തറ നിർമാണം പൂർത്തിയായിട്ട് മൂന്നുവർഷം; കരാറുകാരൻ മുങ്ങി
text_fieldsപന്തംകൊല്ലി ഉന്നതിയിലെ വാസുവിന്റെ വീടിന്റെ തറ
നൂൽപ്പുഴ: തറ നിർമാണം പൂർത്തിയായിട്ട് മൂന്നുവർഷം കഴിഞ്ഞെങ്കിലും വീട് പൂർത്തിയാക്കാതെ കരാറുകാരൻ മുങ്ങിയതിനാൽ വീടില്ലാതെ ഗോത്രകുടുംബം. പന്തംകൊല്ലി പണിയ ഉന്നതിയിലെ വാസുവും കുടുംബവുമാണ് അന്തിയുറങ്ങാൻ ഇടമില്ലാതെ ബന്ധുവീട്ടിൽ കഴിയുന്നത്. 2021ലാണ് വാസുവിന്റെ ഭാര്യ ശാലിനിക്ക് വീടനുവദിച്ചത്. തുടർന്ന് ചീരാൽ സ്വദേശിയായ കാരാറുകാരൻ നിർമാണ പ്രവൃത്തി ഏറ്റെടുത്തു.
വാസുവും ഭാര്യയും മൂന്ന് മക്കളും താമസിച്ചിരുന്നത് പന്തംകൊല്ലി പണിയ ഉന്നതിയിലെ കുടിലിലായിരുന്നു. ഇത് പൊളിച്ചുമാറ്റി പുതിയ വീടിനായി കരാറുകാരൻ തറകെട്ടി. എന്നാൽ പിന്നീട് കരാറുകാരൻ തിരിഞ്ഞുനോക്കിയിട്ടില്ലെന്ന് ഉന്നതിക്കാർ ആരോപിക്കുന്നു. ഭിത്തിനിർമാണം വരെയുള്ള രണ്ടു ഗഡു തുകയും കരാറുകാരൻ കൈപ്പറ്റിയെന്നാണ് കുടുംബം ആരോപിക്കുന്നത്. മൂന്ന് വർഷങ്ങൾ പിന്നിട്ടിട്ടും വീട് നിർമാണം എങ്ങുമെത്താതായതോടെ വാസുവും കുടുംബവും മുണ്ടക്കൊല്ലിയിലെ ഭാര്യവീട്ടിലേക്ക് താമസം മാറുകയായിരുന്നു. ഇത്തരത്തിൽ നിരവധി വീടുകളാണ് ഉന്നതികളിൽ പാതിവഴിയിൽ കരാറുകാരുടെ അനാസ്ഥകാരണം നിലച്ചിരിക്കുന്നത്. ട്രൈബൽവകുപ്പും ജില്ല ഭരണകൂടവും അടിയന്തരമായി വിഷയത്തിൽ ഇടപെടണമെന്നാണ് ഇവരുടെ ആവശ്യം.