭൂമിയിലേക്ക് ലോറികൾ പാഞ്ഞിരുന്നു പാതയാണ് ഇപ്പോൾ തടയപ്പെട്ട നിർദിഷ്ട ബദൽ റോഡ് എന്ന് ചരിത്രം.
ബാണാസുര ഡാം പറയും ബദൽപാതയുടെ ചരിത്രം;
ഒടുവിൽ ജനത്തിന് സഞ്ചാരനിഷേധം,ഫലം മലബാർ വന്യജീവി സങ്കേതം
പടിഞ്ഞാറത്തറ-പൂഴിത്തോട് പാതക്ക് നിലവിൽ മൂന്നര കിലോമീറ്റർ ദൂരത്തിൽ റോഡുണ്ട്. ഇനി മൗണ്ടൻ ഷാഡോ റിസോർട്ട് മുതൽ കോഴിക്കോട് ജില്ലയിലേക്ക് ഇറങ്ങുന്ന ഭാഗം കൂടി റോഡ് വെട്ടിയാൽ മതി. ഈ റോഡ് മുന്നിൽ വച്ചാണ് ചുരമില്ല ബദല്‍ റോഡെന്ന ആശയത്തിന് ജീവന് വെക്കുന്നത്. അന്ന് റോഡിനായി സമർപ്പിച്ച പ്രൊപ്പോസലിന് മറുപടിയായി ഈ ഭാഗങ്ങൾ റിസർവ് ഫോറസ്റ്റിന്റെ ഭാഗമാണെന്നും അപൂർവയിനം സസ്യജീവജാലങ്ങളുടെ വാസകേന്ദ്രമാണെന്നും വനംവകുപ്പ് റിപ്പോർട്ട് സമർപ്പിച്ചു. ഇതോടെ റോഡിന്റെ അനുമതി നിഷേധിക്കപ്പെട്ടു.
പിന്നീട് വർഷങ്ങൾക്ക് ശേഷം ആ ഭാഗങ്ങൾ കൂടി ഉൾപ്പെടുത്തി മലബാർ വന്യജീവി സങ്കേതം നിലവിൽ വന്നതോടെ സംഗതി മണിചിത്രപ്പൂട്ടിട്ട് പൂട്ടിയ അവസ്ഥയിലായി.
കൃഷികളുള്ള ഭൂമി നിത്യഹരിതവനം!
വനംവകുപ്പ് പിടിച്ചെടുത്ത ഭൂമിയിൽ കാപ്പിയും കുരുമുളകും കൊക്കോയും റബറും ഇപ്പോഴും നിലവിലുണ്ട്. ഈ കാപ്പിത്തോട്ടമാണ് വനംവകുപ്പ് നിത്യഹരിത വനമാണെന്ന് എഴുതിയതെന്ന് സമരസമിതി തുറന്നുകാട്ടുന്നു. വേനൽകാലത്ത് ഇല പൊഴിയുന്ന റബർതോട്ടം ഇലപൊഴിയും കാടായും രേഖപ്പെടുത്തി. വനംവകുപ്പിന്റെ റിപ്പോർട്ട് തെറ്റാണെന്ന് തെളിവുസഹിതം ജനപ്രതിനിധികളെയും ഭരണകൂടത്തെയും ബോധ്യപ്പെടുത്താൻ സമരസമിതിക്ക് കഴിഞ്ഞു. എന്നാൽ സമർപ്പിച്ച റിപ്പോർട്ട് തിരുത്താൻ വനംവകുപ്പ് ഉദ്യോഗസ്ഥർ തയാറായില്ല. ഫയലിലുറങ്ങുന്ന റിപ്പോർട്ട് തിരുത്തിക്കാൻ വനം മന്ത്രിക്കും കേരള-കേന്ദ്ര സർക്കാരുകൾക്കും കഴിയുന്നുമില്ല. നിത്യഹരിത വനമെന്ന് രേഖപ്പെടുത്തിയ പ്രദേശങ്ങളിൽ ബാണാസുര സാഗർ അണക്കെട്ട് നിർമാണ സമയത്ത് കെട്ടിയ വീടുകളുടെയും എസ്റ്റേറ്റ് കെട്ടിടങ്ങളുടെയും അവശിഷ്ടങ്ങൾ ഇപ്പോഴും കാണാം. ആ ഭൂമിയാണ് ഉദ്യോഗസ്ഥർ നിത്യഹരിത വനമാക്കിയത്.
കാണിച്ചുതരാമോ ആ 2500 മരങ്ങൾ?
2014ൽ വനംവകുപ്പ് തയാറാക്കിയ റിപ്പോർട്ട് പ്രകാരം പടിഞ്ഞാറത്തറ-പൂഴിത്തോട് റോഡ് വരികയാണെങ്കിൽ 2500 മരങ്ങൾ നഷ്ടപ്പെടുമെന്നാണ് പറഞ്ഞത്. ഇല്ലെന്ന് റോഡ് നടന്ന് കണ്ടവർ സാക്ഷ്യപ്പെടുത്തുന്നു. ജില്ല വികസന സമിതി തയാറാക്കിയ റിപ്പോർട്ട് പ്രകാരം കേവലം 11 വൻമരങ്ങൾ മാത്രമാണ് പാതകടന്നുപോകുന്ന റോഡിലുള്ളത്. ചെറുമരങ്ങളടക്കം 400 മരങ്ങളേയുള്ളൂ. അതും പാഴ്മരങ്ങളാണെന്ന് നാട്ടുകാർ പറയുന്നു. അങ്ങനെയെങ്കിൽ വനംവകുപ്പ് പറഞ്ഞ 2500 മരങ്ങൾ എവിടെയെന്ന ചോദ്യമാണ് ഉയരുന്നത്. ഒന്നുകിൽ വനംവകുപ്പിന്റെ റിപ്പോർട്ടിൽ തെറ്റുപറ്റി. അല്ലെങ്കിൽ ആ മരങ്ങൾ എവിടെപോയെന്ന് അന്വേഷിക്കേണ്ടതുണ്ട്. സർവേ നടപടികൾ പോലും കൃത്യമായി അനുവദിക്കാത്തതിന് പിന്നിലും ദുരൂഹതയുണ്ടെന്നാണ് ആക്ഷേപം.
സംഗതി എളുപ്പമാണ്, പക്ഷേ...
ബദൽപാത കടന്നുപോകുന്ന ഏഴ് കിലോമീറ്റർ വനത്തിൽ രണ്ട് കിലോമീറ്റർ മാത്രമാണ് റിസർവ് വനം. ബാക്കിയുള്ള ഭാഗം നിക്ഷിപ്ത വനഭൂമിയാണ്. വനത്തിലെ വിലങ്ങൻപാറ തുരന്ന് 100 മീറ്റർ പാത നിർമിച്ചാൽ റോഡുണ്ടാക്കാനാവും. വനഭൂമിയുടെ നഷ്ടവും കുറക്കാം. രണ്ട് കിലോമീറ്റർ നീളവും കുത്തനെയുള്ള കയറ്റവും കുറക്കാം. തുരങ്കപാത മോഡലിൽ നിർമിക്കാനും കഴിയും. അങ്ങനെ ഒരു പഠനം കൂടി ഭരണപക്ഷത്ത് നിന്നുണ്ടാവണമെന്നാണ് നാടിന്റെ ആവശ്യം.
സമര സമിതി ചൂണിക്കാണിച്ച കാര്യങ്ങൾ ബോധ്യപ്പെട്ട ജില്ല വികസന സമിതിയും നിലവിലെ മന്ത്രി ഒ.ആർ. കേളുവും കൽപറ്റ എം.എൽ.എ ടി. സിദ്ദീഖും ഇടപെട്ടതിന്റെ ഫലമായി 2024ൽ പാതയെ കുറിച്ച് പഠിക്കാനായി സർക്കാർ തീരുമാനിച്ചു. ഇതിനായി ഒന്നരക്കോടി വകയിരുത്തുകയും ഊരാളുങ്കലിന് ടെൻഡർ നൽകുകയും ചെയ്തു. എന്നാൽ വയനാട് ജില്ലയിലെ സർവേ നടപടികൾ മാത്രമാണ് പൂർത്തിയായത്. കോഴിക്കോട് ജില്ലയുടെ ഭാഗത്തെ ഫയലുകൾ നീങ്ങിയില്ലെന്നത് ദുരൂഹമാണ്. ശക്തമായ പ്രതിഷേധങ്ങൾക്കൊടുവിൽ കോഴിക്കോട് ജില്ലയുടെ ഭാഗത്തെ സർവേ നടപടികൾ നടന്നു. പത്തോ പതിനഞ്ചോ ദിവസങ്ങൾ കൊണ്ട് പൂർത്തിയാക്കാമായിരുന്ന സർവേ നടത്താൻ ഫണ്ട് പാസ്സാക്കി ഒരു വർഷമാണ് കാത്തിരുന്നത്. കഴിഞ്ഞ ദിവസമാണ് കോഴിക്കോട് ഭാഗത്തെ സർവേ പൂർത്തീകരിച്ചത്. 2023ൽ തുടങ്ങിയ രണ്ടാംഘട്ട ജനകീയ സമരം ഒരുവർഷം കഴിഞ്ഞാണ് ഇടത് സർക്കാറിന്റെ ശ്രദ്ധയിൽപെടുന്നത്. സമരം തുടങ്ങിയ വർഷം സമരസമിതി നേതാക്കൾ കൃത്യമായ പഠനം സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ട് ശരിവെക്കുന്ന പഠനങ്ങളാണ് പിന്നീട് നടന്നതെങ്കിലും അദൃശ്യമായ ഒരു തടസ്സം മുന്നിലുണ്ടായിരുന്നു. പുതിയ റിപ്പോർട്ടിൽ യഥാർഥ വസ്തുതകളുണ്ടാകുമെന്ന് ഉറപ്പിക്കാനുള്ള ബാധ്യത സർക്കാരിനുണ്ട്. കാരണം ഇത് കേവലം ഒരു റോഡു മാത്രമല്ല. എട്ട് ലക്ഷം മനുഷ്യരുടെ ജീവിതം കൂടിയാണ്.