വിജിലൻസ് അന്വേഷണം നേരിടുന്ന വെള്ളമുണ്ട വില്ലേജ് ഓഫിസർക്ക് സ്ഥലംമാറ്റം
text_fieldsകൽപറ്റ: വിജിലൻസ് അന്വേഷണം നേരിടുന്ന വെള്ളമുണ്ട വില്ലേജ് ഓഫിസറെ മാനന്തവാടി താലൂക്ക് ഓഫിസിലെ റവന്യൂ ഇൻസ്പെക്ടർ സീറ്റിലേക്ക് സ്ഥലം മാറ്റി ജില്ല കലക്ടർ ഉത്തരവിറക്കി. അതേസമയം, സ്ഥലംമാറ്റ ഉത്തരവിൽ അച്ചടക്ക നടപടിയുടെ ഭാഗമായാണ് സ്ഥലംമാറ്റമെന്ന് പരാമർശിക്കാതെ ഭരണ സൗകര്യത്തിന് വേണ്ടിയാണ് സ്ഥലം മാറ്റമെന്നാണ് സൂചിപ്പിച്ചിട്ടുള്ളത്. 2018 പനമരം ക്യാമ്പിൽനിന്നും ദുരിതാശ്വാസ സാധനങ്ങൾ മോഷണം നടത്തിയതിന് കേസിൽ പെടുകയും കോടതിയിൽ വിചാരണ നടപടികൾ നടന്നുകൊണ്ടിരിക്കുകയും ചെയ്യുന്ന ജീവനക്കാരനാണ് ഇദ്ദേഹം.
പട്ടയത്തിന്റെ ഫയൽ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് ഉയർന്ന പരാതിയിൽ ഉൾപ്പെടെ തെളിവുകൾ കിട്ടിയിട്ടും റവന്യൂ വകുപ്പിലെ ഉന്നതർ ഇടപെട്ട് സംരക്ഷിക്കുകയായിരുന്നുവെന്ന് പറയുന്നു. ഇതു സംബന്ധിച്ച് മാധ്യമം നേരത്തേ റിപോർട്ട് ചെയ്തിരുന്നു. നിരവധി അഴിമതി ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന് ഗത്യന്തരമില്ലാതെ സ്ഥലംമാറ്റി പ്രശ്നം ഒതുക്കി തീർക്കാൻ ശ്രമിക്കുകയാണെന്നാണ് ഒരു വിഭാഗം ജീവനക്കാർ പറയുന്നത്. ഭരണകക്ഷി സംഘടന ഇടപെട്ട് ഇയാളെ സംരക്ഷിക്കുകയായിരുന്നെന്ന ആരോപണം നേരത്തേ ഉയർന്നിരുന്നു.
അഴിമതി ആരോപണങ്ങളിൽ ഉൾപ്പെട്ടവരുടെ വിവരങ്ങളടങ്ങിയ ഇന്റലിജൻസ് എ.ഡി.ജി.പിയുടെ കത്തിന്റെ അടിസ്ഥാനത്തിൽ 2024ൽ കലക്ടറേറ്റിലെ എസ് വൺ സെക്ഷനിൽനിന്നും ബന്ധപ്പെവർക്ക് വിവരം കൈമാറിയെങ്കിലും ഒരു വർഷം കഴിഞ്ഞാണ് ഇപ്പോൾ പേരിന് നടപടി ഉണ്ടായത്. ആരോപണ വിധേയർക്കെതിരേ നടപടി വൈകിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഒരു വിഭാഗം ജീവനക്കാർ ലാൻഡ് റവന്യു കമീഷണർക്കും വിജിലൻസ് ഡയറക്ടർക്കും പരാതി നൽകിയിട്ടുണ്ട്. അതേസമയം, സുൽത്താൻബത്തേരി വില്ലേജിലെ ജീവനക്കാരനായ ജോയന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗത്തിന് വേണ്ടി നിയമവിരുദ്ധമായി വർക്കിങ് അറേഞ്ച് ഉത്തരവാക്കിയ ബത്തേരി തഹസിൽദാരുടെ നടപടിയിൽ ലാൻഡ് റവന്യു കമീഷണർ കഴിഞ്ഞ ദിവസം ജില്ല കലക്ടറുടെ വിശദീകരണം തേടി.
വില്ലേജ് ഫീൽഡ് അസിസ്റ്റന്റുമാരുടെ സ്ഥലംമാറ്റം ഓൺലൈൻ ആയി നടത്തണമെന്ന് കോടതി ഉത്തരവുണ്ട്. നിലവിൽ വിജിലൻസ് അന്വേഷണം നേരിടുന്ന ജില്ലയിലെ ഒരു ഡസനോളം ഉദ്യോഗസ്ഥർ ജനസമ്പർക്കമുള്ള ഓഫിസുകളിൽ ഇപ്പോഴും തുടരുന്നതായാണ് വിവരം.
രണ്ടുമാസം മുമ്പ് ആരോപണ വിധേയരായവരിൽ ഏതാനും ജീവനക്കാരെ ജനസമ്പർക്കമുള്ള ഓഫിസുകളിൽനിന്നും മാറ്റാനുള്ള ഫയൽ ബന്ധപ്പെട്ട സെക്ഷനിൽ തയാറാക്കിയിരുന്നെങ്കിലും ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് ചട്ടങ്ങൾ ചൂണ്ടിക്കാട്ടി മാറ്റിയിരുന്നില്ല.
സി.പി.ഐ നിയന്ത്രണത്തിലുള്ള ഭരണകക്ഷി സർവിസ് സംഘടനയായ ജോയിൻ കൗൺസിലിൽ അഴിമതി ആരോപണം നേരിടുന്ന സംസ്ഥാന കൗൺസിൽ അംഗം ഉൾപ്പടെ മൂന്ന് നേതാക്കളെ പ്രാഥമിക അംഗത്വം മാത്രം നിലനിർത്തി സംഘടനാ ചുമതലകളിൽനിന്നും കഴിഞ്ഞ മാസം നീക്കിയിരുന്നു. എന്നാൽ, മറ്റു ആരോപണ വിധേയരായവർക്കെതിരെ ഒരു നടപടിയും സംഘടനാ തലത്തിൽ പോലും ഉണ്ടായില്ല.


