അവരെ ചേർത്തുനിർത്താൻ ഒട്ടേറെ വഴികളുമായി ഒരു വിദ്യാലയം
text_fieldsതിരുനെല്ലി: വ്യത്യസ്ത ഗോത്രവിഭാഗങ്ങളിലുള്ള മുഴുവന്‍ കുട്ടികളുടെയും സ്കൂള്‍ പ്രവേശനം ഉറപ്പാക്കാനും അവരെ വിദ്യാലയത്തിലെ പ്രവര്‍ത്തനങ്ങളിൽ സജീവ പങ്കാളികളാക്കുന്നതുവഴി മുഖ്യധാരയിലെത്തിക്കാനും ലക്ഷ്യമിട്ടുള്ള ബൃഹദ് പദ്ധതിയുമായി തോല്‍പ്പെട്ടി ഗവ. ഹൈസ്കൂള്‍. അമ്പത് ശതമാനത്തോളം ഗോത്രവിഭാഗം വിദ്യാർഥികള്‍ പഠിക്കുന്ന സ്കൂള്‍ ഗോത്രസൗഹൃദവിദ്യാലയമായി വളര്‍ത്തുന്നതിനുള്ള 'ചുവടുകള്‍' കർമപദ്ധതി ശില്പശാല മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ. ജയഭാരതി ഉദ്ഘാടനം ചെയ്തു. ഗോത്ര സൗഹൃദവിദ്യാലയം കാഴ്ചപ്പാട് അവതരണം ഡയറ്റ് പ്രിന്‍സിപ്പൽ ഡോ. ടി.കെ. അബ്ബാസലി നിർവഹിച്ചു. മൂന്നു വര്‍ഷം നീളുന്ന കർമപരിപാടിയില്‍ 21 വ്യത്യസ്ത പരിപാടികളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
വരവേല്‍പ്പ്, അവശ്യം ആരോഗ്യം, സ്കൂള്‍വണ്ടി, പോഷണം, ഒരുമ, കടല്‍ വിളിക്കുന്നു, മഷിത്തണ്ട് സര്ഗപോഷണ പരിപാടി, വായനഗ്രാമം കമ്യൂണിറ്റി ലൈബ്രറി, കളിക്കളം, ഒപ്പം കൗണ്‍സലിങ് ഗൈഡന്‍സ് യൂനിറ്റ്, വൈഭവം തൊഴില്‍ പരിശീലന പരിപാടി, പ്രതിഭകളേ ഇതിലേ ഇതിലേ, വിജയോത്സവം തുടങ്ങി 21 പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രോഗ്രാം ഡയറക്ടര്‍മാരെയും കണ്‍വീനര്‍മാരെയും ശില്പശാലയില് തിരഞ്ഞെടുത്തു.
എം.പി, എം.എല്‍.എ, ജില്ല-ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ഡയറ്റ് പ്രിന്‍സിപ്പൽ, ഡി.ഡി.ഇ, ഡി.ഇ.ഒ, ഡി.പി.സി എന്നിവര്‍ രക്ഷാധികാരികളായ പ്രോജക്ട് ഗവേണിങ് ബോഡിയും രൂപവത്കരിച്ചു.
സംസ്ഥാനത്തുതന്നെ ആദ്യമായി ഒരു വിദ്യാലയം നടത്തുന്ന ഗോത്രസൗഹൃദ വിദ്യാലയം പ്രോജക്ട് അവതരണം അജ്മല്‍ കക്കോവ് നിർവഹിച്ചു. ജില്ല പഞ്ചായത്ത് അംഗം എ.എന്‍. സുശീല മുഖ്യാതിഥിയായി. തിരുനെല്ലി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ഹരീന്ദ്രന്‍, ജനപ്രതിനിധികളായ ഷർമിനാസ്, രജിത, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് മായാദേവി എന്നിവര്‍ സംസാരിച്ചു.
അധ്യാപക-രക്ഷകര്‍തൃസമിതി അധ്യക്ഷന്‍ സന്തോഷ്കുമാര്‍ ചെയര്‍മാനും പി.എ. ജയറാം ജനറല്‍ കണ്‍വീനറുമായി പ്രോജക്ട് ഗവേണിങ് ബോഡി യോഗത്തില്‍ രൂപവത്കരിച്ചു. പട്ടികവർഗ വികസന വകുപ്പ്, വനം വകുപ്പ്, ജനമൈത്രി എക്സൈസ്, സ്കൂള്‍ സപ്പോര്‍ട്ടിങ് ഗ്രൂപ്, സർവശിക്ഷ കേരളം, എസ്.ടി പ്രമോട്ടര്‍മാര്‍, പഞ്ചായത്ത് എജുക്കേഷന്‍ കമ്മിറ്റി തുടങ്ങിയവയുടെ പ്രതിനിധികള്‍ പങ്കെടുത്ത ശില്പശാലക്ക് ഡയറ്റ് പരിശീലകരായ എം.ഒ. സജി, സതീഷ്കുമാര്‍ എന്നിവര്‍ നേതൃത്വം നല്കി. പ്രധാനാധ്യാപകന് പി.കെ. ഗിരീഷ് മോഹന്‍ സ്വാഗതവും പി.എ. ജയറാം നന്ദിയും പറഞ്ഞു.