വയനാട്ടില്‍ വീണ്ടും വന്‍ ലഹരിവേട്ട
text_fieldsഹബീബ് റഹ്മാന്, ദിപിന്
തിരുനെല്ലി: വയനാട്ടില്‍ വീണ്ടും വന്‍ ലഹരി വേട്ട. കൊമേഴ്ഷ്യല്‍ അളവില്‍ മാരക മയക്കുമരുന്നായ എം.ഡി.എം.എ പിടികൂടി. കര്‍ണാടക ഭാഗത്ത് നിന്നും കാറില്‍ കടത്തുകയായിരുന്ന എം.ഡി.എം.എയാണ് കാട്ടിക്കുളത്ത് വെച്ച് ജില്ല പൊലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്ക്വാഡും തിരുനെല്ലി പൊലീസും നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തത്.
ലഹരി കടത്തിയ താമരശ്ശേരി കിഴക്കോത്ത് പുത്തൻ പീടികയില്‍ ഹബീബ് റഹ്മാന് (45), ഏറനാട് മത്തങ്ങാപൊയില്‍ പി. ദിപിന് (36) എന്നിവരെ എസ്.ഐ മിനി മോളിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാവിലെയാണ് സംഭവം. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കാട്ടിക്കുളം ഭാഗത്തേക്ക് വന്ന കാറില്‍ നിന്ന് 148.05 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തത്. എം.ഡി.എം.എ കടത്തിയ കെ.എല്‍ 57 ടി 2000 കാറും കസ്റ്റഡിയിലെടുത്തു. എസ്.ഐ ഗ്രേഡ് സജിമോന്‍ പി. സെബാസ്റ്റിയന്, എ.എസ്.ഐ മെര്വിന് ഡിക്രൂസ്, എസ്.സി.പി.ഒമാരായ അനൂപ്, ജെയ്സൻ, ജിൽ ജിത്ത്, സുഷാദ്, ഡ്രൈവര്‍ സി.പി.ഒ രതീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.