വെള്ളമുണ്ട പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സ് കട മുറികൾ കൊണ്ടുള്ള നേട്ടം സ്വകാര്യ വ്യക്തികൾക്ക്
text_fieldsവെള്ളമുണ്ട പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സ്
വെള്ളമുണ്ട: പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സിലെ കടമുറികളിൽനിന്ന് പഞ്ചായത്തിന് ഒരു വരുമാനവുമില്ല. എന്നാൽ, മുറികൾ മേൽവാടകക്ക് മറിച്ചുനൽകിയും മറ്റും സ്വകാര്യവ്യക്തികൾ വൻ സാമ്പത്തിക നേട്ടമാണ് ഉണ്ടാക്കുന്നത്.ഉദ്യോഗസ്ഥരുടെ ഒത്തുകളി മൂലമാണ് പഞ്ചായത്തിന് ഒരു രൂപപോലും വരുമാനം കിട്ടാത്തതെന്ന ആക്ഷേപം ഉയരുന്നുണ്ട്. കെട്ടിടത്തിന്റെ താഴെനിലയിൽ പഞ്ചായത്തിന്റെ അധീനതയിൽ ഏഴ് കടമുറികളാണുള്ളത്. എന്നാൽ, രണ്ട് മുറികളുടെ വാടക മാത്രമാണ് വർഷങ്ങളായി പഞ്ചായത്തിന് ലഭിക്കുന്നത്. ബാക്കിയുള്ളവരാരും വാടക നൽകുന്നില്ലെന്ന് പഞ്ചായത്തധികൃതർ തന്നെ പറയുന്നു. ഒന്നാം നിലയിൽ കുടുംബശ്രീ ഓഫിസും മറ്റും പ്രവർത്തിക്കുകയാണ്.
ഇടതുപക്ഷ ഭരണസമിതി അധികാരത്തിലേറിയതു മുതലാണ് കട മുറികളുടെ വാടക പ്രതിസന്ധിയിലായത്. വാടക കാലാനുസൃതമായി കൂട്ടിനൽകണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് വാടകക്കാർക്ക് നോട്ടീസ് നൽകിയിരുന്നെങ്കിലും രണ്ട് കടയുടമകൾ മാത്രമാണ് പാലിക്കാൻ തയാറായത്. ബാക്കിയുള്ളവരെല്ലാം 1700 രൂപയിൽ കൂടുതൽ നൽകാനാവില്ലെന്ന് പറഞ്ഞ് സ്റ്റേ വാങ്ങുകയായിരുന്നു.
നടപടി കോടതി കയറിയതോടെ നാലു വർഷമായി പഞ്ചായത്തിന് വാടക ലഭിക്കുന്നില്ലെന്ന് അധികൃതർ പറയുന്നു. രണ്ട് കടയുടമകൾ 7500 രൂപ വാടക നൽകുന്നുണ്ട്. ബാക്കിയുള്ളവർ 1700 രൂപ മാത്രമേ നൽകാനാവൂ എന്നതിൽ ഉറച്ചുനിൽക്കുകയാണ്. എന്നാൽ മുറി കൈവശപ്പെടുത്തിയവർ കാലങ്ങളായി അമിത വാടക ഈടാക്കി ഇവ മറിച്ചു നൽകിയതായും നാട്ടുകാർ പറയുന്നു. എട്ടേനാൽ ടൗണിനു നടുവിലെ പെട്ടിക്കടകൾക്ക് പോലും പതിനായിരത്തിലധികം വാടക നിലനിൽക്കുന്ന സാഹചര്യത്തിലാണ് നാമമാത്ര വാടകയായ 1700 രൂപ പോലും പിരിച്ചെടുക്കാനാവാതെ പഞ്ചായത്ത് വിയർക്കുന്നത്.
വർഷങ്ങൾക്ക് മുമ്പ് മരണപ്പെട്ട വ്യക്തിയുടെ പേരിൽ പഞ്ചായത്തിന്റെ കടമുറി സ്വകാര്യവ്യക്തി വ്യാജ ഒപ്പിട്ട് കൈവശപ്പെടുത്തിയതായും ആക്ഷേപമുണ്ട്. ഈ വിഷയത്തിൽ മറ്റൊരു കേസും കോടതിയിലുണ്ട്.
കൃത്യമായ ഇടപെടൽ നടത്തി കേസ് തീർപ്പാക്കാൻ കഴിയുമെങ്കിലും അഞ്ച് വർഷമായി പഞ്ചായത്ത് ഉദ്യോഗസ്ഥർ അതിനു ശ്രമിക്കാത്തതിനു പിന്നിൽ ദുരൂഹതയുണ്ട്. സ്വകാര്യ വ്യക്തികൾക്ക് വേണ്ടി ഒത്താശ ചെയ്യുന്ന നിലപാടാണ് ഉണ്ടാകുന്നതെന്ന് ഭരണപക്ഷത്തുനിന്നടക്കം ആരോപണമുയർന്നിട്ടുണ്ട്
കേസ് നിലനിൽക്കുന്ന ഒരു കടമുറിയിൽ ഗ്ലാസിട്ട് നിർമാണ പ്രവൃത്തി നടത്തിയതും വിവാദമായിരുന്നു. ഇതിനെതിരെ പഞ്ചായത്ത് ഇടപെടുകയും പൊളിച്ചുനീക്കാൻ തീരുമാനിക്കുകയും ചെയ്തിരുന്നു. പിന്നീട് തുടർനടപടിയുണ്ടായിട്ടില്ല. അതേസമയം, കേസ് കോടതിയിലാണെന്നും വക്കീൽ ഇടപെട്ടിട്ടും നടപടി വൈകുന്നത് അന്വേഷിക്കുമെന്നും ഭരണസമിതി പ്രതികരിച്ചു.