കുപ്പാടിയിൽ കടുവകൾ പരിധിക്കപ്പുറം; കൂടുതൽ കേന്ദ്രങ്ങൾ വേണ്ടിവരും
text_fieldsസുൽത്താൻ ബത്തേരി: ജില്ലയുടെ വിവിധ ഭാഗങ്ങളിലെ ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങുന്ന കടുവകളുടെ എണ്ണം കൂടുമ്പോൾ ബത്തേരി കുപ്പാടിയിലെ വന്യമൃഗ പാലിയേറ്റിവ് പരിചരണ കേന്ദ്രത്തിന് പ്രാധാന്യം കൂടുന്നു.
നാല് കടുവകളെ മാത്രം പാർപ്പിക്കാൻ സൗകര്യമുള്ള ഇവിടെ നിലവിൽ എട്ട് കടുവകൾ ഉണ്ട്. രണ്ട് ഹെക്ടർ വിസ്താരത്തിൽ എട്ട് കടുവകൾ തിങ്ങിപ്പാർക്കേണ്ട സാഹചര്യമാണ് ഇവിടെയുള്ളത്. ഈ രീതിയിൽ കാര്യങ്ങൾ നീങ്ങുകയാണെങ്കിൽ ജില്ലയിൽ കടുവകളെയും പുലികളെയും പാർപ്പിക്കുന്ന കൂടുതൽ കേന്ദ്രങ്ങൾ സ്ഥാപിക്കേണ്ടി വരും. പ്രായാധിക്യം, രോഗം, പരിക്കുകൾ എന്നിവയുള്ള കടുവ, പുലി എന്നിവയെ പാർപ്പിച്ച് ചികിത്സിക്കാനാണ് കുപ്പാടി പച്ചാടിയിൽ മൃഗ പാലിയേറ്റിവ് പരിചരണ കേന്ദ്രം സ്ഥാപിച്ചത്. വനത്തിനുള്ളിൽ ഒന്നരക്കോടിയോളം രൂപയാണ് തുടക്കത്തിൽ ചെലവഴിക്കപ്പെട്ടത്.
വനംവകുപ്പിന്റെ വെറ്ററിനറി ഡോക്ടർമാരും മറ്റ് ജീവനക്കാരും ഉൾപ്പെടെ നിരവധി പേർ ഇവിടെ ജോലി ചെയ്യുന്നുണ്ട്. നിലവിലുള്ള എട്ട് കടുവകളെ സംരക്ഷിക്കാൻ വൻ തുകയാണ് വനംവകുപ്പ് പ്രതി മാസം ചെലവഴിക്കുന്നത്. രണ്ടു വർഷം കൊണ്ട് കടുവകളുടെ എണ്ണം പരിചരണ കേന്ദ്രത്തിന്റെ പരിധിയുടെ ഇരട്ടിയാകുമെന്ന് വനംവകുപ്പ് കരുതിയില്ല.
ഇപ്പോൾ ഇവിടെയുള്ള കടുവകളൊക്കെ ജനവാസ കേന്ദ്രങ്ങളിൽ വലിയ കോലാഹലം ഉണ്ടാക്കിയതാണ്. മിക്കതിനെയും കൂടുവെച്ചാണ് പിടികൂടിയത്.
സംസ്ഥാനത്തെ മൃഗശാലകളിലൊന്നും കടുവകളെ ആവശ്യമില്ലാത്ത സ്ഥിതിയുണ്ട്. 2023 ഡിസംബർ ഒമ്പതിന് പൂതാടി പഞ്ചായത്തിലെ വാകേരി മൂടക്കൊല്ലിയിൽ പ്രജീഷ് എന്ന യുവാവിനെ കൊന്നുതിന്ന നരഭോജി കടുവയെ തൃശൂർ പുത്തൂർ മൃഗശാലയിലേക്ക് കൊണ്ടുപോകുകയുണ്ടായി. അന്ന് കടുവ കൂട്ടിലായിട്ടും വെടിവെച്ചു കൊല്ലണമെന്ന് നാട്ടുകാർ ശാഠ്യം പിടിച്ചിരുന്നു.
ഈയൊരു പ്രത്യേക സാഹചര്യത്തിലാണ് ഒരു ദിവസത്തിനുശേഷം കടുവയെ ചുരം ഇറക്കിയത്. എന്നാൽ, കഴിഞ്ഞ ദിവസം പുൽപള്ളി അമരക്കുനിയിൽനിന്നും പിടികൂടിയ കടുവയെ കുപ്പടിയിലേക്ക് എത്തിക്കുകയാണ് വനംവകുപ്പ് ചെയ്തത്. ഈ കടുവ ഇപ്പോഴും ചികിത്സയിലാണ്. ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ മാനദണ്ഡങ്ങൾ പാലിച്ചേ കടുവയെ പിടികൂടാൻ കഴിയു. അതിനാൽ കൂടുവെച്ച് കാത്തിരുന്ന് കടുവയെ പിടികൂടുന്ന നയമാണ് വർഷങ്ങളായി വനംവകുപ്പ് പിന്തുടരുന്നത്.
വെടിവെക്കാൻ ഉത്തരവുണ്ടായാൽ പോലും കൂട്ടിൽ കയറ്റാനുള്ള സാധ്യത അവസാന നിമിഷവും ഉപയോഗിക്കും. 2023 ഡിസംബറിൽ വാകേരിയിൽ ഉണ്ടായതും ഇതേ സമീപനമാണ്.