ടോറസ് ലോറിയുടെ അശ്രദ്ധ: ലക്കിടിയിൽ പൊലിഞ്ഞത് രണ്ടുജീവൻ
text_fieldsലക്കിടി-പാമ്പാടി പാതയിൽ കിള്ളികുർശി മംഗലത്ത് അമ്മയുടെയും മകളുടെയും ജീവനപഹരിച്ച വാഹനാപകടം
പത്തിരിപ്പാല: ടോറസ് ലോറിയുടെ അമിത വേഗതയും അശ്രദ്ധയും മൂലം റോഡിൽ പൊലിഞ്ഞത് രണ്ടു ജീവനുകൾ. ലക്കിടി നമ്പ്യാർ തൊടി അനൂപിന്റെ ഭാര്യ ശരണ്യ, മകൾ അഞ്ച് വയസ്സുകാരി ആദ്യശ്രീ എന്നിവരാണ് തൽക്ഷണം മരിച്ചത്. ലക്കിടി പാമ്പാടി റോഡിൽ കിള്ളികുർശി മംഗലത്തിന് സമീപം തിങ്കളാഴ്ച രാവിലെ എട്ടോടെയാണ് നാടിനെ കണ്ണീരിലാഴ്ത്തിയ സംഭവം നടന്നത്.
സ്വന്തം വീട്ടിൽ സഹോദരന്മാരുടെ കെട്ടുനിറക്ക് പോയ ശേഷം തിരിച്ച് ലക്കിടിയിലെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. വീടിന് സമീപം വെച്ചുതന്നെയാണ് അപകടം നടന്നത്. ഒരേ ദിശയിൽ വന്ന ടോറസ് ലോറിയാണ് ഇവർ 3 പേരും സഞ്ചരിച്ച സ്കൂട്ടറിൽ ഇടിച്ചത്.
തെറിച്ചു വീണ അമ്മയുടേയും മകളുടേയും ദേഹത്ത് കൂടി ചക്രം കയറിയിറങ്ങി. സ്കൂട്ടർ ഓടിച്ചയാൾ സാരമായ പരിക്കുകളോടെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ലക്കിടി പാമ്പാടി പാതയിൽ ടോറസ് വണ്ടികളുടെ മത്സര ഓട്ടം പതിവാണന്നു നാട്ടുകാർ പരാതിപ്പെട്ടു. ഇക്കാര്യം ചൂണ്ടികാട്ടി ലക്കിടി കിള്ളികുറുശിമംഗലം റസിഡൻസ് അസോസിയേഷൻ പൊലീസ് അധികാരികൾക്ക് പലതവണ പരാതി നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല.


