അമിത ലോഡുമായി ലോറികളും റോഡിൽ താഴ്ന്നു കിടക്കുന്ന വൈദ്യുതികമ്പിയും; അപകട ഭീതിയിൽ എട്ടേനാൽ ടൗൺ
text_fieldsഎട്ടേനാൽ ടൗണിൽ മരം കയറ്റി വന്ന ലോറി കേബിളിൽ കുരുങ്ങിയ നിലയിൽ
വെള്ളമുണ്ട: അമിത ലോഡുമായെത്തുന്ന ലോറികളും താഴ്ന്ന വൈദ്യുതികമ്പിയും കാരണം എട്ടേനാൽ ടൗൺ ഭീതിയിൽ. റോഡിലേക്ക് താഴ്ന്നു കിടക്കുന്ന വൈദ്യുതി കമ്പിയിൽ ലോറികൾ കുരുങ്ങി ഇവിടെ അപകടങ്ങൾ പതിവാണ്. ശനിയാഴ്ച വൈകീട്ട് മരം കയറ്റി വന്ന ലോറി കെ-ഫോൺ കേബിളിൽ കുരുങ്ങി വൈദ്യുതി ലൈനിൽ പിണഞ്ഞ് പൊട്ടിവീണിരുന്നു. ലോറിക്ക് തൊട്ടുപുറകിൽ വന്ന ബൈക്ക് യാത്രക്കാർ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.
ടൗണിന്റെ വിവിധ ഭാഗങ്ങളിൽ താഴ്ന്നു കിടക്കുന്ന വൈദ്യുതി ലൈനുകൾ ഉയർത്തിക്കെട്ടണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും നടപടികളില്ല. വെള്ളമുണ്ട കെ.എസ്.ഇ.ബി ഓഫിസിന്റെ മൂക്കിനു താഴെയാണ് ടൗണുള്ളത്. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ പലതവണ ലൈനും കേബിളുകളും കുരുങ്ങിയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അമിതഭാരം കയറ്റി വരുന്ന ലോറികളും അപകട ഭീഷണി ഉയർത്തുകയാണ്. വലിയ ഉയരത്തിൽ മരം കയറ്റി വരുന്നതും അപകട കാരണമാണ്.