അശാസ്ത്രീയമായ ബസ് കാത്തിരിപ്പുകേന്ദ്രം നവീകരണം: തരുവണയിൽ യാത്രക്കാര്‍ക്ക് കടത്തിണ്ണതന്നെ ആശ്രയം
text_fields1. തരുവണയിലെ നവീകരിച്ച ബസ് കാത്തിരിപ്പുകേന്ദ്രം 2. കുറ്റ്യാടി ഭാഗത്തേക്കുള്ള യാത്രക്കാര്‍ കടത്തിണ്ണയില്‍ ബസ് കാത്തുനില്ക്കുന്നു
വെള്ളമുണ്ട: ബസ് കാത്തിരിപ്പു കേന്ദ്രം നവീകരിച്ചിട്ടും യാത്രക്കാർ പെരുവഴിയിൽ തന്നെ. ഒമ്പത് ലക്ഷത്തോളം രൂപ ചെലവഴിച്ച് വെള്ളമുണ്ട പഞ്ചായത്തിലെ തരുവണ ടൗണിന് നടുവിൽ നിർമിച്ച ബസ് കാത്തിരിപ്പു കേന്ദ്രമാണ് യാത്രക്കാർക്ക് ഉപകാരമില്ലാതെ കിടക്കുന്നത്. അശാസ്ത്രീയമായ നിർമാണ പ്രവൃത്തി കാരണം ലക്ഷങ്ങളാണ് നഷ്ടമായത്. നിരവിൽ പുഴ ഭാഗത്തേക്കുള്ള ബസ് കാത്തിരിപ്പു കേന്ദ്രമാണ് അശാസ്ത്രീയമായി കൽപറ്റ റോഡിൽ നിർമിച്ചത്. നിരവിൽ പുഴഭാഗത്തേക്ക് ബസ് കാത്തു നില്‍ക്കുന്നവര്‍ക്ക് ഇപ്പോഴും ആശ്രയം കടത്തിണ്ണകള്തന്നെ.
കുറ്റ്യാടി ഭാഗത്തേക്ക് ബസ് കാത്തുനില്ക്കുന്ന യാത്രക്കാരാണ് മഴയത്തും വെയിലത്തും റോഡരികിലെ പീടികത്തിണ്ണയെ ആശ്രയിക്കേണ്ടി വരുന്നത്. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ള നൂറുകണക്കിന് യാത്രക്കാരാണ് ദുരിതമനുഭവിക്കുന്നത്. പടിഞ്ഞാറത്തറ റോഡില്‍ പൊതുമരാമത്ത് വകുപ്പ് 20 വര്‍ഷം മുമ്പ് നിര്‍മിച്ച വെയ്റ്റിങ് ഷെഡ് വെള്ളമുണ്ട പഞ്ചായത്ത് 2022-23 വര്‍ഷത്തെ പ്ലാന്‍ഫണ്ടില്‍നിന്ന് ഒമ്പത് ലക്ഷം രൂപ ചെലവഴിച്ച് നവീകരിക്കുകയായിരുന്നു. ടൗണിലെ ഉപയോഗശൂന്യമായ കിണറിന് മുകളില്‍ ഉള്‍പ്പെടെ അശാസ്ത്രീയമായാണ് പ്രവൃത്തി നടത്തി പൂര്‍ത്തീകരിച്ചത്. മൂന്ന് ലക്ഷത്തോളം രൂപയാണ് നവീകരണത്തിന്റെ ഭാഗമായി മോടി പിടിപ്പിക്കാൻ ചെലവഴിച്ചത്. ബസ് ഇവിടെ നിര്ത്താത്തതിനാലാവാം നിര്‍മാണം പൂര്‍ത്തിയായപ്പോള്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ പേരുതന്നെ വാഹനകാത്തിരിപ്പ് കേന്ദ്രമെന്നാക്കി മാറ്റി ബോര്‍ഡ് സ്ഥാപിക്കുകയും ചെയ്തു.
നിര്‍മാണ പ്രവൃത്തിയുടെ തുടക്കത്തില്‍ തന്നെ പ്രതിഷേധം ഉയര്‍ന്നിരുന്നു. എന്നാൽ, ഇതെല്ലാം വഗണിച്ചാണ് പ്രവൃത്തി പൂര്‍ത്തിയാക്കിയത്. ഇതിനോട് ചേര്‍ന്ന കടയുടമ കോടതിയെ സമീപിച്ച് നിര്‍മാണത്തിന് സ്റ്റേ സമ്പാദിച്ചിരുന്നു. ആയിരക്കണക്കിന് വിദ്യാർഥികള്‍ ആശ്രയിക്കുന്ന കേന്ദ്രമാണിതെന്ന് കോടതിയില്‍ ഗ്രാമപഞ്ചായത്ത് വ്യക്തമാക്കിയാണ് തടസ്സം നീക്കിയത്. എന്നാല്‍, ഈ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍നിന്ന് മാറിയാണ് കുറ്റ്യാടി ഭാഗത്തേക്കുള്ള ബസുകള്‍ നിര്ത്തുന്നതെന്നതിനാല് യാത്രക്കാര്‍ക്ക് വേണ്ടത്ര പ്രയോജനം ലഭിക്കുന്നില്ല. സമീപത്തെ കിണറിന് മുകളിൽ സ്ഥാപിച്ച മേൽക്കൂര കഴിഞ്ഞ ദിവസം ബസ് തട്ടി തകരുകയും ചെയ്തിരുന്നു.